| Wednesday, 18th March 2020, 9:38 am

കൊവിഡ് യാത്രാ വിലക്ക്; ക്വാലാലംപൂരില്‍ 400 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു; സംഘത്തില്‍ 70 മലയാളികളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്വാലാലംപൂര്‍: മലേഷ്യയില്‍ കൊവിഡ് 19 പടര്‍ന്നുപിടക്കുന് സാഹചര്യത്തില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു. ഇവരുടെ മടക്കയാത്ര പ്രതിസന്ധിയിലായിരിക്കുകയാണ്.

20 മണിക്കൂറിലധികമായി സംഘം വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ഇവരെ വിദേശകാര്യമന്ത്രാലയം ഇടപെട്ട് തിരിച്ചെത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.

മലേഷ്യയില്‍നിന്നും ഇന്ത്യയിലേക്ക് യാത്രാവിലക്കുള്ളതാണ് പ്രതിസന്ധിക്ക് കാരണം. യാത്രാവിലക്ക് മൂലം ഇവര്‍ക്കുള്ള വിമാനത്തിന് ഇതുവരെ പുറപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

70 മലയാളികളാണ് സംഘത്തിലുള്ളത്. 400 പേരുള്ള ഇന്ത്യന്‍ സംഘം ചൊവ്വാഴ്ച ഉച്ചമുതല്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്.

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇവരെ ക്വാലാലംപൂരില്‍നിന്ന് വിമാനത്തില്‍ ദല്‍ഹിയിലേക്കും വിശാഖപട്ടണത്തേക്കും എത്തിക്കാന്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ യാത്രാവിലക്കില്‍ തീരുമാനമാകാതെ വിമാനത്തിന് പുറപ്പെടാന്‍ കഴിയുന്നില്ല. പ്രതിസന്ധി ഇപ്പോഴും തുടരുകയാണെന്ന് സംഘത്തിലെ മലയാളികള്‍ അറിയിച്ചു.

കൊവിഡ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ഇന്ത്യ കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്താന്‍, മലേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടിയാണ് വിലക്ക്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more