| Sunday, 1st September 2019, 2:19 pm

കശ്മീരിലെ ഇന്ത്യയുടെ നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് യു.എസ് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: കശ്മീരിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന് മത്സരിക്കുന്ന യു.എസ് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷമുള്ള കശ്മീരിലെ കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും സാന്‍ഡേഴ്‌സ് പറഞ്ഞു.

കശ്മീരികളുടെ ആഗ്രഹ പ്രകാരമുള്ള യു.എന്‍ പിന്തുണയോടുള്ള സമാധാനശ്രമങ്ങളെ യു.എസ് സര്‍ക്കാര്‍ പിന്തുണക്കണമെന്ന് സാന്‍ഡേഴ്‌സ് പറഞ്ഞു. കശ്മീരില്‍ നിലനില്‍ക്കുന്ന ഇന്റര്‍നെറ്റ്, ടെലഫോണ്‍ ബന്ധത്തിലെ തടസം ഉടന്‍ നീക്കണമെന്നും സാന്‍ഡേഴ്‌സ് പറഞ്ഞു.

സുരക്ഷയുടെ പേരില്‍ കശ്മീരില്‍ സര്‍ക്കാര്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ കശ്മീരിലേക്കുള്ള മെഡിക്കല്‍ സംഘത്തെ തടസ്സപ്പെടുത്തുന്നുവെന്നും സാന്‍ഡേഴ്‌സ് പറഞ്ഞു.

ഹൂസ്റ്റണില്‍ നടന്ന ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു സാന്‍ഡേഴ്‌സ്. എല്ലാ് ഡെമോക്രാറ്റ്, റിപ്പബ്ലിക്ക് സ്ഥാനാര്‍ത്ഥികളെയും വിളിച്ചിരുന്നുവെന്നും ജൂലിയന്‍ കാസ്‌ട്രോയും ബെര്‍ണി സാന്‍ഡേഴ്‌സും മാത്രമാണ് വന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

നേരത്തെ യു.എസ് കോണ്‍ഗ്രസ് അംഗം അന്‍ഡി ലെവിന്‍, മിന്‍സോട്ട പ്രതിനിധി ഇല്‍ഹാന്‍ ഒമര്‍ എന്നിവര്‍ കശ്മീരിലെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും പാകിസ്താനടക്കമുള്ള ലോക രാജ്യങ്ങള്‍ ഇക്കാര്യം മാനിക്കണമെന്നുമാണ് ഇന്ത്യ നിലപാട് സ്വീകരിച്ചിരുന്നത്. വിഷയത്തില്‍ അമേരിക്കയുടെ മധ്യസ്ഥത ആവശ്യമില്ലെന്നും ഇന്ത്യ നിലപാടെടുത്തിരുന്നു.

.

We use cookies to give you the best possible experience. Learn more