| Tuesday, 19th July 2022, 5:50 pm

റെയില്‍ ട്രാക്കിന് മുകളില്‍ പറക്കുന്ന വിമാനത്തിന്റെ ചിത്രവുമായി ഇന്‍ഡിഗോ; 'ലോകത്തിന് മുകളില്‍ ഉയരത്തിലങ്ങനെ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഇന്‍ഡിഗോ വിമാനങ്ങളില്‍ കയറില്ലെന്ന തീരുമാനമെടുത്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഉയരുകയാണ്. ശപഥത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ട്രെയിനിലാണ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ഇ.പി. ജയരാജന്‍ യാത്ര ചെയ്തത്.

കണ്ണൂരിലേക്ക് ഇന്‍ഡിഗോ അല്ലാതെ മറ്റ് യാത്രാ വിമാനങ്ങളില്ലാത്തതും എല്‍.ഡി.എഫ്. കണ്‍വീനിന് തിരിച്ചടിയായിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് ട്രെയിനില്‍ കയറവെ, കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ‘ആപ്പീസ് പൂട്ടുമെന്ന്’ ഇ.പി. ജയരാജന്‍ പറഞ്ഞിരുന്നു.

ഇതിനിടയില്‍ റെയില്‍ വേ ട്രാക്കിന് മുകളില്‍ പറക്കുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ ചിത്രമാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഇന്‍ഡിഗോ പങ്കുവെച്ചിരിക്കുന്നത്. ലോകത്തിന് മുകളിലങ്ങനെ പറക്കുക എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം പങ്കുവെച്ചത്. ലെറ്റ്സ് ഇന്‍ഡിഗോ, ബി അറ്റ് ദി വ്യൂ, പ്ലെയ്ന്‍ സ്പോട്ടിങ് ഇന്നിങ്ങനെ ഹാഷ് ടാഗുകളും ചിത്രത്തിനൊപ്പമുണ്ട്.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ട് ആഴ്ചത്തേക്ക് ഇന്‍ഡിഗോ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇവരെ പ്രതിരോധിച്ച ഇ.പി. ജയരാജനെ മൂന്ന് ആഴ്ചത്തേക്കാണ് വിലക്കിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇനി യാത്രകള്‍ക്ക് ഇന്‍ഡിഗോ വിമാനങ്ങള്‍ ഉപയോഗിക്കില്ലെന്ന് ഇ.പി. ജയരാജന്‍ അറിയിച്ചിരുന്നത്.

‘ഞാന്‍ കോറിഡോറില്‍ നിന്നത് കൊണ്ടാണ് അവര്‍ക്ക് എന്നെ തള്ളിമാറ്റി മുഖ്യമന്ത്രിയുടെ അടുത്ത് എത്താന്‍ കഴിയാതിരുന്നത്. ഇത് വസ്തുതാപരമായി പരിശോധിക്കുന്നതിന് പകരം ഇന്‍ഡിഗോ കമ്പനി തെറ്റായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഇപ്പോള്‍ എനിക്ക് മൂന്നാഴ്ചത്തെ യാത്രാവിലക്കാണ്. എന്നാല്‍ ഞാനിനി ഇന്‍ഡിഗോ കമ്പനിയുടെ വിമാനത്തില്‍ യാത്ര ചെയ്യില്ല. ഇത് ഇത്ര നിലവാരമില്ലാത്ത കമ്പനിയാണെന്ന് ഞാന്‍ മനസിലാക്കിയില്ല.

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇവരുടെ ഫ്ളൈറ്റില്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്തത് ഞാനും ഭാര്യയുമായിരിക്കും. എന്നാല്‍ ഇനി ഇന്‍ഡിഗോ കമ്പനിയില്‍ യാത്ര ചെയ്യില്ല. ഇതൊരു വൃത്തികെട്ട കമ്പനിയാണെന്ന് ഞാന്‍ മനസിലാക്കുന്നു. നിലവാരമില്ലാത്ത കമ്പനിയായി ഞാന്‍ മനസിലാക്കുന്നു.

കുറ്റവാളികള്‍ക്ക് നേരെ നടപടിയെടുക്കാനല്ല അവര്‍ താല്‍പര്യം കാണിച്ചത്. ഞാനീ കമ്പനിയുടെ വിമാനത്തില്‍ ഇനി കയറില്ല. വേറെ പല മാന്യമായ വിമാന കമ്പനികളുമുണ്ട്,’ എന്നായിരുന്നു ജയരാജന്റെ പ്രതികരണം.

CONTENT HIGHLIGHTS: Indigo Airlines with a picture of an airplane flying over a rail track

We use cookies to give you the best possible experience. Learn more