ലോകത്തെ പ്രമുഖരുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന നിര്‍ണ്ണായക വിവരങ്ങളായിരുന്നു പനാമ രേഖകള്‍. ഇന്നിതാ പനാമ പേപ്പര്‍ ഉയര്‍ത്തിയ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കു പിന്നാലെ പാക് മുന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫ് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന ആരോപണമായിരുന്നു നവാസ് ഷെരീഫിനെതിരെ പനാമ രേഖകള്‍ ഉയര്‍ത്തിയത്.
എന്നാല്‍ പനാമ രേഖകള്‍ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയ ഇന്ത്യക്കാര്‍ക്കെതിരെ ഇപ്പോഴും നടപടികളൊന്നുമുണ്ടായിട്ടില്ല. ഇന്ത്യയില്‍ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായി എന്നിവര്‍ക്കെതിരെയും ചില വ്യവസായികള്‍ക്കെതിരെയുമാണ് പനാമ പേപ്പര്‍ ആരോപണമുയര്‍ത്തിയത്. ഇവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കേസിന്‍മേല്‍ നടപടികളൊന്നും തന്നെ കാര്യമായി ഉണ്ടായിട്ടില്ല.
അമിതാഭ് ബച്ചന്‍ 1993 മുതല്‍ 1997 വരെയുള്ള കാലഘട്ടത്തില്‍ നാല് വിദേശ ഷിപ്പിംഗ് കമ്പനികളുടെ ഡയറക്ടര്‍ സ്ഥാനത്തിരുന്നിട്ടുണ്ട് എന്നാണ് പനാമയിലെ നിയമസ്ഥാപനത്തിന്റെ രേഖകളില്‍ പറയുന്നത്. ബി.വി.ഐ, ബഹാമസ് എന്നീ കമ്പനികളുടെ ഡയറക്ടര്‍ എന്ന രീതിയിലാണ് അമിതാഭിനെതിരെ ആരോപണമുണ്ടായത്.
ALSO READ: പനാമ പട്ടികയില്‍ മൂന്നാമതൊരു മലയാളി കൂടി
ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളിലെ ഒരു സ്ഥാപനത്തിന്റെ ഡയറക്ടറും ഓഹരിയുടമയും എന്ന രീതിയില്‍ ഐശ്വര്യാറായിക്കെതിരേയും രേഖകളുണ്ട്. 2008 ല്‍ ഐശ്വര്യയെ ഓഹരിയുടമയാക്കി മാറ്റിയിട്ടുണ്ട്. അമിതാഭ് ബച്ചനും മരുമകള്‍ ഐശ്വര്യ റായിയുമടക്കം അഞ്ഞൂറ് ഇന്ത്യക്കാര്‍ക്ക് വിദേശത്ത് വെളിപ്പെടുത്താത്ത നിക്ഷേപമുണ്ടെന്നും രേഖകള്‍ വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യയില്‍ അമിതാഭിനും ഐശ്വര്യക്കും പുറമേ ഡി.എല്‍.എഫ് ഉടമ കെ.പി സിംഗ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി എന്നിവരുടെ പേരുകളാണ് കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് പുറത്തു വന്നത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള ശിശിര്‍ ബജോരിയ, ഡല്‍ഹി ലോക് സട്ടാ പാര്‍ട്ടിയുടെ മുന്‍ നേതാവ് അനുരാഗ് കെജ്രിവാള്‍ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള രണ്ടു രാഷ്ട്രീയ നേതാക്കള്‍. ഇവര്‍ക്ക് പുറമേ ഇഖ്ബാല്‍ മിര്‍ച്ചിയുമുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെയൊന്നും ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല.
അനധികൃത നിക്ഷേപവുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന നിലപാടിലായിരുന്നു അമിത് ബച്ചനടക്കമുള്ള ബോളിവുഡ് താരങ്ങളും വ്യവസായികളും അടക്കമുള്ള പ്രമുഖര്‍ പ്രതികരിച്ചത്. സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം പനാമ രേഖകളില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കലില്‍ ഒതുങ്ങി.
വ്യക്തി വിവരങ്ങളും കമ്പനി വിവരങ്ങളും ആരായുന്ന രണ്ട് ചോദ്യാവലികളാണ് അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അയച്ചിരുന്നത്. പനാമ രേഖകളുമായി ബന്ധപ്പെട്ട് പതിനഞ്ച് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കുശേഷവും ഒരു നടപടിയും ഇതിലുണ്ടായിട്ടില്ല.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അമിതാഭ് ബച്ചനെ ഇന്‍ക്രഡിബിള്‍ ഇന്ത്യ പദ്ധതി, ബേഠി ബച്ചാവോ ബേഠി പഠാവോ ക്യാംപയിനുകള്‍ എന്നിവയുടെ ഗുഡ്‌വില്‍ അംബാസിഡറായി ചുമതലപ്പെടുത്തിയിരുന്നു. പനാമ വിവാദങ്ങളെത്തുടര്‍ന്ന് ഈ സ്ഥാനങ്ങള്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് പനാമ രേഖകളില്‍ ഉള്‍പ്പെട്ട ഇന്ത്യാക്കാരെ സംബന്ധിച്ച അന്വേഷണങ്ങളും വെളിപ്പെടുത്തലുകളെപ്പറ്റിയുമുള്ള വിവരങ്ങള്‍ അവ്യക്തമായി തുടരുകയായിരുന്നു.
പാകിസ്ഥാന്‍ മുന്‍ പ്രധാമന്ത്രി നവാസ് ഷെരീഫിനെതിരെ നിയമനടപടികളുമായി പാക് സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. എന്നാല്‍ ഇതേ കേസില്‍ ആരോപണ വിധേയരായ ഇന്ത്യയിലെ പ്രമുഖര്‍ക്കെതിരെയുള്ള അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്നത് കേന്ദ്രത്തിന്റെ തന്നെ വീഴ്ചകളിലൊന്നാണ്.
പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ് മിര്‍ പുടിന്‍ ഫുട്ബാള്‍ സൂപ്പര്‍ താരം ലിയോണല്‍ മെസ്സി എന്നിങ്ങനെ പല പ്രമുഖരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതായിരുന്നു പനാമ രേഖകള്‍.
മൊസ്‌ക് ഫൊന്‍സെക എന്ന സ്ഥാപനം വഴി നവാസ് ഷെരീഫിന്റെ മക്കളായ ഹസന്‍, ഹുസൈന്‍, മറിയം എന്നിവര്‍ വസ്തുക്കള്‍ വാങ്ങി എന്നതായിരുന്നു ഇവര്‍ക്കെതിരെയുള്ള പ്രധാന ആരോപണം. നേരത്തെ കേസില്‍ നിയമ നടപടി നേരിടേണ്ടി വന്നതിനാല്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് നവാസ് ഷെരീഫിന് പുറത്തു പോകേണ്ടി വന്നിരുന്നു.
ഉന്നതരുടെ അനധികൃത സമ്പാദ്യ വിവരങ്ങള്‍ പനാമ രേഖകള്‍ വഴി പുറത്തു വന്നതിനെത്തുടര്‍ന്ന് നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ എടുത്ത മൂന്ന് കേസുകളിലൊന്നിലാണ് കോടതി തടവ് വിധിച്ചത്.
പനാമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിയമസഹായ സ്ഥാപനമാണ് മൊസാക്ക് ഫൊണ്‍സേക. വ്യാജ കമ്പനികളുടെ പേരില്‍ കള്ളപ്പണം നിക്ഷേപിക്കാന്‍ ഇടപാടുകാര്‍ക്ക് രേഖകള്‍ ഉണ്ടാക്കിക്കൊടുക്കുന്നതാണ് ഇവരുടെ പ്രധാന ജോലി. ഇത്തരത്തില്‍ വ്യാജ നിക്ഷേപങ്ങള്‍ നടത്തിയവരുടെ വിവരങ്ങളാണ് പുറത്തുവന്ന പനാമ രേഖകളിലൂടെ വെളിപ്പെട്ടത്.