കീവ്: ഉക്രൈനില്‍ റഷ്യ വ്യോമാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും തുടങ്ങിയതോടെ വിദ്യാര്‍ത്ഥികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യന്‍ പൗരന്മാര്‍ നാട്ടിലേക്ക് തിരിച്ചുപോരാനാവാതെ ഉക്രൈനില്‍ കുടുങ്ങി.
മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്.
രക്ഷാദൗത്യത്തിന് ഇന്ത്യ അയച്ച വിമാനം ഉക്രൈനില്‍ ഇറങ്ങാനാവാതെ ദല്‍ഹിയിലേക്ക് മടങ്ങി.
ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉക്രൈനിലെ വിമാനത്താവളങ്ങളെല്ലാം അടച്ചിടുകയും പട്ടാളനിയമം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യക്കാര്‍ കുടുങ്ങിയിരിക്കുന്നത്.
വിവരങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നോര്‍ക്ക അറിയിച്ചു.
തലസ്ഥാനമായ കീവിലടക്കം ഉക്രൈനിലെ ആറ് പ്രദേശങ്ങളില്‍ ഷെല്ലാക്രമണവും
ക്രമറ്റോസ്‌കില്‍ വ്യോമാക്രമണവും റഷ്യ നടത്തുന്നതായാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.
കരമാര്‍ഗവും ആക്രമണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഉക്രൈന്റെ സൈനിക കേന്ദ്രങ്ങളാണ് റഷ്യ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉക്രൈന്‍ സൈന്യം ആയുധങ്ങള്‍ താഴെ വെച്ച് കീഴടങ്ങണമെന്നും അല്ലാത്തപക്ഷം തിരിച്ചടിയുണ്ടാകുമെന്നും പുടിന്‍ പറഞ്ഞിരുന്നു.
അതേസമയം, ലോകം മുഴുവന്‍ ഒറ്റക്കെട്ടായി റഷ്യയെ എതിര്‍ക്കുമെന്നും ഉക്രൈനെ പിന്തുണക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു ബൈഡന്റെ പ്രതികരണം.
നാറ്റോ ഒറ്റക്കെട്ടായി റഷ്യയെ തിരിച്ചടിക്കുമെന്നും യുദ്ധം കാരണമുണ്ടാകുന്ന എല്ലാ മരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും കാരണം റഷ്യ മാത്രമായിരിക്കുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം വിഷയത്തില്‍ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം ഇന്ന ചേരുകയാണ്.
Content Highlight: Indians trapped in Ukraine