ഇന്ത്യക്കാര്‍ വിയര്‍പ്പും രക്തവും ഒഴുക്കി പണിതതാണ് താജ്മഹല്‍; മറ്റൊന്നും കാര്യമാക്കേണ്ടെന്നും യോഗി ആദ്യത്യനാഥ്
India
ഇന്ത്യക്കാര്‍ വിയര്‍പ്പും രക്തവും ഒഴുക്കി പണിതതാണ് താജ്മഹല്‍; മറ്റൊന്നും കാര്യമാക്കേണ്ടെന്നും യോഗി ആദ്യത്യനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th October 2017, 6:17 pm

 

ആഗ്ര: താജ്മഹലിനെതിരായ ബി.ജെ.പി നേതാക്കളുടെ പരാമര്‍ശനത്തിനിടെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിച്ചു. താജ്മഹലിന്റെ പരിസരത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തിയാണ് യു.പി മുഖ്യമന്ത്രി താജ്മഹലിനുള്ളില്‍ പ്രവേശിച്ചത്.


Also Read: സച്ചിനില്ല; ഇതിഹാസ താരത്തിനു നേരെ കണ്ണടച്ച് അലിസ്റ്റര്‍ കുക്കിന്റെ ലോക ഇലവന്‍; വീഡിയോ


താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിനു അപമാനകരമാണെന്നും കയ്യേറ്റ സ്ഥലത്താണ് താജ്മഹല്‍ നിര്‍മ്മിച്ചതെന്നുമുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവന വിവാദത്തിലായതിനു പിന്നാലെ സ്ഥലം സന്ദര്‍ശിച്ച യോഗി താജ്മഹല്‍ ഇന്ത്യയുടെ പൈതൃകത്തിന്റെ ഭാഗമാണെന്ന് അഭിപ്രായപ്പെട്ടു.

“ഇന്ത്യക്കാര്‍ വിയര്‍പ്പും രക്തവും ഒഴുക്കി പണിതതാണ് താജ്മഹല്‍. അത് കാത്ത് സുക്ഷിക്കേണ്ടതും സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. നിങ്ങള്‍ ഞാന്‍ പറയുന്നത് വിശ്വസിച്ചാല്‍ മതി, താജ്മഹലുമായി ബന്ധപ്പെട്ട് മറ്റൊന്നും കാര്യമാക്കേണ്ട” യോഗി ആദിത്യനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ബി.ജെ.പി എം.എല്‍.എ സംഗീത് സോമായിരുന്നു താജ്മഹലിനെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയത്. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിനു അപമാനകരമാണെന്നായിരുന്നു സംഗീത് സോമിന്റെ പ്രസ്താവന. പിന്നാലെ ബി.ജെ.പി എം.പി വിനയ് കത്യാര്‍ തേജോമഹാലയ എന്ന പേരിലുള്ള ശിവക്ഷേത്രമായിരുന്നു താജ്മഹലെന്ന വാദവുമായി രംഗത്തെത്തിയിരുന്നു.

രാജാവില്‍ നിന്ന് തട്ടിയെടുത്ത ഭൂമിയിലാണ് മുഗളന്‍മാര്‍ താജ്മഹല്‍ പണിതതെന്ന പ്രസ്താവനയുമായി സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്തെത്തിയതോടെ താജ്മഹലിനെചൊല്ലിയുള്ള വിവാദങ്ങള്‍ കടുക്കുകയായിരുന്നു. ഇതിനിടയില്‍ വിഷയത്തില്‍ പ്രതികരിച്ച യോഗി താന്‍ താജ്മഹല്‍ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.


Dont Miss: നോട്ടുനിരോധനത്തിന് ശേഷം കൂടുതല്‍ നോട്ടുകളടിച്ച് ബി.ജെ.പി ലാഭമുണ്ടാക്കിയെന്ന് രാജ്താക്കറെ; ഗുജറാത്തില്‍ മോദിക്ക് ജനപ്രീതി നഷ്ടപ്പെട്ടെന്നും താക്കറെ


താജ്മഹല്‍ സന്ദര്‍ശിക്കുന്ന യുപിയിലെ ആദ്യത്തെ ബി.ജെ.പി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. താജ്മഹലില്‍ പ്രവേശിക്കുന്നതിന് മുമ്പ് യോഗി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം താജ്മഹലിന്റെ പടിഞ്ഞാറന്‍ പ്രവേശന കവാടം വൃത്തിയാക്കിയിരുന്നു.

അതേസമയം യോഗി താജ്മഹലും പരിസരവും വൃത്തിയാക്കുന്നതിന് മുന്‍പ് സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളുടെ മനസ് വൃത്തിയാക്കണമെന്ന് എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഒവൈസി പറഞ്ഞിരുന്നു. താജ്മഹല്‍ വൃത്തിക്കാന്‍ വരുന്നതിന് മുമ്പ് പാര്‍ട്ടി അംഗങ്ങളുടേയും കാബിനറ്റ് അംഗങ്ങളുടേയും മനസാണ് വൃത്തിയാക്കേണ്ടത് എന്നായിരുന്നു ഒവൈസിയുടെ വാക്കുകള്‍