സോച്ചി ശീതകാല ഒളിമ്പിക് വില്ലേജില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി
DSport
സോച്ചി ശീതകാല ഒളിമ്പിക് വില്ലേജില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th February 2014, 10:15 am

[share]

[] ന്യൂദല്‍ഹി: സോച്ചി ശീതകാല ഒളിമ്പിക്‌സ് വില്ലേജില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി.

അഴിമതിയാരോപണങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് മേല്‍ രാജ്യന്തര ഒളിമ്പിക് കമ്മിറ്റി ഏര്‍പ്പെടുത്തിയരുന്ന വിലക്ക് നീക്കിയതോടെയാണ് പതാക ഉയര്‍ത്താന്‍ അനുമതി ലഭിച്ചത്.

14 മാസത്തെ വിലക്കിനൊടുവിലാണ് ഐ.ഒ.സി ഇന്ത്യക്ക് വീണ്ടും അംഗീകാരം നല്‍കുന്നത്.

മുക്കാല്‍ മണിക്കൂര്‍ നീണ്ട ചടങ്ങില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍ രാമചന്ദ്രനും ഇന്ത്യയില്‍ നിന്ന് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന മൂന്ന് താരങ്ങളും പങ്കെടുത്തു.

ഇന്ത്യ എന്നെഴുതിയ വസ്ത്രത്തോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തത്.

ലൂജര്‍ ശിവ കേശവന്‍, ആല്‍പൈന്‍ സ്‌കയര്‍, ഹിമാന്‍ഷു താക്കൂര്‍, ക്രോസ് കണ്‍ട്രി സ്‌കയര്‍ നദീം ഇക്ബാല്‍ തുടങ്ങിയവരാണ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍.

ഒളിമ്പിക്‌സ് തുടങ്ങി ഒമ്പതാം ദിവസമാണ് ഇന്ത്യന്‍ പതാക ഉയര്‍ത്തിയത്. ഒളിമ്പിക് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തിയതോടെയാണ് വിലക്ക് നീങ്ങിയത്.

ഇനി 23ന് നടക്കുന്ന സമാപനപരിപാടിയില്‍ ഇന്ത്യന്‍ പതാക കയ്യിലേന്തി താരങ്ങള്‍ക്ക് പങ്കെടുക്കാവുന്നതാണ്.

അഴിമതിയാരോപണം നേരിടുന്നവരെ ഭാരവാഹികളാക്കിയതിനെ തുടര്‍ന്ന് 2012 ഡിസംബര്‍ നാലിനാണ് ഐ.ഒ.സി ഇന്ത്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.