വിവാഹപൂര്‍വ്വ സെക്‌സിനെക്കുറിച്ച് കിട്ടിയ ആദ്യ ഉപദേശം: 10 ഇന്ത്യന്‍ പെണ്‍കുട്ടികളുടെ ഓര്‍മ്മകളിലൂടെ
Life Style
വിവാഹപൂര്‍വ്വ സെക്‌സിനെക്കുറിച്ച് കിട്ടിയ ആദ്യ ഉപദേശം: 10 ഇന്ത്യന്‍ പെണ്‍കുട്ടികളുടെ ഓര്‍മ്മകളിലൂടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th April 2017, 11:27 am

സെക്‌സ്, പലര്‍ക്കും ഈ വാക്ക് പരസ്യമായി പറയാന്‍ തന്നെ പേടിയാണ്. അത് സ്ത്രീയുമായി ബന്ധപ്പെട്ടാണ് പറഞ്ഞതെങ്കില്‍ പിന്നെ പറയേണ്ട. ഒരു കാര്യം ഉറപ്പാണ്, ഇന്ത്യയിലെ സ്ത്രീകളെല്ലാം സെക്‌സ് എന്ന വാക്ക് ജീവിതത്തില്‍ ആദ്യം കേട്ടിട്ടുണ്ടാവുക ഒരു മുന്നറിയിപ്പിന്റെ രൂപത്തിലായിരിക്കും.

സെക്‌സിനെ മനുഷ്യന്റെ സ്വാഭാവികമായ വികാരമായി, അവകാശമായി പരിഗണിക്കുന്നതിനു പകരം അതിനെ “ജീവിതം തന്നെ നശിപ്പിക്കുന്ന” ഒന്നായാണ് പെണ്‍കുട്ടികള്‍ക്ക് മുമ്പില്‍ സമൂഹം അവതരിപ്പിക്കുക. സെക്‌സുമായി ബന്ധപ്പെട്ട് ഭാരതീയ സമൂഹം നമ്മുടെ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന “മുന്നറിയിപ്പ്” ഈ പത്ത് പെണ്‍കുട്ടികളുടെ അനുഭവങ്ങളില്‍ നിന്നും വ്യക്തമാണ്.
1.അനിഷ ശര്‍മ്മ (28) ഗുവാഹത്തി

ഒരു ദിവസം സ്‌കൂളില്‍ നിന്നും വീട്ടിലേക്കുവരും വഴി എന്റെ സുഹൃത്ത് ഒരു പെണ്‍കുട്ടിയെ “ചീത്തപ്പെണ്ണ്” എന്ന് വിശേഷിപ്പിച്ചു. അവളെയെന്തിനാ അങ്ങനെ വിളിക്കുന്നത്, അവള്‍ എന്തു തെറ്റാ ചെയ്തതെന്ന് ഞാന്‍ ചോദിച്ചു. “നീ കണ്ടില്ലേ അവള്‍ക്ക് വലിയ മുലകളുണ്ട്. അതിനര്‍ത്ഥം അവള്‍ സെക്‌സിലേര്‍പ്പെട്ടിട്ടുണ്ടെന്നാണ്. അതുകൊണ്ടവള്‍ ചീത്തപ്പെണ്ണാണ്” എന്നായിരുന്നു അവള്‍ പറഞ്ഞത്. സെക്‌സുമായി ബന്ധപ്പെട്ട് എന്റെ ഓര്‍മ്മയിലുള്ള ആദ്യത്തെ സംഭാഷണമാണിത്. എനിക്കന്നു 15 വയസായിരുന്നു. അതുകൊണ്ട് ഞാനവള്‍ പറഞ്ഞത് വിശ്വസിച്ചു. ജീവിതത്തിലൊരിക്കലും അങ്ങനെ ചെയ്യില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.

2. റിയ ദത്ത് (36) ന്യൂദല്‍ഹി

1993ല്‍ ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ടീച്ചറെന്നോടു പറഞ്ഞു, “ശാരീരിക ബന്ധം വിവാഹശേഷമേ പാടുള്ളൂ. ഇക്കാര്യം വളരെ പ്രധാനപ്പെട്ടതാണ്.” എന്ന്

3. അരുണിമ മിശ്ര (31) ന്യൂദല്‍ഹി

വീട്ടില്‍ ആരും ഇതിനെക്കുറിച്ച് മിണ്ടാറില്ലായിരുന്നു. ഏതാണ്ട് 18 വയസായപ്പോള്‍ ഞാന്‍ ഡേറ്റിങ് ആരംഭിച്ച സമയത്ത് എന്റെ കസിന്‍ പറഞ്ഞു, വിവാഹത്തിനു മുമ്പ് സെക്‌സില്‍ ഏര്‍പ്പെടുന്നത് മാതാപിതാക്കളെ വഞ്ചിക്കലാണെന്ന്. അതുകൊണ്ടുതന്നെ കുറേക്കാലം എനിക്കു സെക്‌സിനെ ഭയമായിരുന്നു. കാരണം ഈ ഉപദേശം തന്നവള്‍ക്ക് ഒരു പ്രണയബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവള്‍ എനിക്കു നല്‍കിയ ഉപദേശം ശരിയായിരിക്കുമെന്ന് ഞാന്‍ കരുതി.


Also Read: ‘ജാതിയെന്നത് ജന്മംകൊണ്ട് ലഭിക്കുന്നതല്ല’ ജാതിവ്യവസ്ഥയെ ന്യായീകരിച്ചുള്ള രാജമൗലിയുടെ 2012ലെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു


4.ദൃഷ്ടി അഗര്‍വാള്‍ (42) പൂനെ

എന്റെ ആദ്യ പ്രണയത്തിന്റെ കാലത്ത് കസിന്‍ ഒരു ഉപദേശം തന്നു. വിവാഹത്തിനു മുമ്പ് സെക്‌സില്‍ ഏര്‍പ്പെട്ടാല്‍ എന്റെ മാറും നിതംബവും വലുതാവുമെന്നും അതുവഴി എല്ലാവരും ഞാന്‍ സെക്‌സില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് മനസിലാക്കുമെന്നുമായിരുന്നു ഉപദേശം. ഞാനന്ന് കൗമാരക്കാരിയായിരുന്നു. ഡേറ്റ് ചെയ്യുന്ന സമയത്തെല്ലാം ഇതെന്റെ മനസിലുണ്ടായിരുന്നു.

5. റിച്ച (19) ഗുവാഹത്തി

രണ്ടുവര്‍ഷം മുമ്പ് ഞാന്‍ ഡേറ്റിങ് ആരംഭിച്ചപ്പോള്‍ ഒരു ബന്ധു പറഞ്ഞു, സെക്‌സിനു വഴങ്ങരുതെന്ന്.

6. ഝേലം ഘോഷ് (29) കൊല്‍ക്കത്ത

വിവാഹത്തിനു മുമ്പ് സെക്‌സിനെക്കുറിച്ച് എനിക്കു കിട്ടിയ ഉപദേശം അത് പാടില്ല എന്നായിരുന്നു.

7. പ്രിയ ദാസ് ഗുപ്ത (30) കൊല്‍ക്കത്ത

അന്ന് ഞാന്‍ കോണ്‍വെന്റ് സ്‌കൂളില്‍ പഠിക്കുകയായിരുന്നു. 16ാം വയസില്‍ വാല്യൂ എഡ്യുക്കേഷന്‍ ക്ലാസില്‍ ഞങ്ങള്‍ ഒരു കുട്ടി ജനിക്കുന്നതിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചിട്ട് പറഞ്ഞു, ” നിങ്ങള്‍ സ്‌നേഹിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത ആളുമായി മാത്രം ചെയ്യേണ്ട കാര്യമാണിത്.” മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കാമുകനുമായി സെക്‌സ് പാടില്ല എന്ന്.

8. വര്‍ഷ ദേമാനി 25 ബംഗളുരു

19ാം വയസിലാണ് ഞാന്‍ ഡേറ്റിങ് ആരംഭിച്ചത്. ഡേറ്റിങ് ആരംഭിച്ചതോടെ എന്റെ സുഹൃത്തുക്കള്‍ക്കിടയിലെ പ്രധാന പരിപാടി എന്നെ ഉപദേശിക്കലായി. പലരും എനിക്കു മാര്‍ഗനിര്‍ദേശങ്ങളുമായി വന്നു. കാമുകന്‍ എന്തെങ്കിലും തരത്തിലുള്ള ഇന്റിമസി കാണിക്കാന്‍ തുടങ്ങിയാല്‍ അതു പറ്റില്ല എന്നു പറയണമെന്നാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് നല്‍കിയ ഉപദേശം. അത് നല്ല കാര്യമല്ലെന്നും പറഞ്ഞു. എല്ലായ്‌പ്പോഴും കൂടുതല്‍ താല്‍പര്യം കാണിക്കുക അവനാണെന്നും അവള്‍ പറഞ്ഞു.


Also Read: ദളിതന്റെ മകളുടെ വിവാഹത്തിന് ബാന്റ് മേളം നടത്തിയതില്‍ കലിപൂണ്ട ഉയര്‍ന്ന ജാതിക്കാര്‍ ദളിതര്‍ വെള്ളമെടുക്കുന്ന കിണറ്റില്‍ മണ്ണെണ്ണയൊഴിച്ചു 


9 ജിയ ചക്രവര്‍ത്തി (32) കൊല്‍ക്കത്ത

11ാം ക്ലാസില്‍ പഠിക്കുന്ന വേളയിലായിരുന്നു എന്റെ ആദ്യ ഡേറ്റ്. ഞങ്ങള്‍ ഒരുമിച്ച് കോഫി കുടിക്കാന്‍ പോയി. കഫേക്ക് പുറത്ത് ഞാനയാളുമായി സംസാരിച്ചിരിക്കുന്നത് എന്റെ ആന്റിമാരിലൊരാള്‍ കണ്ടു.

പിന്നീട് അവര്‍ എന്നെ ഒരുമൂലയ്ക്ക് കൊണ്ടുപോയി ഞാനയാളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നു ചോദിച്ചു. ഇല്ല എന്നു ഞാന്‍ പറഞ്ഞപ്പോള്‍ “അതു നന്നായി ഒരിക്കലും അങ്ങനെ ചെയ്യരുത്” എന്നാണ് പറഞ്ഞത്.

ആളുകള്‍ ഇതൊക്കെ അറിഞ്ഞാല്‍ എന്റെ മാതാപിതാക്കള്‍ പണക്കാരനായ ഒരുകുട്ടിkdkd എന്നെ കാഴ്ച വെയ്ക്കുകയാണെന്ന് പറയുമെന്നും അവര്‍ പറഞ്ഞു. ഞാനാകെ പേടിച്ചുപോയി. അതോടെ അവനോട് സംസാരിക്കാതായി. കൂടെ പെണ്‍കുട്ടികളില്ലാതെ ആണ്‍കുട്ടികളോട് സംസാരിക്കാന്‍ തന്നെ കുറേക്കാലം എനിക്കു പേടിയായിരുന്നു.

10 പൂജ കോത്താരി (31) നാഗ്പൂര്‍

ഞാനമ്മയോട് എന്റെ കാര്യങ്ങളെല്ലാം തുറന്നു സംസാരിക്കുമായിരുന്നു. 18ാം വയസായപ്പോള്‍ മുമ്പ് ഞാന്‍ പഠിച്ച ഹൈസ്‌കൂളില്‍ എന്റെ സീനിയറായിരുന്നു ഒരു പയ്യന്‍ എന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തി. ഒരു കോഫി ഷോപ്പിലായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ച.

തിരിച്ചെത്തിയപ്പോള്‍ ഞാനമ്മയോട് ഇക്കാര്യം പറഞ്ഞു. മിണ്ടരുത് മിണ്ടിപ്പോകരുത് എന്നായിരുന്നു അമ്മയുടെ ആദ്യ പ്രതികരണം. അവന്‍ എന്തായാലും ശാരീരികമായി കൂടുതല്‍ കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുമെന്നും അത് നമ്മുടെ കുടുംബം നശിപ്പിക്കുമെന്നുമാണ് അമ്മ പറഞ്ഞത്.

ഞാനതിനെ എതിര്‍ത്തപ്പോള്‍ അമ്മ പറഞ്ഞത് ഞാന്‍ കുടുംബത്തിന്റെ മാനം നോക്കണമായിരുന്നു എന്നാണ്. ബന്ധുക്കളുടെ മുമ്പില്‍ തലകുനിക്കേണ്ടിവരുമെന്നും പറഞ്ഞു.

“അവരൊക്കെ എവിടെയെങ്കിലും വെച്ച് നിങ്ങളെ കാണും. ഇതൊക്കെ മനസിലാക്കും. പിന്നെ നിനക്ക് നല്ലൊരു ചെറുക്കനെ കിട്ടുമോ. നിന്റെ അനിയത്തിമാരുടെ കാര്യം എന്താകും.” എന്നൊക്കെയാണ് അമ്മ പറഞ്ഞത്.