ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ നിര്‍ണായകമായ നാലാം ടെസ്റ്റിന് കളമൊരുങ്ങുകയാണ്. ക്രിസ്തുമസ് ദിനത്തിന്റെ പിറ്റേ ദിവസം ബോക്‌സിങ് ഡേയിലാണ് നാലാം ടെസ്റ്റ് ആരംഭിക്കുന്നത്. വിശ്വപ്രസിദ്ധമായ മെല്‍ബണാണ് വേദി.
ബോക്‌സിങ് ഡേ ടെസ്റ്റുകള്‍ക്ക് ഓസ്‌ട്രേലിയയുടെ ക്രിക്കറ്റ് ഭൂമികയില്‍ പ്രത്യേക സ്ഥാനമാണുള്ളത്. ഇക്കാരണംകൊണ്ടുതന്നെ എന്ത് വിലകൊടുത്തും ഓസ്‌ട്രേലിയ ബോക്‌സിങ് ഡേ ടെസ്റ്റ് വിജയിക്കാന്‍ ശ്രമിക്കും.
എന്നാല്‍ കഴിഞ്ഞ രണ്ട് ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ബോക്‌സിങ് ഡേ ടെസ്റ്റ് വിജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഇത്തവണ തുടര്‍ച്ചയായ മൂന്നാം ബോക്‌സിങ് ഡേ ടെസ്റ്റും വിജയിച്ച് ഹാട്രിക് വിജയത്തിനാകും ഇന്ത്യ ശ്രമിക്കുക.
ക്രിസ്തുമസിന് ശേഷം തങ്ങള്‍ക്ക് ലഭിച്ച ഗിഫ്റ്റ് ബോക്സുകള്‍ തുറക്കുന്നതും, സമ്മാനങ്ങള്‍ ലഭിക്കാതെ പോയവര്‍ക്ക് ഗിഫ്റ്റ് നല്‍കുന്നതുമായ ബോക്സിങ് ഡേയില്‍ ആരംഭിക്കുന്ന മത്സരങ്ങളില്‍ ഇതുവരെ അഞ്ച് ഇന്ത്യന്‍ താരങ്ങളാണ് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്. ഇതില്‍ മൂന്ന് തവണ ഓസ്‌ട്രേലിയക്കെതിരെയും രണ്ട് തവണ സൗത്ത് ആഫ്രിക്കക്കെതിരെയുമാണ് ഈ നേട്ടം പിറവിയെടുത്തത്.
ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും ബോക്‌സിങ് ഡേ ടെസ്റ്റുകള്‍ കളിക്കാറുണ്ടെങ്കിലും കങ്കാരുക്കളുടെ മത്സരങ്ങളാണ് കൂടുതല്‍ പ്രശസ്തമായത്. ഇക്കാരണം കൊണ്ടുതന്നെ ബോക്‌സിങ് ഡേ ടെസ്റ്റ് എന്ന പേര് ഓസ്‌ട്രേലിയയുടെ മത്സരങ്ങളെ വിളിച്ചുപോന്നു.
1999ലാണ് ആദ്യമായി ഒരു ഇന്ത്യന്‍ താരത്തെ തേടി ബോക്‌സിങ് ഡേ ടെസ്റ്റിലെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരമെത്തുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍. പരമ്പരയിലെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ സച്ചിന്‍ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയും നേടിയാണ് കളിയിലെ താരമായത്.
11 വര്‍ഷങ്ങള്‍ക്ക് ശേഷം 2010ലാണ് മറ്റൊരു ഇന്ത്യന്‍ താരം ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്. അന്ന് സൗത്ത് ആഫ്രിക്കയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍.
മത്സരത്തിലെ രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി 134 റണ്‍സടിച്ച വി.വി.എസ്. ലക്ഷ്മണിനെ തേടിയാണ് പുരസ്‌കാരമെത്തിയത്. മത്സരത്തില്‍ ഇന്ത്യ 87 റണ്‍സിന് വിജയിച്ചു.
2018ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ജസ്പ്രീത് ബുംറയിലൂടെ വീണ്ടും ഇന്ത്യന്‍ താരം ബോക്‌സിങ് ഡേ ടെസ്റ്റിലെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കി. ഫൈഫറടക്കം ഒമ്പത് വിക്കറ്റാണ് ബുംറ അന്ന് സ്വന്തമാക്കിയത്.
ശേഷം 2020ല്‍ നടന്ന പര്യടനത്തിലും ഇന്ത്യന്‍ താരം ഓസ്‌ട്രേലിയന്‍ മണ്ണില്‍ ബോക്‌സിങ് ഡേ ടെസ്റ്റിലെ കളിയിലെ താരമായി. സെഞ്ച്വറിയുമായി തിളങ്ങിയ ഇന്ത്യന്‍ നായകന്‍ അജിക്യ രഹാനെയാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ഈ നേട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബോക്‌സിങ് ഡേ ടെസ്റ്റിലെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന താരത്തിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കുന്ന മല്ലാഗ് മെഡലും രഹാനെ സ്വന്തമാക്കി. ഈ മെഡല്‍ നേടുന്ന ആദ്യ താരവും ഓസ്‌ട്രേലിയക്കാരനല്ലാത്ത ആദ്യ താരവുമായിരുന്നു രഹാനെ.
മുന്‍ നായകന്‍ ജോണി മല്ലാഗിനോടുള്ള ആദര സൂചകമായാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ മല്ലാഗ് മെഡല്‍ സമ്മാനിക്കുന്നത്. രഹാനെക്ക് ശേഷം സ്‌കോട്ട് ബോളണ്ട്, ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ് എന്നിവരാണ് ഈ മെഡലിന് അര്‍ഹരായത്.
2021ലെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ കെ.എല്‍. രാഹുലാണ് ഒടുവില്‍ ബോക്‌സിങ് ഡേ ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ ഇന്ത്യന്‍ താരം.
സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ സെഞ്ച്വറി നേടിയ രാഹുലിന്റെ കരുത്തില്‍ ഇന്ത്യ 113 റണ്‍സിന്റെ മികച്ച വിജയം സ്വന്തമാക്കി.
കഴിഞ്ഞ വര്‍ഷവും ഇന്ത്യ സൗത്ത് ആഫ്രിക്കക്കെതിരെ ബോക്‌സിങ് ഡേ ടെസ്റ്റ് കളിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ ഇന്നിങ്‌സിനും 32 റണ്‍സിനും ഇന്ത്യ പരാജയമേറ്റുവാങ്ങിയിരുന്നു.
ഇപ്പോള്‍ മറ്റൊരു ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. ഈ ലിസ്റ്റിലേക്ക് പുതിയ ഇന്ത്യന്‍ താരമെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content Highlight: Indians Won Player Of The Match Awards in Boxing Day Test match