ന്യൂദല്‍ഹി: സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നടക്കമുള്ള തൊഴിലാളികള്‍ക്ക് ഖത്തറില്‍ ശമ്പളം മുടങ്ങുന്നു. ബി.ജെ.പി എം.പിയായ കിരിത് പ്രേംജിഭായ് സൊളങ്കി പാര്‍ലമെന്റിലാണ് ഇത്തരമൊരു വിഷയം ചൂണ്ടിക്കാട്ടിയത്.
“ഇന്ത്യയില്‍ നിന്നുള്ള വലിയൊരു വിഭാഗം തൊഴിലാളികള്‍ക്ക് ഖത്തറില്‍ നാലുമാസത്തോളമായി ശമ്പളം ലഭിക്കുന്നില്ല. ” എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യന്‍ പ്രവാസി തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ കേന്ദ്രം എന്തൊക്കെ നടപടിയാണ് എടുത്തതെന്നും അദ്ദേഹം ആരാഞ്ഞു.
സ്‌കെയില്‍ ട്രേഡിങ്, കോണ്‍ട്രാക്ടിങ് കമ്പനി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന 162 തൊഴിലാളികള്‍ക്ക് അവരുടെ ശമ്പളം ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ജനറല്‍ വി.കെ സിങ് പാര്‍ലമെന്റിനെ അറിയിച്ചു. അഞ്ചുമാസത്തോളമായി ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും ഇവര്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിഷേധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദോഹയിലെ ഇന്ത്യ എംബസി ഇവരുടെ വിമാന ടിക്കറ്റ് ശരിയാക്കിയിട്ടുണ്ടെന്നും 160 ഇന്ത്യന്‍ പ്രവാസികളെ തിരിച്ചയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടുപേര്‍ കമ്പനിയില്‍ തന്നെ തുടരാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറില്‍ 2022 ഫുട്‌ബോള്‍ ലോകകപ്പിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന 600 ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് കൂലി ലഭിച്ചിട്ടില്ലെന്ന് അടുത്തിടെ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. എച്ച്.കെ.എച്ച് എന്ന ജനറല്‍ കോണ്‍ട്രാക്ടിങ് കമ്പനിയിലെ തൊഴിലാളികളുടെ ദുരവസ്ഥയായിരുന്നു റിപ്പോര്‍ട്ടില്‍ വിശദീകരിച്ചത്.
ഖത്തറില്‍ അനിശ്ചിതത്വത്തിലായ തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് നേരത്തെ പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു.
“ഖത്തറില്‍ 6.5ലക്ഷം ഇന്ത്യക്കാരുണ്ട്. അതില്‍ മൂന്നുലക്ഷത്തോളം പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. അവരുടെ സുരക്ഷയും തൊഴിലിന്റെ ഭാവിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഞാന്‍ താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.” എന്നായിരുന്നു മുഖ്യമന്ത്രിയുടെ കത്ത്.