ന്യൂദല്‍ഹി: വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ വാര്‍ത്താസമ്മേളനം അമേരിക്കന്‍ മാധ്യങ്ങള്‍ സംപ്രേഷണം ചെയ്തില്ല എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ഇന്ത്യന്‍ മീഡിയ എന്ന ഹാഷ് ടാഗ് ക്യാമ്പയിന്‍.
രാജ്യത്തെ മാധ്യമങ്ങള്‍ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും അടിമപ്പെട്ടതിനെ വിമര്‍ശിച്ചാണ് ട്വിറ്ററില്‍ നിരവധി പേര്‍ രംഗത്തെത്തിയിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാക്കളും ക്യാമ്പയിന്റെ ഭാഗമായി. വ്യാജ വാര്‍ത്തകളും പച്ചക്കള്ളങ്ങളും കൊടുക്കില്ലെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ തീരുമാനിക്കുമോ എന്നാണ് ട്വിറ്ററില്‍ പലരും ചോദിക്കുന്നത്.
ട്രംപിന്റെ പ്രസംഗം സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിവെച്ച വാര്‍ത്ത പങ്കുവെച്ച കര്‍ണാടക കോണ്‍ഗ്രസ് നേതാവ് പരിഹാസരൂപേനെ ട്വീറ്റ് ചെയ്തത് ഇങ്ങിനെ
”പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഇന്ത്യന്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിവെച്ചു. എന്തെന്നാല്‍ അദ്ദേഹം നുണകള്‍ മാത്രമാണ് പറയുന്നത്”
സ്വതന്ത്ര പ്രസുകള്‍ എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ ഇന്ത്യയെ കണ്ട് പഠിക്കണമെന്ന് അഭിജിത് ദീപ്‌കേ ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് മോദിയുടെ പ്രസംഗം സംപ്രഷണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.
ഒരു ദേശത്തിന് അപകടകരമായതും, തെറ്റായതുമായ കാര്യങ്ങള്‍ പറയുന്ന നേതാക്കന്‍മാരുടെ പ്രസംഗം നിര്‍ത്തിവെക്കാന്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ധൈര്യമുണ്ടോ എന്നായിരുന്നു വീര്‍ ദാസ് ചോദിച്ചത്.
ഇന്ത്യന്‍ മീഡിയക്ക് ഇത്തരം വാര്‍ത്തകള്‍ പങ്കുവെക്കാന്‍ മാത്രമേ സാധിക്കൂ അതൊരിക്കലും പ്രായോഗികമാക്കാന്‍ സാധിക്കുകയില്ലെന്നും ചിലര്‍ വിമര്‍ശനം ഉന്നയിച്ചു.
ട്രംപിന്റെ പ്രസംഗത്തില്‍ നുണയും വ്യാജ പ്രചരണങ്ങളുമുണ്ടായതിനെ തുടര്‍ന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ അത് സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തിവെച്ചു. ഇങ്ങനെ ചെയ്യാന്‍ ധൈര്യമുള്ള ഏതെങ്കിലും ഇന്ത്യന്‍ മാധ്യമങ്ങളെ അറിയാമോ എന്നും നിരവധി പേര്‍ ട്വിറ്ററില്‍ ചോദിക്കുന്നുണ്ട്. തങ്ങള്‍ക്ക് നട്ടെല്ലുണ്ടെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ തെളിയിക്കേണ്ട സമയമാണിതെന്ന അഭിപ്രായവും പലരും പങ്കുവെച്ചു.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയുടെ ചില ഭാഗങ്ങള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ വെട്ടിമാറ്റിയിരുന്നു.
അമേരിക്കന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന ട്രംപിന്റെ വാദങ്ങളാണ് അമേരിക്കയിലെ പ്രധാന മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് ഒഴിവാക്കിയത്.
വ്യാജ ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചതെന്നും ഇത്, തെറ്റാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമങ്ങളുടെ നടപടി. എം.എസ്.ബി.എന്‍.സി, എന്‍.ബി.സി, സി.ബി.സി.എ, എ.ബി.സി ന്യൂസ് എന്നീ ചാനലുകളാണ് ട്രംപിന്റെ വാര്‍ത്താ സമ്മേളനത്തിലെ ചില ഭാഗങ്ങള്‍ വെട്ടിമാറ്റിയത്.
അമേരിക്കന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍ ട്രംപിന്റെ ഭാഗത്തു നിന്ന് ഉണ്ടായി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ എം.എസ്.എന്‍.ബി.സി പരാമര്‍ശം നീക്കുകയായിരുന്നു.
സംസ്ഥാനങ്ങളിലെ കോടതികളില്‍ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്ന ആരോപണവുമായി ട്രംപ് വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
” അവര്‍ തെരഞ്ഞടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. നിയമവിരുദ്ധ വോട്ടുകള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കവരാനാണ് ഡെമോക്രാറ്റുകളുടെ ശ്രമം. നിയമപരമായ വോട്ടുകള്‍ എണ്ണുകയാണെങ്കില്‍ ഞാന്‍ എളുപ്പത്തില്‍ വിജയിക്കും”, എന്നായിരുന്നു ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ വൈറ്റ് ഹൗസിലെ ട്രംപിന്റെ വാര്‍ത്താസമ്മേളനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: #Indianmedia As American media cut away Donald Trump’s White House Speech Twitter ask whether India has that guts