[]കൊച്ചി: ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ജൂണില്‍ കഴിഞ്ഞ 30 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നു. ഭക്ഷ്യ ഉത്പന്നങ്ങള്‍, ധാന്യങ്ങള്‍, ഇറച്ചി എന്നിവയുടെ വിലയിടിവിനെ തുടര്‍ന്ന് 7.31 ശതമാനത്തിലേക്കാണ് കഴിഞ്ഞമാസം റീട്ടെയില്‍ നാണയപ്പെരുപ്പം താഴ്ന്നത്.
2012 ജനുവരിയില്‍ രേഖപ്പെടുത്തിയ 7.65 ശതമാനത്തിന് ശേഷം ഇതാദ്യമായാണ് റീട്ടെയില്‍ നാണയപ്പെരുപ്പം ഇത്ര കുറഞ്ഞ നിരക്കിലേക്ക് എത്തുന്നത്. മേയില്‍ ഇത് 8.28 ശതമാനം ആയിരുന്നു.
ഭക്ഷ്യ വിലപ്പെരുപ്പം കഴിഞ്ഞമാസം മെയിലെ 9.56 ശതമാനത്തില്‍ നിന്ന് 7.97 ശതമാനമാണ് താഴ്ന്നത്. പച്ചക്കറികളുടെ വില 15.27 ശതമാനത്തില്‍ നിന്ന് 8.73 ശതമാനമായും കുറഞ്ഞു.
പാല്‍, പാലുത്പന്നങ്ങള്‍ എന്നിവയുടെ വില 11.28 ശതമാനത്തില്‍ നിന്ന് 11.06 ശതമാനമായും ഇന്ധന വില 5.07 ശതമാനത്തില്‍ നിന്ന് 4.58 ശതമാനമായും കുറഞ്ഞതോടെയാണ് റീട്ടെയില്‍ നാണയപ്പെരുപ്പം ആശ്വാസകരമായ നിരക്കിലേക്കെത്തിയത്.