രാജ്യത്തെ ജി.ഡി.പി വളര്‍ച്ച കഴിഞ്ഞ ആറുവര്‍ഷത്തെ ഏറ്റവും വലിയ ഇടിവിലാണെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ വായ്പാ വളര്‍ച്ചയും കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 58 വര്‍ഷത്തെ ഏറ്റവും കുറവിലാണ് വായ്പാ വളര്‍ച്ച. 6.5 മുതല്‍ ഏഴ് ശതമാനം വരെ ഇടിവായ് വായ്പാ വളര്‍ച്ചയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
വായ്പാ വളര്‍ച്ചയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 13.3 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നെന്നും റേറ്റിങ് ഏജന്‍സിയായ ഐക്ര റിപ്പോര്‍ട്ട് ചെയ്തു.
ഐക്രയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് 58 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വായ്പാ വളര്‍ച്ചയാണിതെന്നാണ്. ആര്‍.ബി.ഐയുടെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന കണക്കുപ്രകാരം ഇത്തരത്തില്‍ വായ്പാ വളര്‍ച്ചയില്‍ ഇടിവുണ്ടായത് ഇതിന് മുമ്പ് 1962ലാണ്. അന്ന് വായ്പാ വളര്‍ച്ച 5.4 ശതമാനത്തില്‍ താഴെയായിരുന്നു.
ജി.ഡി.പി വളര്‍ച്ച രണ്ടാം പാദത്തില്‍ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനമായും ആദ്യ പാദത്തില്‍ 5 ശതമാനമായും ഇടിഞ്ഞതാണ് ഇതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ജി.ഡി.പി വളര്‍ച്ചയില്‍ പുരോഗമനപരമായ മാറ്റമുണ്ടാകുമെന്ന് ആരും അവകാശപ്പെടുന്നുമില്ല.
റിസര്‍വ് ബാങ്ക് കണക്കുകള്‍ പ്രകാരം നവംബര്‍ അവസാനം വരെ വായ്പാ വളര്‍ച്ച എട്ട് ശതമാനത്തില്‍ താഴെയാണ്.
സാമ്പത്തിക വളര്‍ച്ചയില്ലായ്മ, പ്രവര്‍ത്തന മൂലധന ആവശ്യകതയിലെ ഇടിവ്, കടം കൊടുക്കുന്നതിലെ ആശങ്ക തുടങ്ങിയ ഘടകങ്ങള്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ വായ്പാ വളര്‍ച്ചയെ ചുരുക്കും. കൃഷി, വ്യവസായം, സേവനങ്ങള്‍, വായ്പകള്‍ എന്നിങ്ങനെ നാല് പ്രധാന മേഖലകളില്‍ മൂന്നെണ്ണത്തിലും ഫണ്ടിനായി ആവശ്യക്കാര്‍ കുറവായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും സാമ്പത്തികാവസ്ഥ ഐ.സി.യുവിലാണെന്നും മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ എന്‍.ഡി ടി.വിയുടെ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ജി.ഡി.പി വളര്‍ച്ചയില്‍ 4.5 ശതമാനത്തിന്റെ ഇടിവുണ്ടായി എന്ന റിപ്പോര്‍ട്ട് യഥാര്‍ത്ഥത്തിലുള്ളതിനേക്കാള്‍ എത്രയോ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യയിലെ സാമ്പത്തികാവസ്ഥ വെല്ലുവിളിയുയര്‍ത്തുന്ന അന്തരീക്ഷത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും എത്രയും പെട്ടന്ന് നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ