| Tuesday, 5th July 2016, 1:51 am

നൂറ് മീറ്റര്‍ റിലേ റെക്കോര്‍ഡ് വീണ്ടും തിരുത്തി ഇന്ത്യന്‍ വനിതകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കസാഖിസ്ഥാന്‍: രണ്ട് മാസത്തിനിടെ രണ്ടാം തവണയും ദേശീയ റെക്കോര്‍ഡ് തിരുത്തിയ പ്രകടനത്തോടെ 4×100 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ വനിതാ ടീം ഒളിപിക്‌സ് പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചു. തിങ്കളാഴ്ച നടന്ന കാസാഖിസ്താന്‍ ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 43.42 സെക്കന്റില്‍ ഓടിയെത്തിയാണ് ഇന്ത്യന്‍ വനിതകള്‍ പഴയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്.

മലയാളി താരം മെര്‍ലിന്‍ ജോസഫ്, ശ്രബാനി നന്ദ, എച്ച്. എം ജ്യോതി, ദ്യുതി ചന്ദ് എന്നിവരുള്‍പ്പെട്ട ടീമാണ് പുതിയ റെക്കോര്‍ഡിട്ടത്. പക്ഷെ ടീമിന് രണ്ടാമതായി ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. 42.99 സെക്കന്റില്‍ ഓടിയെത്തിയ ആതിഥേയരായ കസാഖിസ്ഥാനാണ് സ്വര്‍ണ്ണം.

കഴിഞ്ഞ മെയില്‍ ചൈനയില്‍ നടന്ന വേള്‍ഡ് ചാലഞ്ച് മീറ്റില്‍ കുറിച്ച 44.03 സെക്കന്റാണ് ഇന്ത്യന്‍ വനിതകളുടെ പുതിയ കുതിപ്പില്‍ പഴങ്കഥയായത്. അന്ന് പതിനെട്ട് വര്‍ഷം മുമ്പ് കുറിച്ച റെക്കോര്‍ഡാണ് ടീമിന്ത്യ തകര്‍ത്തത്. 1998 ജപ്പാനില്‍ പി.ടി.ഉഷ, രചിത മിസ്ട്രി, സരസ്വതി ഡേ, ഇ.ബി.ഷൈല എന്നിവരുള്‍പ്പെട്ട ടീം കുറിച്ച 44.33 എന്ന റെക്കോര്‍ഡ്.

റെക്കോര്‍ഡ് വീണ്ടും തിരുത്തിയതോടെ ഇന്ത്യന്‍ ടീമിന്റെ ഒളിമ്പിക്‌സ് പ്രതീക്ഷകള്‍ കുറെക്കൂടി സജീവമായി. ലോകറാങ്കിങ്ങിലെ ആദ്യ 16 ടീമുകള്‍ക്കാണ് റിയോ ഒളിപിക്‌സിലെ റിലേയില്‍ യോഗ്യത. നിലവില്‍ വനിതാ ടീം പന്തൊമ്പതാം സ്ഥാനത്താണ്. ജൂലൈ പതിനൊന്നിനകം ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനങ്ങളില്‍ യോഗ്യത നടണമെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. പ്രകടനം മെച്ചപ്പെടുത്താനായി ഒരു അവസരം കൂടി ഇന്ത്യന്‍ ടീമിനുണ്ട്.

ജൂലൈയ് 10, 11 തീയ്യതികളില്‍ ബംഗ്ലൂരില്‍ അത്‌ലറ്റിക് മീറ്റ് സംഘടിപ്പിക്കാന്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. റിയോയിലേക്ക് ബര്‍ത്ത് നേടാനുള്ള അവസാന അവസരമാവുമിത്. മീറ്റില്‍ സമയം ഇനിയും മെച്ചപ്പെടുത്തുകയാണെങ്കില്‍ ഒരു പക്ഷെ ഇന്ത്യന്‍ വനിതാ റിലേ ടീമിന് ഒളിമ്പിക്‌സില്‍ പങ്കെടുക്കാനവസരം ലഭിച്ചേക്കാം.

We use cookies to give you the best possible experience. Learn more