| Sunday, 7th July 2019, 8:34 am

രാഹുലിന് പിന്തുണയേകി വീണ്ടും രാജി; ഇത്തവണ രാജിവെച്ചത് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു പിറകേ കോണ്‍ഗ്രസില്‍ ആരംഭിച്ച കൂട്ടരാജി തുടരുന്നു. യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് കേശവ് ചന്ദ് യാദവാണ് ഏറ്റവുമൊടുവില്‍ സ്ഥാനം രാജിവെച്ചത്. തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നു പറഞ്ഞാണു രാജി.

വികസനം, രാജ്യക്ഷേമം എന്നീ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ വീക്ഷണം കണ്ടിട്ടാണ് താന്‍ രാഷ്ട്രീയത്തിലേക്കെത്തിയതെന്ന് രാഹുലിനയച്ച രാജിക്കത്തില്‍ യാദവ് പറയുന്നു. ‘താങ്കളുടെ ഈ വിപ്ലവകരമായ ചുവടുവെപ്പാണ് ഒരു സാധാരണക്കാരനായ എന്നെയും രാഷ്ട്രീയത്തില്‍ നിലപാടെടുക്കാന്‍ സഹായിച്ചത്. ഒരു സാമൂഹ്യപ്രവര്‍ത്തകനില്‍ നിന്ന് ബ്ലോക്ക് തല പ്രവര്‍ത്തകനിലേക്കും ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്കും ഞാനെത്തി.

എന്നാല്‍ താങ്കളുടെ പോരാട്ടത്തില്‍ നിലപാടെടുത്തു നില്‍ക്കാന്‍ പൊതുതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഞാന്‍ എന്റെ ഇപ്പോഴത്തെ സ്ഥാനം രാജിവെയ്ക്കുന്നു. ഞാന്‍ അച്ചടക്കമുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകനായി പാര്‍ട്ടിയെ സേവിക്കുന്നതു തുടരും.’- അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ദിയോരിയ സ്വദേശിയാണ് കേശവ് ചന്ദ് യാദവ്. കഴിഞ്ഞവര്‍ഷം മെയിലാണ് അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാകുന്നത്. നേരത്തേ ജനറല്‍ സെക്രട്ടറിയായിരുന്ന യാദവിന്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളുടെ ചുമതല കൂടിയുണ്ടായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തു രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതിനു പിന്നാലെയാണ് പാര്‍ട്ടിയില്‍ വീണ്ടും രാജിയുണ്ടാകുന്നത്. കോണ്‍ഗ്രസിനെ സേവിക്കുന്നത് തനിക്ക് അംഗീകാരമാണെന്നും രാജ്യത്തോടും തന്റെ പാര്‍ട്ടിയോടും കടപ്പെട്ടിരിക്കുന്നെന്നും രാഹുല്‍ രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു.

ദളിത് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവരുടെ പേരുകളാണ് പാര്‍ട്ടി പ്രധാനമായും അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കുന്നത്. അമരീന്ദര്‍ പറഞ്ഞതുപോലെ യുവനേതാക്കളെ പരിഗണിച്ചാല്‍, രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, മധ്യപ്രദേശിലെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ എന്നിവരില്‍ ആരെങ്കിലുമാകും ആ സ്ഥാനത്തേക്കെത്തുക.

We use cookies to give you the best possible experience. Learn more