ന്യൂദൽഹി: ലോകത്തെ ഏറ്റവും സമ്പന്നവും ശക്തരുമായ രാജ്യങ്ങൾ ഉൾപ്പെടുന്ന ജി20യുടെ സ്ഥിരാംഗത്വം നേടി ആഫ്രിക്കൻ യൂണിയൻ. യൂറോപ്യൻ യൂണിയന് ശേഷം ജി20 യിൽ ചേരുന്ന രണ്ടാമത്തെ പ്രാദേശിക സംഘടനയാണ് ആഫ്രിക്കൻ യൂണിയൻ.
യൂണിയൻ ചെയർപേഴ്സൺ അസലി അസോമനിയെ ജി20 നേതാക്കളുടെ ടേബിളിനരികിലേക്ക് സ്വാഗതം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഫ്രിക്കൻ ബ്ലോക്കിനെ ഉൾപ്പെടുത്തുന്നത് ജി20യുടെ കാര്യക്ഷമത വർധിപ്പിക്കുമെന്ന് പറഞ്ഞു.
‘ആഫ്രിക്കൻ യൂണിയനെ ജി20 യുടെ സ്ഥിരാംഗം ആയി അഭിമാനത്തോടെ ഞാൻ സ്വാഗതം ചെയ്യുന്നു. ഇത് ജി20യെയും തെക്കൻ രാജ്യങ്ങളെയും ശക്തിപ്പെടുത്തും,’ പ്രധാനമന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
തുടർന്ന് നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും ചേർന്ന് അസലി അസോമനിയെ ആഫ്രിക്കൻ യൂണിയനുള്ള ചെയറിലേക്ക് ആനയിച്ചു. ജൂണിൽ നരേന്ദ്ര മോദി തന്നെയാണ് നീക്കത്തിന് നിർദേശം നൽകിയത്. മുമ്പ് “ക്ഷണിക്കപ്പെട്ട അന്താരാഷ്ട്ര സംഘടന” എന്ന പദവിയാണ് ആഫ്രിക്കൻ യൂണിയന് ഉണ്ടായിരുന്നത്.
55 രാജ്യങ്ങൾ ഉൾപ്പെടുന്ന കോണ്ടിനെന്റൽ ബോഡിയാണ് ആഫ്രിക്കൻ യൂണിയൻ. 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് ജി20യിൽ ഇതുവരെ അംഗങ്ങളായിരുന്നത്. ആഗോള ജി.ഡി.പിയുടെ 85 ശതമാനവും ആഗോള വാണിജ്യത്തിന്റെ 75 ശതമാനത്തിൽ കൂടുതലും ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ടും പ്രതിനിധീകരിക്കുന്നത് ജി20 രാജ്യങ്ങളാണ്.
Content Highlight: After India’s invitation, African Union now a permanent G20 member