ന്യൂദല്‍ഹി: റഷ്യയില്‍ സൈനിക സേവനത്തിന് നിര്‍ബന്ധിതരായ ഇന്ത്യന്‍ പൗരന്‍മാരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വിഷയം റഷ്യന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്തന്നെും ഉടന്‍ നടപടി ഉണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങൾ വെള്ളിയാഴ്ച അറിയിച്ചു.
റഷ്യയില്‍ സൈനിക സേവനത്തിന് നിര്‍ബന്ധിതരായെന്ന പരാതിയുമായി നിരവധി ഇന്ത്യന്‍ പൗരന്‍മാര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് വിഷയത്തില്‍ കേന്ദ്രം ഇടപെട്ടത്.
ഉയര്‍ന്ന ശമ്പളത്തോടെ ജോലി ഭിക്കുമെന്ന വ്യാജേന ഇന്ത്യയില്‍ നിന്ന് യുവാക്കളെ റഷ്യയിലേക്കെത്തിച്ച ഒരു സംഘത്തെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട ഏകദേശം രണ്ട് ഡസനോളം ഇന്ത്യന്‍ പൗരന്‍മാര്‍ റഷ്യയിലെത്തിയിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ ഉക്രൈനെതിരെ യുദ്ധമുഖത്ത് ഇറങ്ങാന്‍ നിര്‍ബന്ധിതരായെന്ന് വിവരം ലഭിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി അവരെ റിക്രൂട്ട് ചെയ്ത ഏജന്റുമാര്‍ക്കതിരെ നടപടി ആരംഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയിലെ ഏഴ് നഗരങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തുകയും ഇന്ത്യക്കാരെ റഷ്യയിലേക്ക് കടത്തുന്ന ഒരു സംഘത്തെ കുറിച്ച് വിവരം ലഭിച്ചതായും പ്രസ്താവനയില്‍ പറയുന്നു.
ഇത്തരത്തില്‍ നിരവധി ഏജന്റുമാര്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തതായും പ്രസ്താവയില്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം വ്യാജ വാഗ്ദാനങ്ങളില്‍ വീണ് പോകാതെ ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Content Highlight: Indians Duped To Work With Russian Army, Sought Their Release: Centre