ഈ വര്‍ഷം അവസാനം ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. യുവതാരങ്ങളും പരിചയസമ്പത്തുള്ള താരങ്ങളും ഇന്ത്യക്കായി കളിക്കാനിറങ്ങാനുള്ള പുറപ്പാടിലാണ്. നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് ടീം ഇന്ത്യ.
അഞ്ച് മത്സരങ്ങളുള്ള ട്വന്റി-20 പരമ്പരയില്‍ മൂന്നാ മത്സരം കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1 എന്ന നിലിയില്‍ മുന്നിലാണ്. ആദ്യ മത്സരവും മൂന്നാം മത്സരവും ഇന്ത്യ വിജിയച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ വിന്‍ഡീസ് വിജയിച്ചിരുന്നു. മൂന്നാം മത്സരത്തില്‍ നായകന്‍ രോഹിത്തിന് പരിക്കേറ്റിരുന്നു.
11 റണ്‍സ് എടുത്ത് നില്‍ക്കെയാണ് രോഹിത് റിട്ടയര്‍ഡ് ഹര്‍ട്ട് ആയി ക്രീസ് വിട്ടത്. മത്സരത്തില്‍ സൂര്യകുമാറിന്റെ പ്രകടനത്തില്‍ ഇന്ത്യ വിജയിക്കുകയായിരുന്നു. അടുത്ത മത്സരത്തില്‍ രോഹിത് ടീമില്‍ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. അദ്ദേഹത്തിന്റെ പരിക്കുമാറി അടുത്ത മത്സരത്തില്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, കെ.എല്‍. രാഹുല്‍ എന്നിവരാരുമില്ല. ഈ ഒരു സാഹചര്യത്തില്‍ ഇന്ത്യന്‍ യുവ ടീമിന് രോഹിത്തിന്റെ ആവശ്യമുണ്ടെന്നാണ് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫ് പറയുന്നത്. അദ്ദേഹത്തിന് കാര്യമായ പരിക്കുകളൊന്നും ഇല്ലെന്ന് പ്രതീക്ഷിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
‘ഈ യുവ ടീമിന് ക്യാപ്റ്റനായി രോഹിത് ശര്‍മ്മ ആവശ്യമാണ്, അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പ്രതീക്ഷിക്കുന്നു. ഫിംഗഴ്‌സ് ക്രോസ്ഡ്,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്ന് രോഹിത് തന്നെ വ്യക്തമാക്കിയിരുന്നു. മത്സരത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.