Sports News
ഇന്ത്യന്‍ വിമണ്‍സിന് ചരിത്രത്തിലെ ആദ്യ ഹാട്രിക് നാണക്കേട്; തിരിച്ചടിച്ച് സൗത്ത് ആഫ്രിക്ക
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 05, 03:43 pm
Friday, 5th July 2024, 9:13 pm

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മൂന്ന് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ശേഷം നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് സൗത്ത് ആഫ്രിക്ക അടിച്ചെടുത്തത്.

ഓപ്പണര്‍ തസ്മിന്‍ ബ്രിഡ്‌സിന്റെയും വണ്‍ ഡൗണ്‍ ബാറ്റര്‍ മരിസാന്‍ കാപ്പിന്റെയും മിന്നും പ്രകടനത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. തസ്മിന്‍ 56 പന്തില്‍ മൂന്ന് സിക്‌സറും 10 ഫോറും ഉള്‍പ്പെടെ 81 റണ്‍സ് ആണ് അടിച്ചെടുത്തത്. 144.64 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. മരിസാന്‍ കപ്പ് 33 പന്തില്‍ ഒരു സിക്‌സും എട്ട് ഫോറും അടക്കം 57 റണ്‍സ് നേടിയാണ് തിളങ്ങിയത്. ക്യാപ്റ്റന്‍ ലോറ വോള്‍വാട്ടഡ് 22 പന്തില്‍ 33 റണ്‍സ് നേടിയിരുന്നു.

ഇന്ത്യന്‍ ബൗളിങ് യൂണിറ്റ് പതിവിലും മോശപ്പെട്ട അവസ്ഥയിലായിരുന്നു പന്തറിഞ്ഞത്. രേണുക സിങ് 42 റണ്‍സ് വഴങ്ങി വിക്കറ്റ് ഒന്നും നേടാതെ പോയപ്പോള്‍ രാധയാദവ്  40 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടി. ദീപ്തി ശര്‍മ വിക്കറ്റ് ഒന്നും നേടാതെ 45 റണ്‍സ് ആണ് വഴങ്ങിയത്.

ഇതോടെ ഒരു മോശം റെക്കോര്‍ഡാണ് ഇന്ത്യന്‍ വിമണ്‍സിന്റെ അക്കൗണ്ടില്‍ എത്തിയത്. ടി-20 ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയുടെ 3 ബൗളര്‍മാര്‍ 40 റണ്‍സിന് മുകളില്‍ വിട്ടുകൊടുക്കുന്നത്. ടീമിനുവേണ്ടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത് പൂജ വസ്ത്രാക്കറാണ്. 23 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകള്‍ ആണ് താരം നേടിയത് 5.75 എക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്.

നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ 37 റണ്‍സ് നേടിയിട്ടുണ്ട്. ഷിഫാലി വര്‍മ്മ 11 റണ്‍സും സ്മൃതി മന്ദാന 19 റണ്‍സും നേടി ക്രീസില്‍ തുടരുകയാണ്.

 

Content Highlight: Indian Womens Team In Unwanted Record Achievement