| Friday, 20th June 2014, 8:23 am

സ്വിസ് ബാങ്കില്‍ ഇന്ത്യയില്‍ നിന്ന് 14,000 കോടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] സൂറിച്ച്: കുപ്രസിദ്ധമായ സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ നിക്ഷേപം 14,000 കോടി (200 കോടി സ്വിസ് ഫ്രാങ്ക്) കടന്നു. സ്വിറ്റ്‌സര്‍ലന്‍ഡ് കേന്ദ്ര ബാങ്കായ സ്വിസ് നാഷണല്‍ ബാങ്ക് പുറത്തുവിട്ട രേഖയിലാണ് ഈ വിവരമുള്ളത്.

2012ല്‍ 142 കോടി സ്വിസ് ഫ്രാങ്ക് ആയിരുന്ന ഇന്ത്യക്കാരുടെ സ്വിസ് നിക്ഷേപം. 2013ല്‍ ഇത് 40 ശതമാനം വര്‍ധിച്ചു. ഓരോ വര്‍ഷവും മൊത്തം നിക്ഷേപം വര്‍ധിക്കുന്നുണ്ടെങ്കിലും നിക്ഷേപിക്കുന്ന തുക കഉറഞ്ഞു വരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

2013ല്‍ സ്വിസ് ബാങ്കുകളിലെ വിദേശ ഇടപാടുകാരുടെ നിക്ഷേപം മൂന്നിലൊന്നു കുറഞ്ഞ് 90 ലക്ഷം കോടി രൂപയിലെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരം ആവശ്യപ്പെട്ടു വിവിധ രാജ്യങ്ങളുടെ സമ്മര്‍ദം ശക്തമായ സാഹചര്യത്തിലാണു സ്വിസ് ബാങ്ക് റിപ്പേര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം സ്വിസ് ബാങ്ക് പുറത്തുവിട്ട കണക്ക് എത്രത്തോളം സത്യമാണ് എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. നിക്ഷേപകരുടെ വിവരവും തുകയും പുറത്തുവിടില്ല എന്ന ഉറപ്പിലാണ് കള്ളപ്പണക്കാര്‍ ഇവിടെ പണം നിക്ഷേപിക്കുന്നത്. യഥാര്‍ത്ഥ സംഖ്യ ഇനിയും ഉയരുവാന്‍ സാധ്യതയുണ്ട്.

ഇന്ത്യക്കാരുടെ സ്വിസ് നിക്ഷേപത്തെക്കുറിച്ചു പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more