| Monday, 22nd July 2013, 2:10 pm

ആര്‍ച്ചറി ലോകകപ്പ് ; റീകര്‍വ് വിഭാഗത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കിരീടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ആര്‍ച്ചറി ലോകകപ്പ് റീകവര്‍വ് വിഭാഗത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കിരീടം. ദീപികാ കുമാരി നയിച്ച ഇന്ത്യന്‍ അമ്പെയ്ത്ത് ടീം ഫൈനലില്‍ ചൈനയെ തോല്‍പ്പിച്ചാണ് കിരീടം നേടിയത്. 201-186 ആണ് സ്‌കോര്‍. []

കൊളമ്പിയയിലെ മെഡ്‌ലിനില്‍ നടന്ന മത്സരത്തില്‍ തുടക്കം മുതലേ ആധിപത്യം നേടിയത് ഇന്ത്യന്‍ ടീം തന്നെയായിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ വനിതാ ടീമിന് ഈ വിജയം സ്വന്തമാക്കാന്‍ സാധിക്കുന്നത്.

2011 ല്‍ സിന്‍ഗായില്‍ നടന്ന മത്സരത്തിലായിരുന്നു ഇന്ത്യ ഇതിന് മുന്‍പ് പൊന്‍കിരീടം നേടിയത്. ചെങ് മിങ് നയിച്ച ചൈനീസ് ടീമിന്റെ തുടക്കം തന്നെ മോശമായിരുന്നു. തുടക്കത്തിലേ തന്നെ മികച്ച സ്‌കോര്‍ നേടാന്‍ ചൈനീസ് ടീമിനായില്ല.

അവസാനവട്ടം തിരിച്ചവരവിന് ശ്രമിച്ചെങ്കിലും ആ ശ്രമങ്ങളും പാളി. ദീപിക കുമാരി, ലൈശ്‌റാം ബോംബായ്‌ല ദേവി, റിമില്‍ ബിറുലി ടീം ആദ്യം മുതല്‍ തന്നെ മികച്ച പ്രകടനം നടത്തി.

ലണ്ടന്‍ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് ജിങ് സു, മിങ് ചെങ് എന്നിവരുള്‍പ്പെടുന്നതായിരുന്നു ചൈനീസ് ടീം.

നേരത്തെ പുരുഷവിഭാഗം കോംപൗണ്ട് വിഭാഗം മൂന്നാം സ്ഥാനത്തിനുള്ള പോരാട്ടത്തില്‍ ആതിഥേയരായ കൊളംബിയയെ തോല്‍പിച്ച ഇന്ത്യക്ക് വെങ്കലം നേടിയിരുന്നു.

രജത് ചൗഹാന്‍, രത്തന്‍ സിങ്, സന്ദീപ് കുമാര്‍ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം 210ന് എതിരെ 215 പോയിന്റുകള്‍ക്കാണു വിജയം കണ്ടത്.

നാലു ഘട്ടമായുള്ള പോരാട്ടത്തില്‍ ആദ്യം 52-50ന് ഇന്ത്യ മുന്നിലെത്തിയെങ്കിലും രണ്ടാം ഘട്ടത്തില്‍ ആതിഥേയര്‍ 104-102 എന്ന നിലയില്‍ ലീഡ് പിടിച്ചു. മൂന്നാം ഘട്ടത്തില്‍ 158-156നു ലീഡ് തിരിച്ചുപിടിച്ച ഇന്ത്യ വിജയം സ്വന്തമാക്കി.

We use cookies to give you the best possible experience. Learn more