എന്റെ സഹപ്രവര്‍ത്തകരെല്ലാം എനിക്കെതിരാണ്. ചില വിദ്യാര്‍ഥികളും. കോളജ് അച്ചടക്കവും വിദ്യാഭ്യാസത്തിന് അനുകൂലമായ സാഹചര്യവും തിരിച്ചുകൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചു.
കൃഷ്ണനഗര്‍: ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ കോളജ് പ്രിന്‍സിപ്പല്‍ മനാബി ബന്ധോപാധ്യായ രാജിവെച്ചു. സ്ഥാപനത്തിലെ ഒരുവിഭാഗം അധ്യാപപകരും വിദ്യാര്‍ഥികളും തന്നോട് സഹകരിക്കുന്നില്ലെന്നു പറഞ്ഞാണ് മനാബി രാജിക്കത്തു നല്‍കിയത്.
ഒന്നര വര്‍ഷം മുമ്പാണ് മനാബി കൃഷ്ണനഗര്‍ വനിതാ കോളജിലെ പ്രിന്‍സിപ്പല്‍ ആയി ചുമതലയേറ്റത്. ഡിസംബര്‍ 27ന് അവര്‍ രാജിക്കത്ത് നല്‍കിയതായി നാഡിയ ജില്ലാ മജിസ്‌ട്രേറ്റ് സുമിത് ഗുപ്ത അറിയിച്ചു. രാജി ഹയര്‍ സെക്കന്ററി ഡിപ്പാര്‍ട്ട്‌മെന്റിനു കഴിഞ്ഞദിവസം കൈമാറി.
Also Read:സച്ചിന്‍ സമ്മാനിച്ച ബി.എം.ഡബ്ല്യൂ ദീപ കര്‍മ്മാക്കര്‍ തിരിച്ചു നല്‍കി
2015 ജൂണ്‍9ന് പ്രിന്‍സിപ്പല്‍ ആയി ചുമതലയേറ്റ ദിവസം മുതല്‍ ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും സഹകരിക്കുന്നില്ലെന്ന് മനാബി പറയുന്നു.
“എന്റെ സഹപ്രവര്‍ത്തകരെല്ലാം എനിക്കെതിരാണ്. ചില വിദ്യാര്‍ഥികളും. കോളജ് അച്ചടക്കവും വിദ്യാഭ്യാസത്തിന് അനുകൂലമായ സാഹചര്യവും തിരിച്ചുകൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചു. പ്രധാനമായും അതുകൊണ്ടാണ് അവര്‍ എനിക്കെതിരെ തിരിഞ്ഞത്. പ്രാദേശിക ഭരണകൂടത്തില്‍ നിന്നും എല്ലായ്‌പ്പോഴും സഹകരണം ലഭിച്ചിട്ടുണ്ട്. പക്ഷെ എന്റെ കോളജില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും അതു ലഭിച്ചില്ല.” അവര്‍ പറയുന്നു.
താന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്നും ഇനിയിതു താങ്ങാന്‍ വയ്യെന്നും അതിനാലാണ് രാജിവെക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
“വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പ്രതിഷേധവും ഘരാവൊയും കാരണം മടുത്തു. അവരില്‍ നിന്നും ഒട്ടേറെ ലീഗല്‍ നോട്ടീസുകളും വന്നു. പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായാണ് ഞാന്‍ ഇവിടേക്കു വന്നത്. പക്ഷെ എന്നെ പരാജയപ്പെടുത്തിയിരിക്കുന്നു.” അവര്‍ പറഞ്ഞു.
2003-2004ലാണ് ഒട്ടേറെ ഓപ്പറേഷനുകളിലൂടെ മനാബി സ്ത്രീയായി മാറിയത്.