താലിബാന്‍ തടഞ്ഞുവെച്ച ഇന്ത്യക്കാരെ മോചിപ്പിച്ചു; എത്രയും വേഗം വിമാനത്താവളത്തിലെത്തിക്കാന്‍ ശ്രമം
Taliban
താലിബാന്‍ തടഞ്ഞുവെച്ച ഇന്ത്യക്കാരെ മോചിപ്പിച്ചു; എത്രയും വേഗം വിമാനത്താവളത്തിലെത്തിക്കാന്‍ ശ്രമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st August 2021, 3:05 pm

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തടഞ്ഞുവെച്ച ഇന്ത്യക്കാരെ മോചിപ്പിച്ചു. അഫ്ഗാനില്‍ നിന്നും മടങ്ങിവരാനൊരുങ്ങിയ 150ഓളം ഇന്ത്യക്കാരെ താലിബാന്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അഫ്ഗാന്‍ മാധ്യമങ്ങള്‍ തന്നെയായിരുന്നു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ആരെയും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ചില അന്വേഷണങ്ങള്‍ക്ക് വേണ്ടി ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നുമായിരുന്നു താലിബാന്റെ പ്രതികരണം.

ചോദ്യം ചെയ്യലിന് ശേഷം ഇന്ത്യക്കാരെ വിട്ടയച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇവരെ എത്രയും വേഗം വിമാനത്താവളത്തിലെത്തിച്ച് രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

രാവിലെയോടെയാണ് ഇന്ത്യക്കാരടങ്ങിയ സംഘം ആദ്യം ഹമീദ് കര്‍സായി വിമാനത്താവളത്തിലെത്തിയത്. ഇവരെ താലിബാന്‍ സംഘമെത്തി പിടിച്ചുകൊണ്ടുപോയെന്നാണ് കാബൂള്‍ നൗ എന്ന അഫ്ഗാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

താലിബാനികളില്‍ നിന്നും രക്ഷപ്പെട്ടവര്‍ പറഞ്ഞ വിവരങ്ങളാണ് തങ്ങള്‍ പങ്കുവെക്കുന്നതെന്നും കാബൂള്‍ നൗ പറഞ്ഞിരുന്നു. താലിബാന്‍ തട്ടിയെടുത്ത സംഘത്തില്‍ അഫ്ഗാന്‍ പൗരന്മാരും അഫ്ഗാനിലെ തന്നെ സിഖ് വംശജരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് രക്ഷപ്പെട്ടയാള്‍ പറഞ്ഞു. എന്നാല്‍ കൂടുതലും ഇന്ത്യക്കാരാണെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.

‘പുലര്‍ച്ചെ ഒരു മണിയോടെ എട്ട് മിനി വാനുകളിലായാണ് ഞങ്ങള്‍ വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ വിമാനത്താവളത്തിനകത്തേക്ക് കയറാന്‍ അവര്‍ അനുവദിച്ചില്ല,’ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത അഫ്ഗാന്‍ പൗരന്‍ പറഞ്ഞു.

ആയുധങ്ങളൊന്നുമില്ലാതെയാണ് താലിബാന്‍ സംഘം വന്നതെന്നും എന്നാല്‍ വാനിലുണ്ടായിരുന്നവരെ ഇവര്‍ മര്‍ദിച്ചുവെന്നും ആദ്യം വന്ന റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. നേരത്തെ അഫ്ഗാനിലെ ഇന്ത്യന്‍ എംബസി ഒഴിപ്പിക്കരുതെന്ന് താലിബാന്‍ ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Indians captured by Afghan are released