| Monday, 30th July 2012, 7:40 pm

ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യമെഡല്‍; 10 മീറ്റര്‍ എയര്‍റൈഫിളില്‍ ഗഗന്‍ നാരംഗിന് വെങ്കലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: പ്രതീക്ഷകള്‍ തെറ്റിയെങ്കിലും ഷൂട്ടിങ്ങില്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍റൈഫിളില്‍ ഗഗന്‍ നാരംഗാണ് വെങ്കലം നേടി മെഡല്‍പ്പട്ടികയില്‍ ഇന്ത്യയുടെ പേരു കുറിച്ചത്. ഫൈനലില്‍ 701.1 പോയിന്റോടെയാണ് ഗഗന്‍ വെങ്കലമണിഞ്ഞത്. ഗഗന്റെ ആദ്യ ഒളിമ്പിക് മെഡലാണിത്. ഗഗന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്നും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എട്ട് സ്വര്‍ണവും നേടിയിട്ടുണ്ട്. []

മത്സരത്തില്‍ റുമാനിയയുടെ അലിന്‍ ജോര്‍ജ് മൊല്‍ഡൊവെനുവാണ് സ്വര്‍ണമണിഞ്ഞത്. ഇറ്റലിയുടെ നിക്കോളൊ കാംപ്രിയാനിക്കാണ് വെള്ളി. അലിന്‍ ജോര്‍ജ് മൊല്‍ഡൊവെ 702.1 പോയിന്റ് നേടിയപ്പോള്‍  നിക്കോളൊ കാംപ്രിയാനി 701.5 പോയിന്റ് നേടി. യോഗ്യതാറൗണ്ടില്‍ ഗഗന്‍ 598 പോയിന്റ് നേടിയപ്പോള്‍ സ്വര്‍ണം നേടിയ അലിന്‍ ജോര്‍ജും വെള്ളി നേടിയ കംപ്രിയാനിയും 599 പോയിന്റ് വീതം നേടി ഒളിമ്പിക് റെക്കോഡിനൊപ്പമെത്തി.

മൂന്നാമനായാണ് ഗഗന്‍ ഫൈനല്‍ യോഗ്യത നേടിയത്. രണ്ട്, ഏഴ്, എട്ട് റൗണ്ടുകളിലെ മോശപ്പെട്ട പ്രകടനമാണ് ഗഗന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാന്‍ കാരണം. 598 പോയിന്റോടെയാണ് ഗഗന്‍ ഫൈനലിലെത്തിയത്. രണ്ടാം റൗണ്ടില്‍ 9.7 പോയിന്റും ഏഴാം റൗണ്ടില്‍ 9.9 പോയിന്റും നേടിയപ്പോള്‍ എട്ടാം റൗണ്ടില്‍ 9.5 പോയിന്റ് മാത്രമാണ് നേടാനായത്. അവസാന ഷോട്ടില്‍ നേടിയ 10.7 പോയിന്റാണ് ഗഗന് മെഡല്‍ നേടാന്‍ സഹായകമായത്. 103.1 പോയിന്റാണ് ഫൈനലില്‍ ഗഗന്‍ നേടിയത്.

ഈയിനത്തില്‍ ബെയ്ജിങ്ങില്‍ സുവര്‍ണതാരമായ അഭിനവ് ബിന്ദ്രയ്ക്ക് ഫൈനലിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. അഭിനവ് ബിന്ദ്ര യോഗ്യതാറൗണ്ടില്‍ പതിനാറാമനായാണ് ഫിനിഷ് ചെയ്തത്. മൂന്ന്, നാല് റൗണ്ടുകളില്‍ മാത്രമാണ് ബിന്ദ്രക്ക് മുഴുവന്‍ പോയിന്റും നേടാന്‍ കഴിഞ്ഞത്. ഒന്ന്, രണ്ട്, അഞ്ച് റൗണ്ടുകളില്‍ 99 പോയിന്റും ആറാമത്തെ റൗണ്ടില്‍ 97 പോയിന്റുമാണ് ബിന്ദ്ര നേടിയത്.

We use cookies to give you the best possible experience. Learn more