ന്യൂദല്‍ഹി: പ്രതീക്ഷിച്ചതിലും ഏറെ ക്ഷയിച്ചതാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെന്ന് അന്താരാഷ്ട്ര നാണ്യ നിധി. കോര്‍പ്പറേറ്റ്, പാരിസ്ഥിതിക നിയന്ത്രണങ്ങളിലുള്ള അനിശ്ചിതത്വം അടക്കം നിരവധി കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടെന്നും ഐ.എം.എഫ് വിലയിരുത്തുന്നു.
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ആശങ്കയ്ക്കിടയാക്കിക്കൊണ്ട് ജി.ഡി.പി 5% വളര്‍ച്ച മാത്രം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഐ.എം.എഫിന്റെ മുന്നറിയിപ്പു വന്നിരിക്കുന്നത്. 2013 മാര്‍ച്ചില്‍ 4.3 % വളര്‍ച്ച രേഖപ്പെടുത്തിയശേഷം ആറുവര്‍ഷത്തെ ഏറ്റവും താണ വളര്‍ച്ചയാണ് ജി.ഡി.പിയിലുണ്ടായിരിക്കുന്നത്.
‘ഇന്ത്യയിലെ ഏറ്റവും പുതിയ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും വളരെയേറെ ക്ഷയിച്ചതാണ്. പ്രധാനമായ കാരണം കോര്‍പ്പറേറ്റ്, പാരിസ്ഥിതിക നിയന്ത്രണങ്ങളിലെ അനിശ്ചിതത്വവും നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്നതുമാണ്.’ ഐ.എം.എഫ് വക്താവ് ഗെറി റൈസ് പറഞ്ഞു.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ നിരക്ക് ഏഴില്‍ നിന്നും .3% ആയി ഐ.എം.എഫ് കുറച്ചിരുന്നു.
അതിനിടെ, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ അഞ്ച് നിര്‍ദേശങ്ങള്‍ മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിങ് കഴിഞ്ഞദിവസം മുന്നോട്ടുവെച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കൃത്യമായി ഇടപെട്ടില്ലെങ്കില്‍ സാമ്പത്തിക മാന്ദ്യം വര്‍ഷങ്ങളോളം തുടരുമെന്നും തലക്കെട്ട് സൃഷ്ടിക്കുന്നതിന് പകരമായി പ്രതിസന്ധിയുണ്ടെന്ന് സമ്മതിക്കണമെന്നും അത് മറികടക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിക്കണമെന്നും മന്‍മോഹന്‍ സിംഗ് വ്യക്തമാക്കിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജി.എസ്.ടി നിരക്കുകള്‍ താഴ്ത്തി പുനക്രമീകരിക്കുക, ഗ്രാമീണ മേഖലയുടെ ഉപഭോഗ ശേഷി വര്‍ദ്ധിപ്പിക്കുക, കാര്‍ഷിക മേഖലയിലെ പുനരുദ്ധീകരണം, ബാങ്കുകള്‍, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയില്‍ പണ ലഭ്യത, ടെക്സ്റ്റെല്‍, ഓട്ടോ, ഇലക്ട്രോണിക്ക് രംഗങ്ങളില്‍ കൂടുതല്‍ വായ്പ ലഭ്യമാക്കുക, അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിന്റെ വെളിച്ചത്തില്‍ പുതിയ കയറ്റുമതി മേഖലകള്‍ കണ്ടെത്തുക തുടങ്ങിയവയാണ് മന്‍മോഹന്‍സിംഗ് മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍.