ന്യൂദല്‍ഹി: സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും വിഷയത്തില്‍ ഇന്ത്യയുടെ പ്രതിഛായ ഇടിഞ്ഞതായി നോം ചോംസ്‌കി. അസഹിഷ്ണുത പ്രശ്‌നം ഇന്ത്യയില്‍ മാത്രം നിലനില്‍ക്കുന്നതല്ല. ലോകത്ത് മറ്റിടങ്ങളിലും അസഹിഷ്ണുത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സ്വാതന്ത്ര്യത്തിനും നീതിയ്ക്കും വില കല്‍പ്പിക്കുന്നവര്‍ക്കിടയില്‍ ഇന്ത്യയ്ക്കുള്ള പ്രതിഛായ നഷ്ടപ്പെട്ടെന്നും ചോംസ്‌കി പറഞ്ഞു. പി.ടി.ഐക്ക് നല്‍കിയ ഇ-മെയില്‍ അഭിമുഖത്തിലാണ് ചോംസ്‌കിയുടെ പ്രതികരണം.
ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലും ജെ.എന്‍.യുവിലും വിദ്യാര്‍ത്ഥികള്‍ നടത്തുന്ന അഹിംസാ സമരങ്ങളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിന്റെ നിലപാടും കുര്‍ദ് വിരുദ്ധ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട പണ്ഡിതന്‍മാരെ അറസ്റ്റ് ചെയ്ത തുര്‍ക്കി സര്‍ക്കാരിന്റെ നടപടിയും കെയ്‌റൊവില്‍ കൊല്ലപ്പെട്ട ഇറ്റാലിയന്‍ ഗവേഷക വിദ്യാര്‍ത്ഥി ഗിലിയോ റെജിനിയുടെ മരണവും 2016ലെ ഭരണകൂട ഭീകരതകളാണെന്നും ചോംസ്‌കി പറഞ്ഞു.
ജെ.എന്‍.യുവില്‍ പോലീസിനെ കയറാന്‍ അനുവദിച്ച നിലപാടിനെ വിമര്‍ശിച്ച് നോം ചോംസ്‌കി ജെ.എന്‍.യു വിസി ജഗദേഷ് കുമാറിന് കത്തെഴുതിയിരുന്നു. യാതൊരു തെളിവും കൂടാതെയാണ് യൂണിവേഴ്‌സിറ്റി അധികൃതരും ഭരണകൂടവും വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തതെന്നും ചോംസ്‌കി പറഞ്ഞിരുന്നു. ഏകാധിപത്യത്തിന്റെ സംസ്‌കാരമാണ് ഇന്ത്യന്‍ ഭരണകൂടത്തിന്റേതെന്നും കൊളോണിയലിസത്തിന്റെയും അടിയന്തരാവസ്ഥയുടെയും കറുത്ത കാലത്തെ ഓര്‍മിപ്പിക്കുകയാണ് അധികാരത്തിലിരിക്കുന്നവരെന്നും ചോംസ്‌കി വിസിക്കെഴുതിയ കത്തില്‍ പറഞ്ഞിരുന്നു.