| Thursday, 30th July 2020, 7:30 pm

അധികമൊന്നും ചിന്തിക്കാത്ത, നല്ല പണിക്കാരെ ഉണ്ടാക്കാനാണ് കേന്ദ്രം പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ശ്രമിക്കുന്നത്: കെ.എന്‍ ഗണേഷ്‌

ശ്രിന്‍ഷ രാമകൃഷ്ണന്‍
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അടിമുടി മാറ്റങ്ങള്‍ ഉള്‍ച്ചേര്‍ത്ത പുതിയ വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രി സഭ അംഗീകരിച്ചിരിക്കുകയാണ്. പ്രാഥമിക വിദ്യാഭ്യാസ രംഗത്തും, ഉന്നത വിദ്യാഭ്യാസ മേഖലയിലും വലിയ അഴിച്ചുപണി നടത്തിയ വിദ്യാഭ്യാസ നയം ചര്‍ച്ചയാകുമ്പോള്‍ പുതിയ മാറ്റം രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ എങ്ങിനെയെല്ലാം ബാധിക്കുമെന്ന് ഡൂള്‍ ന്യൂസിനോട് പ്രതികരിക്കുകയാണ് അറിയപ്പെടുന്ന ചരിത്രാധ്യാപകനും എഴുത്തുകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ കെ.എന്‍.ഗണേഷ്
പുതിയ വിദ്യാഭ്യാസ നയം എങ്ങിനെയായിരിക്കും ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ ബാധിക്കുക?

വിദ്യാഭ്യാസ മേഖലയില്‍ ഒരു അധികാര കേന്ദ്രീകരണത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

മാനവിഭവശേഷി മന്ത്രാലയം എന്ന പേരുമാറ്റി വിദ്യാഭ്യാസവകുപ്പ് എന്നാക്കിയതോടുകൂടി വിദ്യാഭ്യാസത്തിന്റെ പൂര്‍ണനിയന്ത്രണം കേന്ദ്ര സര്‍ക്കാരിന്റെ കൈയിലാവുകയാണ്. ഇത്തരത്തില്‍ ഭരണപരമായ കേന്ദ്രീകരണം പുതിയ വിദ്യാഭ്യാസ നയത്തിലൂടെ കൈക്കലാക്കിയിരിക്കുകയാണ് കേന്ദ്രം. പരീക്ഷകളുടെയും പഠസമ്പ്രദായത്തിന്റെയും  കേന്ദ്രീകരണമാണ് രണ്ടാമത്തേത്.
മൂന്നാമത്തേതും ഏറ്റവും പ്രധാനമായിട്ടുമുള്ളതും വിദ്യാഭ്യാസത്തെ അതിന്റെ യഥാര്‍ത്ഥ സത്തയായ ഉള്ളടക്കത്തില്‍ നിന്നുംമാറി വിപണി മൂല്യത്തിലേക്ക് മാറ്റുന്നു എന്നതാണ്. വിപണിമൂല്യത്തിനനുസരിച്ച് വിദ്യാഭ്യാസത്തിന്റെ ഘടന മാറ്റി മറിക്കുകയാണ് പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ചെയ്തിരിക്കുന്നത്.

പുതിയ നയത്തില്‍ അഞ്ചാം ക്ലാസുവരെയുള്ള പഠനം മാത്രമാണ് പൂര്‍ണമായും സാര്‍വത്രിക വിദ്യാഭ്യാസത്തിന്റെ കീഴില്‍ വരുന്നത്. ആറാം ക്ലാസുമുതലുള്ള വിദ്യാഭ്യാസം തത്വത്തില്‍ സാര്‍വത്രികമാണെങ്കിലും അത് തൊഴിലധിഷ്ഠിതമാക്കുന്നതോട് കൂടി പുറത്തു നിന്നുള്ള ഏജന്‍സികളും പൊതുവിദ്യാഭ്യസത്തിലേക്ക് വരികയാണ്. കൃത്യമായി പറഞ്ഞാല്‍ ‘നോണ്‍ സ്റ്റേറ്റ് ഏജന്‍സീസ്’. ഈ നോണ്‍ സ്റ്റേറ്റ് ഏജന്‍സീസിന്  അനായാസം വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കടന്നുവരാനുള്ള സാഹചര്യമാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ നയത്തിലൂടെ ഉണ്ടായിരിക്കുന്നത്.ഇവര്‍ പറയുന്നത്  ആശയങ്ങള്‍ വളരെ കുറച്ചുമാത്രമായിരിക്കും പഠിപ്പിക്കുക. ബാക്കിയുളളതു മുഴുവന്‍ പ്രായോഗികതയെ അടിസ്ഥാനമാക്കിയിരിക്കും എന്നാണ്. ഇത് കരിക്കുലം ലോഡ് കുറയ്ക്കാനാണ് എന്നും പറയുന്നുണ്ട്. അങ്ങനെ കണ്‍സപ്റ്റുകള്‍ പരിമിതമായി മാത്രമേ പഠിപ്പിക്കൂ എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ കുട്ടികള്‍ പഠിച്ചു വരുന്ന വിഷയത്തിലെ ശാസ്ത്രീയ തലം വെട്ടിക്കുറക്കുക എന്നതാണ്. പകരമവിടെ സ്‌കില്ലുകളെ അടിസ്ഥാനമാക്കിയുള്ള അല്ലെങ്കില്‍ പ്രായോഗികപരമായ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തും. അങ്ങനെവരുമ്പോള്‍ സ്വാഭാവികമായും ഇപ്പോള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് അത് പഠിപ്പിക്കാന്‍ സാധിക്കാതെ വരികയും പകരം പുറത്ത് നിന്ന് ആളുകള്‍ വരികയും ചെയ്യും. അത്തരത്തില്‍ വിദ്യാഭ്യാസത്തിന്റെ ഒരു കച്ചവടവത്കരണമാണ് നടക്കുക.

പുതിയ വിദ്യാഭ്യാസനയത്തിലെ ഘടനാപരമായ മാറ്റങ്ങള്‍ എങ്ങിനെയാണ് രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ ബാധിക്കുക?

മുന്‍പ് ഒന്നാം ക്ലാസുമുതല്‍ പത്താം ക്ലാസുവരെ പൊതുവിദ്യാഭ്യാസമായി കണക്കാക്കിയിരുന്നു. അതിനുശേഷം പ്ലസ്ടു തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ തെരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയുള്ള വിഷയങ്ങള്‍ പഠിക്കാം. 2009 ലെ വിദ്യാഭ്യാസാവകാശ നിയമ പ്രകാരം എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ സര്‍ട്ടിഫിക്കേഷന്‍ നടത്തി പാസാക്കിയിട്ട് ഒമ്പതാം ക്ലാസിലേക്ക് ചേര്‍ക്കുകയാണ് ചെയ്തിരുന്നത്. പരീക്ഷയ്ക്കു പകരം എല്ലാ കുട്ടികളെയും ഒരടിസ്ഥാന വിദ്യാഭ്യാസത്തിലൂടെ കടത്തിവിടുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.

പുതിയ വിദ്യാഭ്യാസ നയത്തോടുകൂടി ഇത് മാറുകയാണ്. 3 വയസുള്ള അംഗന്‍വാടികളിലുള്‍പ്പെടെയുള്ള കുട്ടികളെയും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുകയാണ്. ഈ പഠിപ്പിക്കാന്‍ തുടങ്ങുന്നതിനോടൊപ്പം തന്നെ മൂല്യ നിര്‍ണയവും നടത്തുന്നു. ആ മൂല്യനിര്‍ണയത്തിനുള്ള സൗകര്യത്തിനായാണ് 5+3+3+4 എന്ന സംവിധാനത്തിലേക്കെത്തുന്നത്. ഇതിനെ കണ്ടിന്യൂയസ് ഇവാല്യൂവേഷന്‍ എന്നാണ് പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് കണ്ടിന്യൂയസ് ഇവാല്യൂവേഷനല്ല.

പുതിയ സംവിധാനത്തില്‍ ഓരോ ഘട്ടങ്ങളിലും കുട്ടികളുടെ  പഠനനിലവാരം പരീക്ഷ നടത്തി തീരുമാനിച്ചിട്ട് അതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ വേര്‍തിരിക്കുകയാണ് ചെയ്യുന്നത്. അതായത് ‘നല്ല കുട്ടി’ അല്ലാത്ത കുട്ടി എന്ന തലത്തില്‍ ഒരു വിഭജനം ഉണ്ടാകും. ഗ്രേഡ് കുറഞ്ഞ കുട്ടികളെ എന്തെങ്കിലും സ്‌കില്‍ പഠിപ്പിച്ച് പണിയെടുക്കാന്‍ വിടും. ഇപ്പോള്‍ പറയുന്ന കണ്ടിന്യൂയസ് ഇവാലുവേഷന്‍ കൊണ്ടുള്ള ഫലമിതായിരിക്കും. കാരണം ഇവര്‍ ലേണിങ്ങ് ഔട്ട്കം മാത്രമേ കണക്കാക്കുന്നുള്ളൂ.

പുതിയ സമ്പ്രദായത്തില്‍ ആറാം ക്ലാസുമുതല്‍ തന്നെ കുട്ടികളെ തൊഴിലധിഷ്ഠിത പഠനത്തിലേക്ക് കടത്തിവിടുകയാണല്ലോ, ഇതിനെ എങ്ങിനെ കാണുന്നു?

ഇത് ശരിയായ നടപടിയല്ല. ഒരു പക്ഷേ കോടതിയില്‍ പോയാല്‍ ഈ തീരുമാനം പ്രശ്നമാകാന്‍ സാധ്യതയുണ്ട്.
കാരണം 14 വയസുവരെ ബാലവേല നിരോധനം നിലനില്‍ക്കുന്നുണ്ട്. ഇവര്‍ പറയുന്നത് കുട്ടികളെ ബാലവേലയ്ക്ക് വിടുകയല്ല പകരം അവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സ്‌കില്‍ നല്‍കാനാണ് ശ്രമിക്കുന്നത് എന്നാണ്. യഥാര്‍ത്ഥത്തില്‍ 14 വയസുകഴിഞ്ഞ കുട്ടികളെയല്ലേ തൊഴില്‍പരമായ വിദ്യാഭ്യാസത്തിലേക്ക് കടത്തിവിടാവൂ എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്.

സംസ്ഥാനങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അധികാരം ഈ സംവിധാനത്തില്‍ ഉണ്ടാകുമോ?  

സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ അധികാരമൊന്നുമില്ല. ഇപ്പോള്‍ തന്നെ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത് സിലബസിന്റെ ഉള്ളടക്കത്തില്‍ 20 ശതമാനം ഫ്ളക്സിബിലിറ്റി ഉണ്ടെന്ന് മാത്രമാണ്. ഇപ്പോള്‍ തന്നെ എന്‍.സി.ആര്‍.ടി ഉണ്ടാക്കികൊണ്ടുവരുന്ന ചില ലേണിങ്ങ് ഔട്ട്ക മ്മുകളുടെ ടാബുലേഷന്‍ വച്ചിട്ടാണ് ഇവിടെ പലതും നടക്കുന്നത്.

എന്‍.സി.ആര്‍.ടിയാണ് പുതിയ പരിഷ്‌കരണവുമായി ബന്ധപ്പെട്ട സിലബസ് തയ്യാറാക്കുന്നത് എന്ന് പറയുന്നുണ്ട് അങ്ങിനെ വരുമ്പോള്‍ എസ്.സി.ആര്‍.ടി അപ്രസക്തമാകുമോ?

എസ്.സി.ആര്‍.ടി നിലനില്‍ക്കും. അത് അപ്രസക്തമാകുന്നില്ല. പക്ഷേ അവിടെയും ഒരു റെഗുലേറ്ററി അതോറ്റിയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഈ റെഗുലേറ്ററി അതോറിറ്റിയാണ് സംസ്ഥാനങ്ങളിലെ ഇത്തരം കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുക. റെഗുലേറ്ററി അതോറിറ്റിയുടെ അക്കൗണ്ടബിലിറ്റി കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കായിരിക്കും. സിലബസുണ്ടാക്കുന്നതില്‍ എസ്.സി.ആര്‍.ടിക്ക് പങ്കുണ്ടാകുമെങ്കിലും റെഗുലേറ്ററി അതോറിറ്റിയുടെ ഒരു മേല്‍നോട്ടം ഇതിനുമേലുണ്ടാകും.

പുതിയ വിദ്യാഭ്യാസ നയത്തില്‍ എന്‍ട്രി എക്സിറ്റ് ഓപ്ഷനുകളോട് കൂടി നാല് വര്‍ഷ ബിരുദ പരിപാടികള്‍ അവതരിപ്പിക്കുകയും, എം.ഫില്‍ കോഴ്സുകള്‍ എടുത്ത് കളയുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ വലിയ തരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരത്തെയും ഉയര്‍ന്നിരുന്നല്ലോ ഇത് എങ്ങിനെയാണ് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ ബാധിക്കാന്‍ പോകുന്നത്?

സത്യത്തില്‍ നാല് വര്‍ഷത്തെ ബിരുദ പ്രോഗ്രാം എന്തിനാണ് എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം നല്‍കാന്‍ ഇതുവരെ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചിട്ടില്ല. ഇപ്പോളിവര്‍ രണ്ട് കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഒന്ന് ത്രീ മെയ്ന്‍ സിസ്റ്റത്തിലേക്ക് മാറുകയാണ്. ഉദാഹരണത്തിന് ഹിസ്റ്ററി, പൊളിറ്റിക്ക്സ്, എക്കണോമിക്സ് അല്ലെങ്കില്‍ ഫിസിക്സ് കെമിസ്ട്രി, മാത്തമാറ്റിക്‌സ്‌ തുടങ്ങിയ കോമ്പിനേഷന്‍സ്. സത്യത്തില്‍ ഇത്തരം കോമ്പിനേഷന്‍സിന്റെ ഡിഗ്രി എന്തിനാണ്‌ എന്നതിനെക്കുറിച്ച് ഒരു തര്‍ക്കമുണ്ട്. അത്തരത്തിലൊരു ഡിഗ്രി കൊണ്ട് എന്താണ് പ്രയോജനം എന്നത് സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

നാല് വര്‍ഷത്തെ കോഴസില്‍ ഒരു ഫൗണ്ടേഷന്‍ കോഴ്സുണ്ടാകും. അതിന് ശേഷമായിരിക്കും സെപ്ഷ്യലൈസേഷനിലേക്ക് പോകുക. നാല് വര്‍ഷത്തെ കോഴ്സ് കഴിഞ്ഞയാളുകള്‍ക്ക് ഒരു വര്‍ഷത്തെ ബിരുദാനന്തരബിരുദം എന്നും നിര്‍ദേശിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടും വ്യക്തതകളില്ല. സധാരണ വിദേശ സര്‍വ്വകലാശാലകളില്‍ ഒരു ജനറല്‍ ഇന്‍ഡ്രൊക്റ്ററി കോഴ്സായി ഒരു വര്‍ഷ ബിരുദാനന്തര ബിരുദ കോഴ്സ് ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ വലിയ ആശയക്കുഴപ്പങ്ങള്‍ വരാനിരിക്കുന്നതേ ഉള്ളൂ.

സ്വയം ഭരണാവകാശം കോളേജുകള്‍ക്ക് നല്‍കുന്നതും അഫിലേയറ്റഡ് കോളേജുകള്‍ ഇല്ലാതാവുകയും ചെയ്യുമ്പോള്‍ വലിയ പ്രശ്നങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാകാനിടയില്ലേ?

സ്വയംഭരണാവകാശം കോളേജുകള്‍ക്ക് കൊടുക്കുന്നതോട് കൂടി മാനേജ്മെന്റുകള്‍ തീരുമാനിക്കുന്നതായിരിക്കും നടക്കുക. സര്‍വ്വകലാശാലകളുടെ പ്രാധാന്യം നഷ്ടമാകും. അഫിലിയേറ്റഡ് കോളജുകള്‍ ഇല്ലാതാകുന്നതോട് കൂടി ഫീസിന്റെ മേലെയൊന്നും യാതൊരു തരത്തിലുള്ള നിയന്ത്രണവുമുണ്ടാകില്ല. നിലവില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളെങ്കിലും ചെറിയ ഫീസിലാണ് പോകുന്നത്. കോഴ്സുകള്‍ ആപ്ലിക്കേഷന്‍ കോഴ്സുകളായി മാറുമ്പോള്‍ ഫീസ് കൂടുകയും അതിന്റെ ഫലമായി ദരിദ്രവിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ കോളേജ് വിദ്യാഭ്യാസത്തില്‍ നിന്ന് പുറത്ത് പോകേണ്ടി വരികയും ചെയ്യും. അല്ലെങ്കില്‍ അവര്‍ക്ക് സംവരണത്തിനെ ആശ്രയിക്കേണ്ടി വരും. അപ്പോഴും സ്വയംഭരണ കോളേജുകളില്‍ സംവരണം എങ്ങിനെയാണ് നടപ്പിലാകുക എന്ന് പറയാന്‍ സാധിക്കില്ല.

പുതുതായി അവതരിപ്പിക്കപ്പെട്ട വിദ്യാഭ്യാസ നയത്തില്‍ സ്വാഗതാര്‍ഹമായ എന്ത് തീരുമാനമാണ് ഉള്ളത്

സ്വാഗതാര്‍ഹം എന്ന് പറയുമ്പോള്‍ ആര്‍ക്ക് സ്വാഗതാര്‍ഹം എന്നത് കൂടി വിലയിരുത്തേണ്ടതുണ്ട്.
കുട്ടികള്‍ക്ക് എളുപ്പത്തില്‍ ജോലി കിട്ടണം എന്നൊക്കെ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം തീരുമാനം സ്വഗതാര്‍ഹമായിരിക്കും. കണ്‍കറന്റ് ലിസ്റ്റിന്റെ പരിധിയില്‍ വരുന്ന വിദ്യാഭ്യാസ നയത്തില്‍ സംസ്ഥാനങ്ങളെ പൂര്‍ണമായും മാറ്റി നിര്‍ത്തി  കേന്ദ്രീകൃത നയം നടപ്പിലാക്കിയ ഈ പുതിയ പരിഷ്‌കരണം യഥാര്‍ത്ഥത്തില്‍ അധികമൊന്നും ചിന്തിക്കാത്ത നല്ല പണിക്കാരെ ഉണ്ടാക്കാനുള്ള വിദ്യാഭ്യാസനയമാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശ്രിന്‍ഷ രാമകൃഷ്ണന്‍

We use cookies to give you the best possible experience. Learn more