തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തില്‍ സര്‍വകലാശാലയൊരുങ്ങുന്നു. രാജ്യത്ത് തന്നെ ആദ്യമായി വരുന്ന ഭിന്നശേഷിക്കാര്‍ക്കായുള്ള സര്‍വകലാശാലയില്‍ ഗവേഷണത്തിനും പുനരധിവാസത്തിനും പുറമെ അവരെ പരിചരിക്കുന്നവരെ പരിശീലിപ്പിക്കാനുമുള്ള സംവിധാനം ഒരുക്കുന്നുണ്ട്.
തിരുവനന്തപുരത്താണ് ക്യാംപസ് ഒരുക്കാന്‍ പദ്ധതിയിട്ടരിക്കുന്നത്. നിയമസഭയില്‍ ഇതിനായി ഉടന്‍ തന്നെ ബില്‍ അവതരിപ്പിക്കും.
ശാരീരികവും മാനസികവുമായ ഏതുതരം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും ഉപജീവന മാര്‍ഗം കണ്ടെത്തുന്ന തരത്തിലുള്ള കോഴ്‌സുകളായിരിക്കും സര്‍വകലാശാലയില്‍ അനുവദിക്കുക. കേന്ദ്രസര്‍ക്കരിന്റെ അനുമതിക്കായി ഉടന്‍ തന്നെ അപേക്ഷ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഓഫീസില്‍ നിന്നും അറിയിച്ചു.
ആരോഗ്യ സര്‍വകലാശാല വി.സി ഡോ. എം.കെ.സി നായര്‍, സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ബാബുജോര്‍ജ് എന്നിവരടങ്ങുന്ന സമിതി മൂന്നു മാസത്തിനകം പുതിയ സര്‍വകലാശാലയ്ക്കുള്ള ബില്‍ തയ്യാറാക്കും.
ആക്കുളത്തെ നിഷ് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്) കേന്ദ്ര ഭിന്നശേഷി പുനരധിവാസ സര്‍വകലാശാലയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം സര്‍വകലാശാലയ്ക്കായി ബില്‍ തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിന്റെ അനുമതി ലഭിച്ചില്ല.
വിതുരയില്‍ സര്‍ക്കര്‍ ഏറ്റെടുക്കുന്ന 50 ഏക്കറിലാണ് സര്‍വകലാശാല വരുന്നത്. ഇത് സാധ്യമാവുന്നതോടു കൂടി ‘നിഷ്’ സര്‍വകലാശാലയുടെ ഭാഗമാവും. നിഷിലെ ബിരുദ, ബിരുദാനന്തര, ആരോഗ്യ കോഴ്‌സുകള്‍ പുതുതായി നിര്‍മിക്കാന്‍ പോവുന്ന സര്‍വകലാശാലയിലേക്കു മാറ്റും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സര്‍വകലാശാല വഴി ഭിന്നശേഷിക്കാരുടെ പുനരധിവാസം ഉറപ്പാക്കുകയും അവര്‍ക്കായി തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ അവരെ സഹായിക്കുകയും ചെയ്യും. ഇത് വഴി അഫിലിയേറ്റഡ് കോളേജുകള്‍ ആരംഭിക്കാനും സാധിക്കും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ