| Saturday, 2nd March 2019, 1:15 pm

തേങ്ങയുടച്ച മോദി

ഫാറൂഖ്

പച്ചകള്‍ എന്നാണ് വിദേശ മലയാളികള്‍ പാകിസ്താനികളെ അവര്‍ കേള്‍ക്കാതെ വിളിക്കാറുള്ളത്. അഥവാ കേട്ടാലും അവരതില്‍ പ്രത്യേകിച്ച് വിരോധമൊന്നും പറയാറില്ല, അവരുടെ രാജ്യത്തിന്റെ കൊടിയും കളിക്കാരുടെ വേഷവും ഒക്കെ പച്ചയാണ് എന്ന് മാത്രമല്ല പച്ചയോടു അവര്‍ക്ക് ഒരു ആദരവുമുണ്ട്. ഇസ്‌ലാമില്‍ പച്ചക്ക് മതപരമായ പ്രാധാന്യം ഒന്നുമില്ലെങ്കിലും മരുഭൂമിയില്‍ പിറന്ന മതമായത് കൊണ്ടാകാം മുസ്‌ലിംകള്‍ക്ക് പൊതുവെ പ്രിയപ്പെട്ട നിറമാണ് പച്ച. വിദേശ ഇന്ത്യക്കാര്‍ക്ക് നിരന്തരമായി ഇടപെടേണ്ടി വരുന്ന ഒരു വിഭാഗമാണ് ഈ പറഞ്ഞ പച്ചകള്‍ എന്ന പാകിസ്ഥാനികള്‍, പ്രത്യേകിച്ച് ഒരു പാട് പാകിസ്താനികളുള്ള റിയാദ്, ദുബായ്, ലണ്ടന്‍, ന്യൂയോര്‍ക്ക് തുടങ്ങിയ നഗരങ്ങളില്‍. രാഷ്ട്രീയം, ക്രിക്കറ്റ് തുടങ്ങിയവയിലാണ് സ്ഥിരമായി തര്‍ക്കം, സിനിമയിലും പാട്ടിലുമാണ് പൊതുവായുള്ള താല്പര്യം.

കഷ്ടമായിരുന്നു ഇപ്പറഞ്ഞ പാക്കിസ്ഥാനികളുടെ കാര്യം 1998 മെയ് 28 വരെ. ഇന്ത്യക്കാരുടെ മുന്നില്‍ ഉയര്‍ത്തി കാട്ടാന്‍ ഒന്നുമില്ലാതെ അപകര്‍ഷതാ ബോധത്തോടെ ജീവിക്കുന്നവരായിരുന്നു അവര്‍. ഇന്ദിരാഗാന്ധി നയിച്ച 1971 ലെ യുദ്ധത്തില്‍ അവരുടെ രാജ്യം തന്നെ രണ്ടായി പിളര്‍ന്നു, ഒരു ലക്ഷത്തോളം തടവിലായ പട്ടാളക്കാര്‍ ഇന്ത്യയുടെ കാരുണ്യത്താല്‍ മോചിപ്പിക്കപ്പെട്ടു, അവരുടെ പട്ടാള മേധാവി തന്നെ കീഴടങ്ങല്‍ കരാറില്‍ ഒപ്പിടേണ്ടി വന്നു.

ഇന്ത്യക്കാരേക്കാളും മെച്ചപ്പെട്ട ജീവിതനിലവാരം എഴുപതുകള്‍ വരെ പുലര്‍ത്തിയിരുന്ന അവര്‍ സിയാ-ഉല്‍-ഹഖിന്റെ നേതൃത്വത്തില്‍ മത മൗലികവാദികള്‍ക്ക് പ്രാധാന്യം വന്നതോടെ സാമ്പത്തികമായും സാമൂഹികമായും തകരുകയും ചെയ്തു. കല, സംസ്‌കാരം എന്നതെല്ലാം കുറെ ഗസല്‍, ഖവാലി പാട്ടുകാരില്‍ ഒതുങ്ങി. ആകപ്പാടെ പാക്കിസ്ഥാനികളുടെ ആശ്വാസം വല്ലപ്പോഴും ഇന്ത്യക്കാരെ ക്രിക്കറ്റ് കളിയില്‍ തോല്‍പ്പിക്കുന്നതായിരുന്നു, അതും ലോകകപ്പ് പോലെ എല്ലാവരും കാണുന്ന മത്സരങ്ങളില്‍ ഇന്ത്യയോടവര്‍ സ്ഥിരമായി തോല്‍ക്കുകയായിരുന്നു പതിവ്.

തങ്ങളുടെ കയ്യില്‍ ആറ്റം ബോംബുണ്ടെന്ന് പാകിസ്ഥാനികള്‍ ഇടക്കിടക്ക് വീമ്പിളക്കുമായിരുന്നു, ആരും അത് വിശ്വസിച്ചിരുന്നില്ല. പാക്കിസ്ഥാന്‍ എങ്ങിനെയൊക്കെയോ ആണു ബോംബ് തട്ടിക്കൂട്ടാന്‍ ശ്രമിക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ആരും അത് വിശ്വസിച്ചിരുന്നില്ല, പാകിസ്ഥാനികള്‍ പോലും. 1971 ല്‍ ഇന്ത്യയോടേറ്റ അപമാനത്തിനു ശേഷം സുല്‍ഫിഖര്‍ അലി ഭൂട്ടോ, ഭൗതിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ അബ്ദുല്‍ സലാം എന്ന ശാസ്ത്രഞ്ജന്റെ നേതൃത്വത്തില്‍ തുടങ്ങിയ ശ്രമം അണു ബോംബുണ്ടാക്കാനുള്ള ശ്രമം, പക്ഷെ അബ്ദുല്‍ കാദര്‍ ഖാന്‍ എന്ന എ ക്യു ഖാന്‍ എന്ന തരികിട ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലാണ് വിജയിക്കുന്നത്. തരികിട ശാസ്ത്രജ്ഞന്‍ എന്ന് പറയാനുള്ള കാരണം മറ്റു രാജ്യങ്ങളില്‍ നിന്ന് സാങ്കേതിക വിദ്യകള്‍ ചോര്‍ത്തി കൊണ്ട് വരാനുള്ള അദ്ദേഹത്തിന്റെ അപാരമായ കഴിവിനെ അംഗീകരിച്ചത് കൊണ്ടാണ്. കൂടാതെ അണുവിദ്യ മറിച്ചു വിറ്റ് കാശുണ്ടാക്കാനുള്ള ശ്രമത്തിനിടയില്‍ പിടിക്കപ്പെട്ടു ഒരു പാട് കാലം വീട്ടു തടങ്കലിലായിരുന്നു അദ്ദേഹം.

അണുബോംബുണ്ടാക്കി കഴിഞ്ഞിട്ടും അത് ലോകത്തോട് പറയാന്‍ കഴിയാതെ വീര്‍പ്പുമുട്ടി കഴിയുകയായിരുന്നു പാക്കിസ്ഥാന്‍. ഇന്ത്യയാണെങ്കില്‍ 1974 ല്‍ തന്നെ അണുവിസ്ഫോടനം നടത്തി ലോകത്തിനു മുന്‍പില്‍ അണുശക്തി എന്ന പേര് സമ്പാദിച്ചിരുന്നു. തൊണ്ണൂറുകളില്‍ പല പ്രാവശ്യം അണു പരീക്ഷണം നടത്തി ലോകത്തെ ബോധ്യപ്പെടുത്താന്‍ പാക്കിസ്ഥാന്‍ ആലോചിച്ചെങ്കിലും ഇന്ന് നോര്‍ത്ത് കൊറിയയും ഇറാനും അനുഭവിക്കുന്ന തരത്തിലുള്ള ഭീകരമായ ഉപരോധങ്ങളായിരുന്നു അവരെ പേടിപെടുത്തിയിരുന്നത്.

ആയിടക്കാണ് ഉണ്ട് കൊണ്ടിരിക്കുന്ന നായര്‍ക്ക് ഉള്‍വിളി എന്നപോലെ അന്നത്തെ പ്രധാനമന്ത്രി വാജ്പേയി ഒരു ആണ് സ്‌ഫോടനം നടത്തിയത്. 1974 ല്‍ തന്നെ അണുസ്‌ഫോടനം നടത്തിയ ഇന്ത്യ പിന്നെ രണ്ടാമതും എന്തിനാണ് അത് തന്നെ ചെയ്തത് എന്ന് ഇന്ന് വരെ ആര്‍ക്കും മനസ്സിലായിട്ടില്ല. ആണു വിസ്‌ഫോടനം നടത്തുക മാത്രമല്ല അത് പത്രസമ്മേളനം വിളിച്ചു ലോകം മുഴുവന്‍ അറിയിക്കുകയും ചെയ്തു വാജ്പേയി. ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കു വേണ്ടി ചെറു സ്ഫോടനങ്ങള്‍ എല്ലാ രാജ്യങ്ങളും നടത്താറുണ്ടെങ്കിലും ആരും ലോകത്തോട് വിളിച്ചു പറയാറില്ല. മധ്യപൗരസ്ത്യ ദേശങ്ങളില്‍ വച്ച് ഏറ്റവും കൂടുതല്‍ അണുവായുധങ്ങളുള്ള ഇസ്രായേല്‍ ഇത് വരെ അത് ലോകത്തോട് പ്രഖ്യാപിച്ചിട്ടില്ല.

എന്തായാലും വാജ്പേയിയുടെ ഈ ഉള്‍വിളി പാക്കിസ്ഥാന്‍ ഒരു അവസരമായി എടുത്തു. നവാസ് ഷെരിഫ് പിറ്റേന്ന് തന്നെ അമേരിക്കക്ക് പോയി ക്ലിന്റനെ കണ്ടു തനിക്കും ഒരു അണുബോംബ് പൊട്ടിക്കാന്‍ അവസരം തന്നില്ലെങ്കില്‍ നാട്ടുകാര്‍ തന്നെ എടുത്തിട്ടു പൊട്ടിക്കും എന്ന് ബോധ്യപ്പെടുത്തി, അമേരിക്ക സമ്മതിച്ചു, തൊട്ടടുത്ത ദിവസങ്ങളില്‍ പാക്കിസ്ഥാന്‍ അണു വിസ്‌ഫോടനം നടത്തി, അത് ലോകത്തോട് പ്രഖ്യാപിക്കുകയും ചെയ്തു. അതിനു ശേഷം പച്ചകള്‍ നിലം തൊട്ടിട്ടില്ല. പിന്നീട് നയതന്ത്രജ്ഞര്‍ക്കിടയിലായാലും, യു.എന്നിലയായാലും തങ്ങള്‍ അണുശക്തിയാണെന്നു പറയാതെ ഒരു ദിവസവും കടന്നു പോയിട്ടില്ല പാക്കിസ്ഥാനികള്‍ക്ക്. ഒരു കാര്യത്തില്‍ ഇന്ത്യക്ക് തുല്യരായി അന്ന് മുതല്‍ പാക്കിസ്ഥാന്‍ – ന്യൂക്ലിയര്‍ പവര്‍. ലോകം മുഴുവന്‍ അത് അംഗീകരിക്കുകയും ചെയ്തു, നയതന്ത്ര വേദികളില്‍ ഇന്ത്യക്കുണ്ടായിരുന്ന ഏറ്റവും വലിയ മുന്‍കൈ അന്നത്തെതോടെ തീര്‍ന്നു കിട്ടി.

അതിനു ശേഷവും ഇന്ത്യക്കു തുല്യമാണ് പാക്കിസ്ഥാന്‍ എന്ന് ആരും പറയുമായിരുന്നില്ല , ഒരു സൈനിക ശക്തി എന്ന നിലയില്‍. അണുവായുധം ഉപയോഗിക്കാത്ത ഒരു സാധാരണ യുദ്ധത്തില്‍ ഇന്ത്യക്കു മുമ്പില്‍ പാക്കിസ്ഥാന്‍ ഒരിക്കലും തുല്യത അവകാശപ്പെട്ടിരുന്നില്ല. 2019 ഫെബ്രുവരി 27 വരെ. അല്‍ജസീറ പ്രസിദ്ധീകരിച്ച ഈ ചാര്‍ട്ട് പ്രകാരം പാകിസ്താനെക്കാള്‍ നാലിരട്ടി സൈനികരുണ്ട് ഇന്ത്യക്ക്, ഇരട്ടിയോളം യുദ്ധ വിമാനങ്ങളും ടാങ്കുകളും യുദ്ധ കപ്പലുകളും, നാലിരട്ടിയോളം ഭൂപ്രദേശവും ജനസംഖ്യയും സാമ്പത്തിക ശേഷിയും.

അതിര്‍ത്തി കടന്നു പാകിസ്താനെ ആക്രമിക്കുന്ന കാര്യം ചര്‍ച്ചയില്‍ വരാത്ത ദിവസങ്ങളില്ലായിരുന്നു ഇന്ത്യക്കാര്‍ക്കിടയില്‍, പ്രത്യകിച്ചു എന്തെങ്കിലും ഭീകരാക്രമണങ്ങള്‍ നടക്കുമ്പോള്‍. പ്രധാനമന്ത്രിമാരും സൈനിക മേധാവികളും നയതന്ത്രജ്ഞരും ആയിരം വട്ടം തിരിച്ചും മറിച്ചും വിശകലനം ചെയ്തതാണ് ഈ സാധ്യത. ആക്രമിക്കാതിരിക്കാന്‍ അവരൊക്കെ രഹസ്യമായി പറഞ്ഞിരുന്ന ന്യായം ഇന്നിപ്പോള്‍ തെളിയിക്കപ്പെട്ടതാണ്. ലളിതം, പാക്കിസ്ഥാന്‍ തിരിച്ചടിക്കും. അത് ആരുടെയെങ്കിലും മുന്‍തൂക്കവും പിന്‍തുക്കവും കൊണ്ടല്ല, നമ്മള്‍ പങ്കിടുന്ന വിശാലമായ അതിര്‍ത്തിയും അതിര്‍ത്തിയിലുള്ള ജനസാന്ദ്രതയും കാരണമാണ്.

എഫ്16 പോലുള്ള സൂപ്പര്‍ സോണിക് വിമാനങ്ങള്‍ കണ്ണടച്ച് തുറക്കും മുമ്പ് അമ്പതു കിലോമീറ്റര്‍ താണ്ടി കഴിഞ്ഞിരിക്കും,അതിര്‍ത്തിയില്‍ നിന്ന് അമ്പതു കിലോമീറ്റര്‍ പോലുമില്ലാത്ത ജനസാന്ദ്രതയേറിയ നഗരങ്ങള്‍ നിരവധിയാണ് ഇന്ത്യയില്‍ , തിരിച്ചും. വിമാനവേധ മിസൈല്‍ ഒക്കെ ഏറ്റാല്‍ ഏറ്റു എന്നേയുള്ളൂ, ആകാശത്തു മുഴുവന്‍ സമയവും പറന്നു നടക്കുന്ന വിമാനങ്ങള്‍ വച്ച് എതിര്‍ വിമാനങ്ങള്‍ തടയുകയാണ് ഏറ്റവും പ്രായോഗികമായ വഴി, പക്ഷെ 365 ദിവസും 24 മണിക്കൂറും അത്തരം നിരീക്ഷണങ്ങള്‍ നടത്താനുള്ള സാമ്പത്തിക സ്ഥിതി നമ്മള്‍ക്കെന്നല്ല ആര്‍ക്കും ഇല്ല, അത് കൊണ്ടാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമൊന്നും സ്വന്തം അതിര്‍ത്തിയില്‍ യുദ്ധം ചെയ്യാത്തത് .

പക്ഷെ, മുന്‍ പ്രധാനമന്തിമാരും നയതന്ത്രജ്ഞരും ഏറ്റവും ഭയന്നത് ആ തിരിച്ചടികളെയല്ല, ആ തിരിച്ചടികള്‍ക്ക് ശേഷം ഇന്ത്യക്ക് എല്ലാ തലത്തിലും നഷ്ടപെടുന്ന മുന്‍തൂക്കത്തെ പറ്റിയായിരുന്നു, പ്രത്യേകിച്ച് നയതന്ത്ര തലത്തില്‍. ഇന്ത്യ ആക്രമിക്കുകയും പാക്കിസ്ഥാന്‍ തിരിച്ചടിക്കുകയും ചെയ്തു പിന്നീട് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ വന്നാല്‍ ഇന്ത്യയും പാകിസ്താനും തുല്യ സൈനിക ശക്തി എന്ന തരത്തിലായിരിക്കും പിന്നീടുള്ള ചര്‍ച്ചകള്‍, എന്ന് മാത്രമല്ല പാക്കിസ്ഥാന്‍ മുന്‍തുക്കം അവകാശപ്പെടുകയും ചെയ്യും. അത് വിദേശത്തെ നയതന്ത്രജ്ഞരുടെ പ്രശ്‌നം, അവര്‍ക്ക് ആ അപമാനത്തിനു ശമ്പളംകിട്ടുന്നുണ്ടെന്ന് ആശ്വസിക്കാം, പച്ചകള്‍ അര്‍മാദിക്കുന്നത് കാണേണ്ടി വരുന്ന വിദേശ ഇന്ത്യക്കാരുടെ കാര്യമാണ് കഷ്ടം.

എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി ആളാവാന്‍ ഉള്ള ത്വര മനുഷ്യസഹജമാണ്, അത് പരമാവധി കുറഞ്ഞവരെയാണ് പക്വതയുള്ളവര്‍ എന്ന് നമ്മള്‍ പറയുന്നത്. നമ്മള്‍ പക്വത കുറഞ്ഞ സാധാരണക്കാരും ടെലിവിഷന്‍ അവതാരകരുമെല്ലാം ആവേശം മൂത്തു പലതും പറഞ്ഞെന്നിരിക്കും, അത് കേട്ട് കിണറ്റില്‍ ചാടുന്ന രണ്ടു പ്രധാനമന്ത്രിമാര്‍ നമുക്കുണ്ടായി എന്നതാണ് നമ്മുടെ നിര്‍ഭാഗ്യം.

തേങ്ങാ ഇപ്പൊ ഉടക്കും ഇപ്പോ ഉടക്കും എന്ന് പറഞ്ഞു പാകിസ്താനികളെ പേടിപ്പിച്ചു നിര്‍ത്തിയിരുന്ന നെടുമുടി വേണുവായിരുന്നു മന്‍മോഹന്‍സിങ് എങ്കില്‍ ആ തേങ്ങ വാങ്ങി നിലത്തെറിഞ്ഞു പൊട്ടിച്ച ജഗതിയാണ് മോദി. ആ പേടിയങ്ങു തീര്‍ന്നു കിട്ടി.

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more