യു.എന്‍ ബോര്‍ഡ് ഓഫ് ഓഡിറ്റേഴ്‌സിലേയ്ക്ക് ഇന്ത്യന്‍ സി.എ.ജിയും
India
യു.എന്‍ ബോര്‍ഡ് ഓഫ് ഓഡിറ്റേഴ്‌സിലേയ്ക്ക് ഇന്ത്യന്‍ സി.എ.ജിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd November 2013, 1:33 am

[]ന്യൂദല്‍ഹി: ഇന്ത്യയുടെ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ശശികാന്ത് ശര്‍മ്മ യു.എന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണിത്. പൊതുസഭയുടെ അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് ബഡ്ജറ്ററി ക്വസ്റ്റ്യന്‍സിന്റെ അഞ്ചാം കമ്മറ്റിയില്‍ ആകെയുള്ള 186 വോട്ടില്‍ 124-ഉം ശര്‍മ്മ നേടിയെടുത്തു.

തൊട്ട് പിന്നിലെത്തിയ ഫിലിപ്പീന്‍സിന് ലഭിച്ചത് 62 വോട്ട് മാത്രമാണ്. ഭൂരിപക്ഷവും ഏറ്റവും കൂടുതല്‍ വോട്ടുകളും ലഭിച്ച ശര്‍മ്മ ആറ് വര്‍ഷത്തേയ്ക്ക് ഐക്യരാഷ്ട്രസഭയുടെ ഓഡിറ്റേഴ്‌സ് ബോര്‍ഡില്‍ അംഗമായിരിക്കും. അടുത്ത വര്‍ഷം ജൂലൈ ഒന്ന് മുതലാണ് കാലാവധി ആരംഭിക്കുക.

ഐക്യരാഷ്ട്രസംഘടനയുടെ അക്കൗണ്ടുകളും വിവിധ പ്രോഗ്രാമുകളുടെ ഫണ്ടുകളും ഓഡിറ്റ് ചെയ്യുകയാണ് ഓഡിറ്റേഴ്‌സ് ബോര്‍ഡിലുള്ളവരുടെ പ്രധാന ഉത്തരവാദിത്തം.

കൂടാതെ അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് ബഡ്ജറ്ററി ക്വസ്റ്റ്യന്‍സിന്റെ ഉപദേശകസമിതിയിലൂടെ പൊതുസഭയ്ക്ക്  നിര്‍ദ്ദേശങ്ങളും കണ്ടെത്തലുകളും റിപ്പോര്‍ട്ട് ചെയ്യാനും സാധിക്കും.

അംഗരാജ്യങ്ങളുടെ ഓഡിറ്റര്‍ ജനറല്‍മാരില്‍ നിന്നാണ് ബോര്‍ഡിലേയ്ക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇതിന് മുമ്പ് 1993 മുതലുള്ള ആറ് വര്‍ഷത്തേയ്ക്കാണ് ഇന്ത്യ ബോര്‍ഡംഗമായിരുന്നത്.