ന്യൂദല്‍ഹി: ബി.ജെ.പി നേതാക്കളുടെ വിദ്വേഷപ്രചരണങ്ങളോട് ഫേസ്ബുക്ക് മൃദുസമീപനം സ്വീകരിക്കുന്നതായുള്ള ആരോപണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
വ്യാജവും വിദ്വേഷപരവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ഫേസ്ബുക്കിന്റെ പങ്കാളിത്തം എല്ലാ ഇന്ത്യക്കാരും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വ്യാജ വാര്‍ത്തകളിലൂടെ വിദ്വേഷ പ്രചരണത്തിലൂടെയും ജനാധിപത്യത്തെ തകര്‍ക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അയച്ച കത്ത് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.
‘വ്യാജ വാര്‍ത്തകളിലൂടെ വിദ്വേഷ പ്രചരണത്തിലൂടെയും പക്ഷപാതപരമായ സമീപനത്തിലൂടെയും നമ്മുടെ ജനാധിപത്യത്തെ തകര്‍ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. വാള്‍സ്ട്രീറ്റ് ജേണല്‍ തുറന്നുകാട്ടിയതുപോലെ, വ്യാജവും വിദ്വേഷപരവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ഫേസ്ബുക്കിന്റെ പങ്കാളിത്തം എല്ലാ ഇന്ത്യക്കാരും ചോദ്യം ചെയ്യേണ്ടതുണ്ട്’, എന്നായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്തത്.
ഇന്ത്യയിലെ ഫേസ്ബുക്ക് മേധാവികള്‍ സ്വീകരിക്കുന്ന നയങ്ങള്‍ ഉന്നതാധികാര സമിതി അന്വേഷിക്കണമെന്നും 2014 തൊട്ട് ഫേസ്ബുക്കില്‍ വന്നിട്ടുള്ള വിദ്വേഷപോസ്റ്റുകളില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് പരസ്യമാക്കണമെന്നും കെ.സി വേണുഗോപാല്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസും സി.പി.ഐ.എമ്മും വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഇന്ത്യയിലെ ഫേസ്ബുക്ക് മേധാവി അങ്കി ദാസിനെതിരെ റായ്പ്പൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വര്‍ഗീയ-വിദ്വേഷ പ്രചരണങ്ങള്‍ക്ക് ഫേസ് ബുക്ക് വേദിയൊരുക്കി എന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ദല്‍ഹി കലാപത്തിലേക്കടക്കം നയിച്ച വര്‍ഗീയ-വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് ഫേസ്ബുക്ക് വേദിയാക്കി എന്ന് ചൂണ്ടിക്കാട്ടി റായ്പ്പൂര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനായ അവേഷ് തിവാരി നല്‍കിയ പരാതിയിലാണ് കേസ്.
ഇന്ത്യയിലെ ഭരണ പക്ഷത്തിന് അനുകൂല നിലപാടാണ് ഫേസ്ബുക്ക് സ്വീകരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഫേസ്ബുക്കിലെ തന്നെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കമ്പനിയുടെ പക്ഷപാത നിലപാട് വാള്‍സ്ട്രീറ്റ് ജേണല്‍ ചൂണ്ടിക്കാണിച്ചത്.
കലാപത്തിന് വരെ വഴിതെളിച്ചേക്കാവുന്ന വര്‍ഗീയ പരാമര്‍ശം നടത്തിയ ബി.ജെ.പിയുടെ തെലങ്കാന എം.എല്‍.എ രാജ സിംഗിനെതിരെ നടപടിയെടുക്കാന്‍ ഫേസ്ബുക്ക് തയാറായിരുന്നില്ല. ഇതോടെയാണ് ഫേസ്ബുക്കിന്റെ ബി.ജെ.പി അനുകൂല നിലപാട് ചര്‍ച്ചയായത്.