അഡ്‌ലെയ്ഡ്: ഇന്ത്യന്‍ കളിക്കാര്‍ക്ക് ട്വന്റി 20 മത്സരങ്ങള്‍ കളിക്കാന്‍ മാത്രമേ അറിയുള്ളൂ എന്ന് മുന്‍ ഇന്ത്യന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍. കളിക്കാര്‍ക്ക് ടെസ്റ്റ് ക്രിക്കറ്റിനോട് വലിയതാത്പര്യമൊന്നുമില്ല. കളിക്കാരാരും തന്നെ ടെസ്റ്റ് കളിക്കാന്‍ ഫിറ്റല്ല. ടെസ്റ്റ് ക്രിക്കറ്റ് അവര്‍ എന്നും ഭയത്തോടെയാണ് കണ്ടത്.വളരെ സമ്മര്‍ദ്ദത്തോടെയാണ് ടീമിലെ പലതാരങ്ങളും ടെസ്റ്റിനെ നോക്കിക്കാണുന്നത്.
“ഒരു പരമ്പരയുടെ തുടക്കത്തില്‍ കുറച്ച് സമ്മര്‍ദ്ദം തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ അതില്‍ നിന്നും മികച്ചരീതിയിലേക്ക് വരാന്‍ താരങ്ങള്‍ക്ക് കഴിയണം. എനിയ്ക്ക് തോന്നുന്നത് ട്വന്റി 20 മത്സരങ്ങള്‍ കളിക്കാന്‍ മാത്രമാണ് അവര്‍ക്ക് താത്പര്യമെന്നാണ്. കാരണം അധികം കഷ്ടപ്പാടില്ലാതെ കൂടുതല്‍ പണം സമ്പാദിക്കാന്‍ കഴിയുന്ന ഒരു കളികൂടിയാണ് അത്.
കൂടാതെ സമ്മര്‍ദ്ദമില്ലാതെ അവര്‍ക്ക് കളിക്കാന്‍ കഴിയുന്ന ഏകകളിയും അത് തന്നെയാണ്. എനിയ്ക്ക് ടീമിലെ ഓരോരുത്തരേയും നന്നായി അറിയാം. അവരുടെ കൂടെ കളിക്കളത്തിലും ഡ്രസ്സിംഗ് റൂമിലും ഞാന്‍ ഉണ്ടായിരുന്നു. അവരില്‍ പലരും ടെസ്റ്റ് മത്സരങ്ങളെ പേടിപ്പിക്കുന്നവരാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ താരങ്ങളൊന്നും അങ്ങിനെയല്ല. അവരൊക്കെ ഏതുകളിയും വളരെ നിസ്സാരമായി കളിക്കാന്‍ കെല്‍പ്പുള്ളവരാണ്.
ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ വളരെ പ്രയാസം തന്നെയാണ്. അല്ലെന്നു പറയുന്നില്ല. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ മാനസികമായും ശാരീരികമായും ഏറെ തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. അനാവശ്യമായ ഷോട്ടുകള്‍ ഒഴിവാക്കി പറ്റാവുന്ന ബോളുകളെ മാത്രം നേരിടാന്‍ കഴിയണം. ഏറെ ക്ഷമയോടും പക്വതയോടും കളിക്കേണ്ട കളിയാണ് ടെസ്റ്റ്.
ഇന്ത്യന്‍ ടീമിന്റെ കള്‍ച്ചര്‍ വളരെ വ്യത്യസ്തമാണ്. അതൊരു ടീമിന്റെ കള്‍ച്ചര്‍ ആണെന്ന് എനിയ്ക്ക് തോന്നുന്നില്ല. അവര്‍ പലപ്പോഴും ചില കുട്ടികളെ പോലെയാണ് ഗ്രൗണ്ടില്‍ പെരുമാറുക. ഒരു പ്രത്യേകസാഹചര്യം വന്നാല്‍ അതിനെ എങ്ങനെ നേരിടണമെന്ന് അവര്‍ക്ക് അറിയില്ല. അവര്‍ക്ക് സ്വന്തമായി ഒരു തീരുമാനമില്ല.
അവര്‍ കുട്ടികളായിരിക്കുമ്പോള്‍ രക്ഷിതാക്കളുടെ തീരുമാനത്തിനനുസരിച്ച് പ്രവര്‍ത്തിച്ചു. സ്‌കൂളിലായിരിക്കുമ്പോള്‍ ടീച്ചര്‍മാര്‍ കാര്യങ്ങള്‍ തീരുമാനിച്ചു. പിന്നെ ക്രിക്കറ്റില്‍ എത്തിയപ്പോള്‍ അവരുടെ കോച്ച് കാര്യം തീരുമാനിച്ചു. ഇതാണ് അവരുടെ പ്രശ്‌നം. സ്വന്തമായി ഒരു തീരുമാനം എടുക്കാന്‍ കഴിയാത്തവരാണ് ഇന്ത്യന്‍ ടീമിലെ ഏറെ പേരും. ഉത്തരവാദിത്തങ്ങളെ ഏറ്റെടുക്കാന്‍ ടീമിലെ പലരും തയ്യാറല്ല.” ചാപ്പല്‍ കുറ്റപ്പെടുത്തി.