ന്യൂദല്‍ഹി: വിദേശ രാജ്യങ്ങളിലെ ജയിലുകളിലുള്ള ഇന്ത്യാക്കാരുടെ പട്ടിക പുറത്തുവിട്ട് കേന്ദ്ര വിദേശകാര്യന്ത്രാലയം. പുറത്തുവിട്ട കണക്കനുസരിച്ച് എകദേശം 7850 ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ തടവിലാക്കപ്പെട്ടിട്ടുണ്ടെന്നു വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് അറിയിച്ചു. ഇതില്‍ത്തന്നെ സൗദി അറേബ്യയിലാണ് ഏറ്റവും അധികം ഇന്ത്യക്കാര്‍ തടവിലാക്കപ്പെട്ടിരിക്കുന്നത്.
2181 പേര്‍ സൗദിയിലുണ്ടെന്ന് ലോക്‌സഭയില്‍ മന്ത്രി അറിയിച്ചു. പല രാജ്യങ്ങളും കടുത്ത സ്വകാര്യ നിയമങ്ങള്‍ പാലിക്കുന്നതിനാല്‍ തടവുകാര്‍ അനുവദിക്കാതെ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നില്ല. നിലവില്‍ മന്ത്രാലയത്തിനു ലഭ്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുളള കണക്കാണ് 7850. ഇത്തരത്തില്‍ മന്ത്രാലയത്തിന്റെ എകദേശകണക്കില്‍ ഈ വര്‍ഷം ഫെബ്രുവരി 28 വരെ 360 പേരുടെ തടവുകാലാവധി അവസാനിച്ചിട്ടുണ്ടെന്നാണാണ് കണക്കാക്കുന്നത്.
ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ തടവുകാരുള്ള രണ്ടാമത്തെ രാജ്യം യു.എ.ഇയാണ്. 1628 പേരാണ് ഇവിടെ തടവില്‍ കഴിയുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
തടവുകാരെ സ്വദേശത്തേക്കു മടക്കിക്കൊണ്ടുവരുന്ന നിയമം 2003ല്‍ പാസാക്കിയതിനുശേഷം 170 അപേക്ഷകളാണ് ലഭിച്ചത്. 63 ഇന്ത്യന്‍ തടവുകാരെ വിദേശരാജ്യങ്ങളില്‍നിന്ന് ഇങ്ങനെ ഇന്ത്യയിലെത്തിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.