ഓസ്‌ട്രേലിയക്കെതിരായ വണ്‍ ഓഫ് ടെസ്റ്റില്‍ വിജയം സ്വന്തമാക്കി ഇന്ത്യ. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ നാലാം ദിവസം എട്ട് വിക്കറ്റ് ശേഷിക്കെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുന്നത്.
1977 മുതലാണ് ഇന്ത്യന്‍ വനിതാ ടീം ഓസ്‌ട്രേലിയയെ നേരിടുന്നത്. ഇതില്‍ പല മത്സരങ്ങളും പരാജയപ്പെടുകയും സമനിലയില്‍ കലാശിക്കുകയും ചെയ്‌തെങ്കിലും വിജയം മാത്രം അകന്നുനിന്നു. എന്നാല്‍ ഒടുവില്‍ വിജയമധുരം രുചിച്ചപ്പോള്‍ തങ്ങളുടെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നായി അതിനെ മാറ്റാനും ഹര്‍മനും സംഘത്തിനും സാധിച്ചു.
രണ്ടാം ഇന്നിങ്‌സില്‍ 75 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഷെഫാലിയെയും റിച്ച ഘോഷിനെയും മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കുകയായിരുന്നു.
233/5 എന്ന നിലയില്‍ നാലാം ദിവസം ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയെ 261 റണ്‍സിന് ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. സ്നേഹ് റാണ നാല് വിക്കറ്റ് നേടിയപ്പോള്‍ രാജേശ്വരി ഗെയ്ക്വാദ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
22 ഓവറില്‍ 63 റണ്‍സ് മാത്രം വഴങ്ങിയാണ് റാണ നാല് വിക്കറ്റുകള്‍ പിഴുതെറിഞ്ഞത്. രാജേശ്വരി 28.4 ഓവറില്‍ 42 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഒമ്പത് ഓവറില്‍ 23 റണ്‍സ് വഴങ്ങിയാണ് ഹര്‍മന്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കിയത്. പൂജ വസ്ത്രാകര്‍ ഒരു വിക്കറ്റും വീഴ്ത്തി.
73 റണ്‍സ് നേടിയ താലിയ മഗ്രാത്താണ് ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിലെ ടോപ് സ്‌കോറര്‍. ആദ്യ ഇന്നിങ്‌സിലും താലിയ തന്നെയായിരുന്നു ഓസീസിനെ താങ്ങി നിര്‍ത്തിയത്. എലിസ് പെറി 45 റണ്‍സും ഓപ്പണര്‍ ബെത് മൂണി 33 റണ്‍സും ക്യാപ്റ്റന്‍ അലീസ ഹീലി 32 റണ്‍സും സ്വന്തമാക്കി.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ആദ്യ ഇന്നിങ്സില്‍ 219 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. താലിയ മഗ്രാത്തിന്റെ അര്‍ധ സെഞ്ച്വറിയും ബെത് മൂണിയുടെ ഇന്നിങ്സുമാണ് സന്ദര്‍ശകരെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്.
മഗ്രാത്ത് 56 പന്തില്‍ 50 റണ്‍സ് നേടിയപ്പോള്‍ 94 പന്തില്‍ 48 റണ്‍സാണ് മൂണി നേടിയത്. 75 പന്തില്‍ 38 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അലീസ ഹീലിയാണ് ഓസ്ട്രേലിയയുടെ മറ്റൊരു റണ്‍ ഗെറ്റര്‍.
ആദ്യ ഇന്നിങ്സില്‍ ഇന്ത്യക്കായി പൂജ വസ്ത്രാകര്‍ നാല് വിക്കറ്റ് വീഴ്ത്തി. സ്നേഹ റാണ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ട് വിക്കറ്റുമായി ദീപ്തി ശര്‍മയും തിളങ്ങി.
ആദ്യ ഇന്നിങ്സില്‍ ലീഡ് ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ഇന്ത്യ മികച്ച രീതിയില്‍ ബാറ്റ് വീശി. ദീപ്തി ശര്‍മ, സ്മൃതി മന്ഥാന, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് ആദ്യ ഇന്നിങ്സില്‍ 406 റണ്‍സ് എന്ന മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ദീപ്തി ശര്‍മ 171 പന്തില്‍ 78 റണ്‍സടിച്ചപ്പോള്‍ മന്ഥാന 106 പന്തില്‍ 74 റണ്‍സും ജെമീമ 121 പന്തില്‍ 73 റണ്‍സും നേടി. 104 പന്തില്‍ 52 റണ്‍സായിരുന്നു ഘോഷിന്റെ സമ്പാദ്യം.
ഇവര്‍ക്ക് പുറമെ പൂജ വസ്ത്രാകര്‍ (126 പന്തില്‍ 47), ഷെഫാലി വര്‍മ (59 പന്തില്‍ 40) എന്നിവരുടെ ഇന്നിങ്സും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.
ആദ്യ ഇന്നിങ്‌സില്‍ ഓസ്ട്രേലിയക്കായി ആഷ്ഗീഗ് ഗാര്‍ഡ്നര്‍ നാല് വിക്കറ്റ് വീഴ്ത്തി. അന്നബെല്‍ സതര്‍ലാന്‍ഡും കിം ഗാതും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജോസ് ജോനസെന്‍ ഒരു വിക്കറ്റും നേടി.
Content highlight: Indian Women register their first win against Australia in Test Cricket