ന്യൂദല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ഇടിഞ്ഞു. ഡിസംബര്‍ 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ ഇന്ത്യയുടെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാ നിരക്ക് (ജി.ഡി.പി) 6.1 ശതമാനത്തിലേക്കാണ് താഴ്ന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 8.3 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ രണ്ടാം പാദത്തില്‍ 6.9 ശതമാനം വളര്‍ച്ച നേടാന്‍ കഴിഞ്ഞിരുന്നു.
ക്വാറി-ഖനന മേഖലയില്‍ 3.1% വളര്‍ച്ചയും വ്യപാരം, ഹോട്ടലുകള്‍, ഗതാഗതം, വാര്‍ത്താവിനിമയം എന്നിവയില്‍ 9.2% വളര്‍ച്ചയും രേഖപ്പെടുത്തി. നേരത്തെ 3.8% വളര്‍ച്ച മാത്രമുണ്ടായിരുന്ന വൈദ്യുതി, വാതകം, ജലവിതരണം എന്നീ മേഖലയില്‍ 9.8% വളര്‍ച്ച രേഖപ്പെടുത്തി. കാര്‍ഷിക മേഖലയിലാണ് ഏറ്റവും കുറവ് വളര്‍ച്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 11% വളര്‍ച്ച രേഖപ്പെടുത്തിയെങ്കില്‍ ഇത്തവണ 2.7% മാത്രമാണ് വളര്‍ച്ച.
6.1 %ത്തിലേക്ക് വളര്‍ച്ച നിരക്ക് താഴ്ന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് വിലയിരുത്തപ്പെടുന്നു. മാര്‍ച്ച് 15നാണ് ബാങ്കുകളുടെ അവലോകന യോഗം വിളിച്ചിരിക്കുന്നത്. വായ്പാ നയത്തില്‍ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് മേല്‍ സമ്മര്‍ദം ചെലുത്തും. 16 നാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ് അവതരിപ്പിക്കുക.
അതിനിടെ, ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.1 ശതമാനത്തിലേക്ക് താഴ്ന്നതോടെ ഓഹരി വിപണി വലിയ വില്‍പന സമ്മര്‍ദ്ദം നേരിട്ടു. ഓഹരി സൂചിക നേരിയ നേട്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.