| Saturday, 26th August 2023, 8:23 pm

ഈ സ്വര്‍ണ മെഡല്‍ ചരിത്രത്തിലേക്ക്; IBSA വേള്‍ഡ് ഗെയിംസില്‍ ഓസീസിനെ തോല്‍പിച്ച് ഇന്ത്യന്‍ വനിതാ ടീം

സ്പോര്‍ട്സ് ഡെസ്‌ക്

ബെര്‍മിങ്ഹാമില്‍ നടന്ന ഇന്റര്‍നാഷണല്‍ ബ്ലൈന്‍ഡ് സ്‌പോര്‍ട്‌സ് ഫെഡറേഷന് വേള്‍ഡ് ഗെയിംസില്‍ സ്വര്‍ണമണിഞ്ഞ് ഇന്ത്യന്‍ വനിതാ ടീം. മഴ കളിച്ച ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയം നേടിയത്. ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ടീം ഫൈനലില്‍ വീണ്ടും അതാവര്‍ത്തിക്കുകയായിരുന്നു.

ഇന്ത്യയുടെ ബാറ്റര്‍മാരും ബൗളര്‍മാരും കളം നിറഞ്ഞാടിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സാണ് നേടിയത്. നാലാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട ഓസീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു.

പവര്‍പ്ലേയില്‍ 29 റണ്‍സ് നേടിയ ഓസ്‌ട്രേലിയ ബിഗ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ ആധിപത്യം സ്ഥാപിച്ചു.

എന്നാല്‍ സി ലൂയീസും സി വിബെക്കും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി ഓസീസിനെ വമ്പന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. 54 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

എന്നാല്‍ ഇന്ത്യയുടെ ബൗളിങ്ങിലെ തന്ത്രങ്ങള്‍ ഓസീസിന്റെ മൊമെന്റം ഇല്ലാതാക്കിയിരുന്നു. ഒടുവില്‍ 114 എന്ന പൊരുതാവുന്ന സ്‌കോറിലേക്ക് ഓസ്‌ട്രേലിയ എത്തി.

എന്നാല്‍ മഴയെത്തിയതോടെ ഇന്ത്യയുടെ വിജയലക്ഷ്യം പുനര്‍നിര്‍ണയിക്കുകയായിരുന്നു. ഒമ്പത് ഓവറില്‍ 42 എന്നതായിരുന്നു ഇന്ത്യയുടെ പുതുക്കിയ വിജയലക്ഷ്യം.

എന്നാല്‍ അറ്റാക് ചെയത് കളിച്ച ഇന്ത്യ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം നേടുകയായിരുന്നു.

ഇതോടെ ഐ.ബി.എസ്.എ വേള്‍ഡ് ഗെയിസിന്റെ ചരിത്ര പുസ്തകത്തില്‍ തങ്ങളുടെ പേരെഴുതിവെക്കാനും ഇന്ത്യക്കായി. വേള്‍ഡ് ഗെയിംസില്‍ ഇതാദ്യമായാണ് മത്സര ഇനമായി ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നത്. ഇതില്‍ സ്വര്‍ണം നേടിയാണ് ഇന്ത്യ തിളങ്ങിയത്.

ഇന്ത്യന്‍ വനിതാ ടീമിനൊപ്പം പുരുഷ ടീമും ബ്ലൈന്‍ഡ് ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ചിരുന്നു. പാകിസ്ഥാനാണ് ഇന്ത്യന്‍ മെന്‍സ് ടീമിന്റെ എതിരാളികള്‍.

Content Highlight: Indian Women’s teams wins Gold in IBSA World Games

We use cookies to give you the best possible experience. Learn more