| Thursday, 10th October 2024, 11:17 am

വിമണ്‍സ് ടി-20 ലോകകപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യ; ചമാരിപ്പടയെ തകര്‍ത്ത് നേടിയത് കൂറ്റന്‍ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സിയുടെ വനിതാ ടി-20 ലോകകപ്പില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 82 റണ്‍സിനാണ് ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം. ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം വിജയമാണിത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ടിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്. ശേഷം 173 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കക്ക് 90 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഇതോടെ 89 റണ്‍സിന്റെ കൂറ്റന്‍ വിജയം ഇന്ത്യയെ ഒരു തകര്‍പ്പന്‍ നേട്ടത്തിലാണ് എത്തിച്ചിരിക്കുന്നത്. ഐ.സി.സി വിമണ്‍സ് ടി-20 മത്സരത്തില്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ സ്‌കോറിന്റെ വിജയമാണിത്.

ഐ.സി.സി വിമണ്‍സ് ടി-20 മത്സരത്തില്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ റണ്‍സിന്റെ വിജയം, എതിരാളി, വേദി, വര്‍ഷം

82* – ശ്രീലങ്ക – ദുബായി – 2021

79 – ബംഗ്ലാദേശ് – സില്‍ഹെറ്റ് – 2014

72 – ബംഗ്ലാദേശ് – ബെംഗളൂരു – 2016

71 – ശ്രീലങ്ക – ബാസേതെരി – 2010

ഇന്ത്യയുടെ പ്രകടനം

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെയും അര്‍ധ സെഞ്ച്വറികള്‍ കരുത്തായി. കൗര്‍ 27 പന്തില്‍ 52 റണ്‍സ് സ്വന്തമാക്കി. എട്ട് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 192.59 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ക്യാപ്റ്റന്‍ റണ്ണടിച്ചുകൂട്ടിയത്.

അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് സ്മൃതി മന്ഥാന റണ്‍ ഔട്ടായി പുറത്തായത്. 38 പന്തില്‍ നിന്നും 50 റണ്‍സാണ് താരം നേടിയത്. നാല് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു മന്ഥാനയുടെ ഇന്നിങ്‌സ്. 40 പന്തില്‍ 43 റണ്‍സ് നേടിയ ഷെഫാലി വര്‍മയുടെ ഇന്നിങ്സും ഇന്ത്യക്ക് തുണയായി.

ശ്രീലങ്ക വിമണ്‍സിന്റെ തകര്‍ച്ച

ഇന്ത്യ ഉയര്‍ത്തിയ 173 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്കക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പ് വിഷ്മി ഗുണരത്നെയെ നഷ്ടപ്പെട്ട ലങ്കക്ക് ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവിനെ ഒരു റണ്ണിനും നഷ്ടമായി. വണ്‍ ഡൗണായെത്തിയ ഹര്‍ഷിത് സമരവിക്രമ ഏഴ് പന്ത് നേരിട്ട് മൂന്ന് റണ്‍ നേടി മടങ്ങി.

പിന്നാലെയെത്തിയ കവിഷ ദില്‍ഹാരിയും അനുഷ്‌ക സഞ്ജീവനിയും ചേര്‍ന്ന് ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആ ചെറുത്തുനില്‍പിന് അധികം ആയുസ് നല്‍കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തയ്യാറായിരുന്നില്ല. ടീം സ്‌കോര്‍ 43ല്‍ നില്‍ക്കവെ സഞ്ജീവനിയെ പുറത്താക്കി ആശ ശോഭന കൂട്ടുകെട്ട് പൊളിച്ചു. 22 പന്തില്‍ 20 റണ്‍സാണ് താരം നേടിയത്. 22 പന്തില്‍ 21 റണ്‍സടിച്ച ദില്‍ഹാരിയും അധികം വൈകാതെ മടങ്ങി. ഒടുവില്‍ 19.5 ഓവറില്‍ 90ന് ലങ്ക പുറത്തായി.

ഇന്ത്യക്കായി ആശ ശോഭനയും അരുന്ധതി റെഡ്ഡിയും മൂന്ന് വിക്കറ്റ് വീതം നേടി. രേണുക സിങ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ശ്രേയാങ്ക പാട്ടീലും ദീപ്തി ശര്‍മയും ഓരോ വിക്കറ്റും നേടി. നേരത്തെ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ പുരുഷ ടീമും വിജയിച്ചിരുന്നു. ബംഗ്ലാദേശിനെതിരെ നടന്ന രണ്ടാം ടി-20യും വിജയിച്ച് പരമ്പര നേടിയാണ് സൂര്യകുമാറും സംഘവും തിളങ്ങിയത്.

Content Highlight: Indian Women’s In Great Record Achievement In T-20 World Cup

We use cookies to give you the best possible experience. Learn more