| Tuesday, 12th April 2016, 11:30 am

പ്രമുഖ ബൈക്ക് റൈഡര്‍ വീനു പലിവാള്‍ ബൈക്കപകടത്തില്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ പ്രശസ്ത ബൈക്ക് യാത്രിക വീനു പലിവാള്‍ (44) വാഹനാപകടത്തില്‍ മരിച്ചു. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടയില്‍ നിയന്ത്രണവിട്ട് ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു.

മധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് സംഭവം. തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 100 കിലോമീറ്റര്‍ ദൂരെയുള്ള ഗ്യാരാസ്പൂരില്‍ വെച്ച് വീനു ഓടിച്ചിരുന്ന ഹാര്‍ലി ഡേവിസണ്‍ ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു.


റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വീനുവിനെ ഉടനെ തന്നെ അടുത്തുള്ള ഗ്യാരാസ്പൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിലെത്തിച്ചിരുന്നു. പിന്നീട് വിദിഷ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സഹയാത്രികന്‍ ദീപേഷ് തല്‍വാറിനൊപ്പം ബൈക്കില്‍ ദേശീയ പര്യടനം നടത്തവെയായിരുന്നു അപകടം. വീനു ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കിലും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.


തന്റെ മോട്ടോര്‍സൈക്കില്‍ യാത്രയെപ്പറ്റി ഡോക്യുമെന്ററി തയ്യാറാക്കാന്‍ ഒരുങ്ങുകയായിരുന്നു വീനു. രാജ്യം മുഴുവന്‍ ഒറ്റക്ക് തന്റെ ബൈക്കില്‍ സഞ്ചരിച്ച് ഖ്യാതി നേടിയ വീനു ജയ്പൂര്‍ സ്വദേശിയാണ്.

വീനുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

We use cookies to give you the best possible experience. Learn more