ന്യൂദൽഹി: കുറഞ്ഞ വേതനവും കൂടുന്ന ജീവിതച്ചെലവും കാരണം നരേന്ദ്ര മോദി ഭരണത്തിൻ കീഴിൽ ഇന്ത്യക്കാർ തങ്ങളുടെ ജീവിതനിലവാരത്തെക്കുറിച്ച് പ്രതീക്ഷയില്ലാത്തവരായി മാറുന്നുവെന്ന് സി-വോട്ടറിൻ്റെ പ്രീ-ബജറ്റ് സർവേ. ഇന്ന് ( ശനിയാഴ്ച ) കേന്ദ്രം ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് റിപ്പോർട്ട് പുറത്ത് വന്നത്.
സർവേ പ്രകാരം, 37% ത്തിലധികം പേരും പറയുന്നത് അടുത്ത വർഷമാകുമ്പോഴേക്കും സാധാരണക്കാരുടെ ജീവിത നിലവാരം വീണ്ടും മോശമാകുമെന്നാണ്. ഇന്ത്യൻ സംസ്ഥാനങ്ങളിലുടനീളം 5,269 ആളുകളുമായാണ് സീ വോട്ടർ സർവേ നടത്തിയത്.
2014ൽ മോദി പ്രധാനമന്ത്രിയായതിനുശേഷം പണപ്പെരുപ്പം അനിയന്ത്രിതമായി തുടരുകയാണെന്നും വിലക്കയറ്റം ഉണ്ടായെന്നും സർവേയിൽ പ്രതികരിച്ചവരിൽ ഏകദേശം മൂന്നിൽ രണ്ട് പേരും അഭിപ്രായപ്പെടുന്നു. പണപ്പെരുപ്പ നിരക്ക് തങ്ങളുടെ ജീവിത നിലവാരത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് 50 ശതമാനത്തിലധികം പേരും പറഞ്ഞു.
പ്രതികരിച്ചവരിൽ പകുതിയോളം പേരും തങ്ങളുടെ വ്യക്തിഗത വരുമാനത്തിൽ കഴിഞ്ഞ വർഷത്തിൽ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അതേസമയം ചെലവുകൾ ഉയർന്നുവെന്നും പറഞ്ഞു. വർധിച്ചുവരുന്ന ചെലവുകൾ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് സർവേയിൽ പങ്കെടുത്ത മൂന്നിൽ രണ്ട് പേരും പറഞ്ഞു.
വിലക്കയറ്റം മിക്ക ഇന്ത്യൻ കുടുംബങ്ങളെയും തളർത്തി. 2024ൽ, രാജ്യം ആഗോള സാമ്പത്തിക വളർച്ചാ സ്കെയിലിൽ കുതിച്ച് കയറിയെന്ന വാദം ഉയരുമ്പോഴും കൃത്യമായ വേതനം ലഭിക്കാത്ത, അവസരങ്ങൾക്കായി പോരാടുന്ന യുവജനങ്ങളുള്ള തൊഴിൽ വിപണിയാണ് ഇന്ത്യയിൽ ഉള്ളതെന്ന് സർവേയിൽ വെളിപ്പെടുന്നു.
കഴിഞ്ഞ ബജറ്റിൽ, ധനമന്ത്രി നിർമല സീതാരാമൻ തൊഴിലുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ‘പി.എം പാക്കേജിനായി’ 2 ലക്ഷം കോടി രൂപ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷെ പരിപാടികൾ ഇതുവരെ നടപ്പിലാക്കിയിട്ടില്ല എന്ന് റിപ്പോർട്ട് പറയുന്നു.
Content Highlight: Indians Becoming Less Hopeful About Quality of Life Under Modi Govt: C-Voter Pre-Budget Survey