ലോകനമ്പര്‍ വണ്‍ താരമാവുകയെന്നതല്ല വലിയ കാര്യം: ഫെഡറര്‍
DSport
ലോകനമ്പര്‍ വണ്‍ താരമാവുകയെന്നതല്ല വലിയ കാര്യം: ഫെഡറര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th July 2012, 1:41 pm

ലണ്ടന്‍ : വിമ്പിള്‍ഡനില്‍ ഏഴാം സിംഗിള്‍സ് കിരീടം നേടി ലോക ഒന്നാം നമ്പര്‍ പദവിയിലെത്തിയെങ്കിലും അതിന്റെ അഹങ്കാരമൊന്നും ഫെഡര്‍ക്കില്ല. ലോക ഒന്നാം നമ്പര്‍ താരമെന്ന പദവിയല്ല വലിയ കാര്യമെന്നും അത് തുടര്‍ന്ന് കൊണ്ടുപോകുന്നതിലാണ് കാര്യമെന്നും ഫെഡറര്‍ പറഞ്ഞു.

ലോക ഒന്നാംനമ്പര്‍ പദവിയെന്നത് ഞാന്‍ സ്വപ്‌നം കണ്ട് നടന്നിട്ടില്ല. എന്നാല്‍  ആ പദവി ഒരുപാട് ആത്മവിശ്വാസം നല്‍കും

വിമ്പിള്‍ഡന്‍ ഏഴാം സിംഗിള്‍സില്‍ ബ്രിട്ടന്റെ  ആന്‍ഡി മുറെയെ തോല്‍പ്പിച്ചാണ് ഫെഡറര്‍ 17ാം ഗ്രാന്‍സ്‌ലാം കിരീടവും ലോക ഒന്നാം നമ്പര്‍ സ്ഥാനവും കയ്യടക്കിയത്. മത്സരാനുഭവങ്ങളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ലണ്ടനില്‍ മറുപടി പറയുകയായിരുന്നു ഫെഡറര്‍.

“”മത്സരം ജയിക്കണമെന്ന് മനസ്സില്‍ ഉറപ്പിച്ചിട്ടൊന്നുമില്ലായിരുന്നു. അതുകൊണ്ട് തന്നെ ടെന്‍ഷന്‍ ഇല്ലാതെ കളിക്കാന്‍ പറ്റി. കളിയില്‍ വിജയിക്കുമെന്ന് ആദ്യമേ കരുതിയ പല മത്സരങ്ങളിലും എനിയ്ക്ക് പരാജയം നേരിടേണ്ടി വന്നിട്ടുണ്ട്.

യു.എസ് ഓപ്പണില്‍ നൊവാക്ക് ദ്യോക്കോവിച്ചുമായുള്ള മത്സരത്തില്‍ ആദ്യത്തെ രണ്ട് സെറ്റ് വിജയിച്ചപ്പോള്‍ തന്നെ ഞാന്‍ കിരീടം സ്വപ്‌നം കണ്ടു. എന്നാല്‍ അവസാനസെറ്റില്‍ ഞാന്‍ തോറ്റു. അന്നുമുതല്‍ വിജയം സ്വപ്‌നം കാണുന്ന പണി ഞാന്‍ നിര്‍ത്തി.

ലോക ഒന്നാംനമ്പര്‍ പദവിയെന്നത് ഞാന്‍ സ്വപ്‌നം കണ്ട് നടന്നിട്ടില്ല. എന്നാല്‍  ആ പദവി ഒരുപാട് ആത്മവിശ്വാസം നല്‍കും. ഈയൊരു പദവിയിലേക്ക് എത്തിച്ചേരാന്‍ എനിയ്ക്ക് പ്രചോദനം തന്ന ഒരുപാട് പേരുണ്ട്. അവരോടെല്ലാം എനിയ്ക്ക് കടപ്പാടുണ്ട്””.- ഫെഡറര്‍ പറഞ്ഞു