എന്‍.ആര്‍.ഐകള്‍ക്കും ഇനി യു.പി.ഐ പേയ്മെന്റുകള്‍ നടത്താം; തുടക്കം 10 രാജ്യങ്ങളില്‍
national news
എന്‍.ആര്‍.ഐകള്‍ക്കും ഇനി യു.പി.ഐ പേയ്മെന്റുകള്‍ നടത്താം; തുടക്കം 10 രാജ്യങ്ങളില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th January 2023, 2:17 pm

ന്യൂദല്‍ഹി: വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഉടന്‍ തന്നെ യു.പി.ഐ പേയ്മെന്റുകള്‍ സാധ്യമാകും. പത്ത് രാജ്യങ്ങളില്‍ കഴിയുന്ന നോണ്‍ റസിഡന്റ് ഇന്ത്യക്കാര്‍ക്ക് (NRI) അവരുടെ ഇന്റര്‍നാഷണല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് യു.പി.ഐ പേയ്‌മെന്റ് വഴി പണമയക്കാനാകും.

യു.എസ്, യു.കെ, സിംഗപ്പൂര്‍, കാനഡ, ഓസ്ട്രേലിയ, ഒമാന്‍, ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, ഹോങ്കോങ് എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇന്ത്യന്‍ ഫോണ്‍ നമ്പറിന്റെ സഹായമില്ലാതെ തന്നെ യു.പി.ഐ പേയ്‌മെന്റ് ചെയ്യാന്‍ വഴിയൊരുങ്ങുന്നത്.

ഈ രാജ്യങ്ങളിലുള്ള എന്‍.ആര്‍.ഐകള്‍ക്ക് ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ ഇല്ലാതെ തന്നെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താന്‍ അനുവദിക്കുന്ന ഒരു സംവിധാനം രൂപപ്പെടുത്താന്‍ യു.പി.ഐയോട് ആവശ്യപ്പെട്ടെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NCPI) അറിയിച്ചു.

തുടക്കത്തില്‍ ഈ പത്ത് രാജ്യങ്ങളുടെ കണ്‍ട്രി കോഡുകളുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇന്ത്യക്കാര്‍ക്ക് ഡിജിറ്റലായി ഇടപാടുകള്‍ നടത്താനാകും. സമീപ ഭാവിയില്‍ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും എന്‍.സി.പി.ഐ സര്‍ക്കുലറില്‍ പറയുന്നു.

നോണ്‍ റസിഡന്റ് എക്‌സ്റ്റേണല്‍ (എന്‍.ആര്‍.ഇ)/ നോണ്‍ റസിഡന്റ് ഓര്‍ഡിനറി (എന്‍.ആര്‍.ഒ) അക്കൗണ്ടുകളും ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പറും ഉപയോഗിച്ചാണ് പേയ്‌മെന്റ് സൗകര്യം ലഭ്യമാക്കുകയെന്ന് എന്‍.സി.പി.ഐ അറിയിച്ചു.

എന്‍.ആര്‍.ഇ അക്കൗണ്ടുകള്‍ വിദേശ പണം ഇന്ത്യയിലേക്ക് അയക്കുന്നതിനും എന്‍.ആര്‍.ഒ അക്കൗണ്ടുകള്‍ വിദേശത്ത് കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ഇന്ത്യയിലെ വരുമാനം കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നവയാണ്.

ഇത്തരമൊരു സംവിധാനം നടപ്പിലാവുന്നത് ഇന്ത്യ സന്ദര്‍ശിക്കുന്ന എന്‍.ആര്‍.ഐകള്‍ക്കാണ് ഏറ്റവും ഗുണകരമാവുകയെന്ന് എന്‍.സി.പി.ഐ ചെയര്‍മാന്‍ വിശ്വാസ് പട്ടേല്‍ പറഞ്ഞു.

പേയ്‌മെന്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ബാങ്കുകള്‍ക്ക് ഏപ്രില്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്.

Content Highlight: Indians Living In These 10 Countries Can Soon Make UPI Payments