| Friday, 30th December 2016, 4:00 pm

ഞങ്ങളിപ്പോഴേ കാഷ്‌ലെസാണ്, കാലിയായ പാസ്ബുക്ക് നോക്കൂ' മോദിയോട് ആദ്യ ആധാര്‍ കാര്‍ഡ് ഉടമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാഷ്‌ലെസ് സമ്പദ് വ്യവസ്ഥയിലേക്കു മാറൂ എന്ന പ്രാധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളെ പരിഹസിച്ച് ആദ്യ ആധാര്‍ കാര്‍ഡ് ഉടമ രഞ്ജന സോനാവെയ്ന്‍. ഞങ്ങള്‍ ഇപ്പോള്‍ തന്നെ കാഷ്‌ലസാണ് എന്നാണ് രഞ്ജന പറയുന്നത്.

” ഞങ്ങള്‍ ഇപ്പോഴേ കാഷ്‌ലസ് ആണ്. ഞങ്ങളുടെ കാലി പാസ്ബുക്ക് നോക്കൂ. മുന്‍ സര്‍ക്കാര്‍ ഞങ്ങളെ ആദ്യ ആധാര്‍ ഗ്രാമമാക്കി. ഇപ്പോഴത്തെ സര്‍ക്കാര്‍ കാഷ്‌ലസ് ഗ്രാമവും” രഞ്ജന പറയുന്നു.

കാഷ്‌ലസ് ഗ്രാമമെന്നതിനെ രഞ്ജന കൂടുതല്‍ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. ” ടെംബ്ലി എന്ന ഞങ്ങളുടെ ഗ്രാമത്തിലെ ആരും പത്തുകിലോമീറ്റര്‍ അകലെയുള്ള ഷഹാദ നഗരത്തിലെ ബാങ്കുകളില്‍ കറന്‍സി നോട്ടുകള്‍ നിക്ഷേപിക്കാന്‍ ക്യൂ നില്‍ക്കുന്നില്ല. മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ ഞങ്ങളുടെ പക്കല്‍ 500രൂപയോ 1000രൂപയോ ഇല്ല.” അവര്‍ പറയുന്നു.

“ബാങ്കിങ്ങോ ഇന്‍ഷുറന്‍സോ അങ്ങനെ യാതൊന്നും ഇവിടെയില്ല. 2010ല്‍ നേതാക്കള്‍ എനിക്ക് ആധാര്‍ കാര്‍ഡ് കൈമാറുകയും ഫോട്ടോ എടുത്ത് പോകുകയും ചെയ്തു. ആ പ്രശസ്തിയ്ക്കുശേഷം എനിക്കു എന്തു സംഭവിച്ചെന്ന് ആരും ചിന്തിച്ചില്ല. എന്റെ വൈദ്യുതി മീറ്റര്‍ എടുത്തുകൊണ്ടുപോയി. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും അതിപ്പോഴും കാലിയാണ്. ഇന്നുവരെ അക്കൗണ്ടില്‍ ഒരു സബ്‌സിഡിയും വന്നിട്ടില്ല. പഴയ സര്‍ക്കാര്‍ യാതൊരു ഉപയോഗവുമില്ലാത്ത ആധാര്‍ കാര്‍ഡ് തന്ന് പോയി. ഇപ്പോഴത്തെ സര്‍ക്കാര്‍ നോട്ടുനിരോധനം നടപ്പിലാക്കി ഉള്ള  പണിയും കളഞ്ഞു” രഞ്ജന പറയുന്നു.

കൂലിപ്പണി ചെയ്താണ് രഞ്ജനയും കുടുംബവും കഴിഞ്ഞുപോന്നത്. എന്നാല്‍ നോട്ടുനിരോധനത്തിനുശേഷം പണിയില്ലാത്ത അവസ്ഥയാണെന്നാണ് അവര്‍ പറയുന്നത്.

“അതിജീവിക്കാന്‍ ഏറെ ബുദ്ധിമുട്ടുതോന്നുന്നു. സര്‍ക്കാര്‍ പാവങ്ങളെ രാഷ്ട്രീയത്തിനുവേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. പണക്കാര്‍ക്കുവേണ്ടിയാണവര്‍ പ്രവര്‍ത്തിക്കുന്നത്. ബാങ്കില്‍ നിന്ന് പണം കിട്ടുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു. അതുകാരണം ഞങ്ങള്‍ക്ക് പണിയുമില്ലാതെയായി.” അവര്‍ പറയുന്നു.

വടക്കന്‍ മഹാരാഷ്ട്രയിലെ ഒരു ഉള്‍ഗ്രാമമാണ് ടെംബ്ലി. ഇന്ത്യയിലെ ആദ്യ ആധാര്‍ ഗ്രാമമെന്ന നിലയിലാണ് ഈ ഗ്രാമം പ്രശസ്തമായത്.

We use cookies to give you the best possible experience. Learn more