| Thursday, 8th June 2017, 12:23 pm

മാധ്യമ സ്വാതന്ത്ര്യത്തെ തകര്‍ക്കുന്ന ഇന്ത്യ: ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍ പൂര്‍ണരൂപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയിലെ ഏറ്റവും പഴയ സ്വകാര്യ ടെലിവിഷന്‍ വാര്‍ത്താ സ്റ്റേഷനായ എന്‍.ഡി.ടി.വിയുടെ സ്ഥാപകരുമായി ബന്ധപ്പെട്ട ഓഫീസുകള്‍ തിങ്കളാഴ്ച രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സി റെയ്ഡ് ചെയ്തതോടെ ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം പുതിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കീഴില്‍ ഇന്ത്യയിലെ വാര്‍ത്താ മാധ്യമങ്ങളെ വിരട്ടാനുള്ള ശ്രമങ്ങളുടെ അപകടകരമായ സൂചനയാണിത്.

കഥ അല്പം സങ്കീര്‍ണമാണ്. എങ്കിലും സംക്ഷിപ്തരൂപം ഇങ്ങനെ: ഐ.സി.ഐ.സി.ഐ എന്ന സ്വകാര്യ ബാങ്കില്‍ ലോണ്‍ തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട് എന്‍.ഡി.ടി.വി സ്ഥാപകര്‍ വീഴ്ചവരുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നാണ് സി.ബി.ഐയുടെ വാദം.

എന്നാല്‍ 2009ല്‍ ഐ.സി.ഐ.സി.ഐ പറഞ്ഞത് പണം മുഴുവനും അടച്ചു എന്നാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല എന്നു പറയുന്ന അന്വേഷണ സംഘം “പലിശനിരക്കില്‍ ഇലളവുനല്‍കിയത് ബാങ്കിനു നഷ്ടമുണ്ടാക്കിയെന്നും അതുകൊണ്ടാണ് റെയ്ഡ് എന്നും” വിശദീകരിക്കുന്നു.

ഇന്ത്യയിലെ വന്‍കിട കോര്‍പ്പറേഷനുകള്‍ കടംതിരിച്ചടക്കുന്നതില്‍ സ്ഥിരമായി വീഴ്ചവരുത്തിയിട്ടും അധികൃതര്‍ എത്തിനോക്കുകപോലും ചെയ്തിട്ടില്ല. മാത്രമല്ല, ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ക്ക് 186ബില്യണ്‍ ഡോളര്‍ കിട്ടാക്കടമുണ്ടെന്നിരിക്കെ തിരിച്ചടവില്‍ വീഴ്ചവരുത്തിയ വന്‍കിടക്കാരെ തൊടാന്‍ മോദി സര്‍ക്കാര്‍ മടിക്കുകയാണ്.

പക്ഷെ, ഒരു സ്വകാര്യ ബാങ്കിന്റെ നിര്‍ദേശപ്രകാരം ലോണ്‍ അടച്ച് വര്‍ഷങ്ങള്‍ക്കുശേഷം പെട്ടെന്ന് ഇന്ത്യയിലെ പ്രധാന മാധ്യമ സ്ഥാപനത്തിനെതിരെ നാടകീയമായ റെയ്ഡ് ഉണ്ടായിരിക്കുന്നു. എന്‍.ഡി.ടി.വിയ്‌ക്കെതിരായ “പ്രതികാരം” ആണ് ഈ റെയ്ഡ് എന്ന മോദി വിമര്‍ശകരുടെ നിഗമനം തള്ളിക്കളയാനാവാത്തതാണ്.

2014ല്‍ മോദി അധികാരത്തിലെത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാണ്. സര്‍ക്കാറിനെ വിമര്‍ശിച്ച്, ശക്തരായ രാഷ്ട്രീയ നേതാക്കളെയും വെളിപ്പെടാന്‍ ആഗ്രഹിക്കാത്ത അവരുടെ ബിസിനസ് താല്‍പര്യങ്ങളെയും തുറന്നുകാട്ടുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ ജീവന്‍ അല്ലെങ്കില്‍ കരിയര്‍ അപകടപ്പെടുത്തേണ്ടിവരുന്നു.

സര്‍ക്കാറിനെ എതിരിടുന്ന മാധ്യമങ്ങള്‍ വേട്ടയാടപ്പെടുന്നു. സെല്‍ഫ് സെന്‍സറിനുള്ള പ്രലോഭനം വര്‍ധിക്കുകയും വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാറുമായി യോജിക്കുന്ന കടുത്ത ദേശീയത അധികരിക്കുകയും ചെയ്യുന്നു.


Also Read: യെച്ചൂരിയെ ആരും അക്രമിച്ചിട്ടില്ലെന്ന് ദല്‍ഹി പൊലീസിന്റെ ചാര്‍ജ് ഷീറ്റ്; മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തത്; പ്രതികള്‍ക്കെതിരെ ചുമത്തിയത് നിസാര കുറ്റം


ഇങ്ങനെയൊക്കെയാണെങ്കിലും, എന്‍.ഡി.ടി.വി തലകുനിക്കാതെ തന്നെ നിലകൊണ്ടു. കഴിഞ്ഞവര്‍ഷം ഒരു എയര്‍ബേസിനെതിരെയുണ്ടായ ആക്രമണം റിപ്പോര്‍ട്ടു ചെയ്തതിന്റെ ശിക്ഷയെന്നു പറഞ്ഞു എന്‍.ഡി.ടി.വിയുടെ ഹിന്ദി സ്റ്റേഷന്‍ ഒരു ദിവസത്തേക്ക് അടയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഔദ്യോഗിക ഭാഷ്യം അടിസ്ഥാനമാക്കിയാണ് തങ്ങളുടെ റിപ്പോര്‍ട്ടു എന്നു പറഞ്ഞുകൊണ്ട് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുകയാണുണ്ടായത്.

ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ റിപ്പോര്‍ട്ടറായ പ്രവീണ്‍ സ്വാമി തിങ്കളാഴ്ച ട്വിറ്ററില്‍ അഭിപ്രായപ്പെട്ടത് “ഇതൊരു നിര്‍ണായ ഘട്ടമാണെന്നാണ്” “ഏറ്റവും ഒടുവിലായി ഇത്തരമൊരു സംഭവം നടന്നത് അടിയന്തരാവസ്ഥകാലത്താണ്” എന്ന് 1975-77കാലഘട്ടത്തില്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഏര്‍പ്പെടുത്തിയ സെന്‍സര്‍ഷിപ്പിനെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.

സി.ബി.ഐ ചൊവ്വാഴ്ച പറഞ്ഞത് “തങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ പൂര്‍ണമായി അംഗീകരിക്കുന്നു” എന്നാണ്. ഇത് ശരിയായാല്‍ കൂടി മോദി അതു ചെയ്യുന്നുണ്ടോയെന്നതാണ് ചോദ്യം.

We use cookies to give you the best possible experience. Learn more