| Sunday, 22nd July 2018, 3:11 pm

ഇന്ത്യക്കാര്‍ വാഗാ അതിര്‍ത്തിയില്‍ വന്നു പാകിസ്ഥാനികളെ യജമാനനെന്നു വിളിക്കും; സാധിച്ചില്ലെങ്കില്‍ എന്നെ പേരു മാറ്റി വിളിച്ചോളൂ: ഷെഹബാസ് ഷരീഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പഞ്ചാബ്: തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യക്കാരെക്കൊണ്ട് പാകിസ്ഥാനികളെ യജമാനനെന്നു വിളിപ്പിക്കുമെന്ന് പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് നവാസ് വിഭാഗം അധ്യക്ഷന്‍ ഷെഹബാസ് ഷരീഫ്. മുഖ്യപ്രതിയോഗികളായ ഇന്ത്യയേക്കാള്‍ മികച്ച രാജ്യമാക്കി പാകിസ്ഥാനെ മാറ്റുമെന്നാണ് ഷരീഫിന്റെ പ്രസ്താവനയെന്നു സൂചിപ്പിക്കുന്നതാണ് മാധ്യമറിപ്പോര്‍ട്ടുകള്‍.

പാക് പഞ്ചാബിലെ സര്‍ഗോധ ജില്ലയില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഷരീഫിന്റെ പ്രസ്താവന. അധികാരത്തില്‍ വന്ന ശേഷം താന്‍ പാകിസ്ഥാനെ ഇന്ത്യയെക്കാള്‍ മുന്‍പന്തിയില്‍ കൊണ്ടുവന്നില്ലെങ്കില്‍ തന്റെ പേരു മാറ്റി വിളിച്ചോളൂ എന്നാണ് ഷരീഫ് റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരോട് പറഞ്ഞത്.

“ഇന്ത്യക്കാര്‍ വാഗാ അതിര്‍ത്തിയില്‍ വന്ന് പാകിസ്ഥാനികളെ യജമാനന്‍ എന്നു വിളിക്കുന്ന അവസ്ഥ കൊണ്ടുവരും.” ഷരീഫ് പറയുന്നു. കൂടാതെ പാകിസ്ഥാനെ മലേഷ്യയ്ക്കും തുര്‍ക്കിക്കും തുല്യമായ നിലവാരത്തിലേക്ക് ഉയര്‍ത്തും. മലേഷ്യന്‍ പ്രധാനമന്ത്രി മഹതിര്‍ മുഹമ്മദിനെയും തുര്‍ക്കി പ്രസിഡന്റ് ത്വയിബ് എര്‍ദോഗനെയും സന്ദര്‍ശിച്ച് അവരില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പാകിസ്ഥാനെ വീണ്ടും ശ്രേഷ്ഠമായ രാജ്യമാക്കി മാറ്റുമെന്നും ഷരീഫ് വാഗ്ദാനം നല്‍കുന്നു.


Also Read: ജൂലിയന്‍ അസാഞ്ചിന് നല്‍കിവരുന്ന അഭയം അവസാനിപ്പിക്കാന്‍ ഇക്വഡോര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍


രാജ്യത്തിന് കപട വാഗ്ദാനങ്ങള്‍ നല്‍കുന്ന ഇമ്രാന്‍ ഖാനെപ്പോലുള്ള നേതാക്കള്‍ക്ക് വോട്ടു നല്‍കിയാല്‍ പാകിസ്ഥാനെ മുന്‍നിരയിലേക്കു കൊണ്ടുവരാന്‍ സാധിക്കില്ല. റോഡുകളില്‍ നിന്നും യു-ടേണ്‍ ബോര്‍ഡുകള്‍ എടുത്തുമാറ്റി പകരം ഇമ്രാന്‍ ഖാന്റെ ചിത്രം വയ്ക്കണം. അദ്ദേഹത്തിന്റെ രാഷ്ട്രീയം അടിസ്ഥാനരഹിതമായ ആരോപണങ്ങളിലും വ്യാജവാഗ്ദാനങ്ങളിലും അധിഷ്ഠിതമാണ്, ഷരീഫ് കൂട്ടിച്ചേര്‍ത്തു.

“പഞ്ചാബ് സര്‍ക്കാരിനെതിരെ അഴിമതിയാരോപണം കൊണ്ടുവന്നയാളാണ് ഇമ്രാന്‍. പക്ഷേ ഒറ്റപ്പൈസയുടെ തിരിമറി ഞാന്‍ നടത്തിയതായി തെളിയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല.”

തന്റെ സഹോദരന്‍ നവാസ് ഷരീഫിനെ അറസ്റ്റു ചെയ്ത നടപടിയെയും ഷെഹബാസ് ഷരീഫ് അപലപിച്ചു. അമ്മയെ കാണാന്‍ പോലും അദ്ദേഹത്തെ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.

We use cookies to give you the best possible experience. Learn more