വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കുറ്റപത്രം.
വൈറ്റ് ഹൗസ് വിട്ടശേഷവും ദേശീയ സുരക്ഷാ രേഖകള്‍ കൈവശം വെച്ചതുള്‍പ്പെടെ ഏഴ് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്.
ഗൂഢാലോചന കുറ്റവും ചുമത്തിയ ട്രംപിനോട് അടുത്ത ചൊവ്വാഴ്ച ഹാജരാകണമെന്ന് മിയാമി കോടതി അറിയിച്ചു. സംഭവത്തില്‍ വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരു അമേരിക്കന്‍ പ്രസിഡന്റിനെതിരെ ആദ്യമായിട്ടാണ് ദേശീയ സുരക്ഷ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
എന്നാല്‍ ബൈഡന്‍ ഭരണകൂടത്തിന്റെ പ്രതികാര നടപടിയാണ് തനിക്കെതിരെ നടക്കുന്നതെന്ന് ട്രംപ് പ്രതികരിച്ചു. ഈ സര്‍ക്കാര്‍ തനിക്കെതിരെ രണ്ടാം തവണയാണ് ക്രിമിനല്‍ കുറ്റം ചുമത്തുന്നതെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ സൈറ്റായ ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.
ഒരു മുന്‍ അമേരിക്കന്‍ പ്രസിഡന്റിന് ഇത്തരമൊരു കാര്യം അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ചലച്ചിത്ര നടി സ്റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം മറച്ച് വെക്കാന്‍ പണം നല്‍കിയെന്ന കേസില്‍ കഴിഞ്ഞ ഏപ്രില്‍ മാസം ട്രംപ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 2016ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ബന്ധം മറച്ച് വെക്കാന്‍ പണം നല്‍കിയെന്നാണ് കേസ്.
Content Highlight: Indictment against former US President Donald Trump