റിയോയിലെ പെണ്‍ (പൊന്‍) പ്രതീക്ഷകള്‍
Daily News
റിയോയിലെ പെണ്‍ (പൊന്‍) പ്രതീക്ഷകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st July 2016, 7:06 pm

കഴിഞ്ഞ തവണ ലണ്ടനിലേക്ക് പോയ ടീമില്‍ പുരുഷന്മാര്‍ക്കായിരുന്നു ആധിപത്യം. ലണ്ടനില്‍ 83 അംഗ ഇന്ത്യന്‍ ടീമില്‍ 23 പേര് മാത്രമാണ് വനിതകളായി ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ അത് അമ്പതിലധികമായി ഉയര്‍ന്നിരിക്കുന്നു. ടീമിലെ സ്ത്രീ പുരുഷ അനുപാതം ഏകദേശം തുല്യമാണ്. അത് കൊണ്ട് തന്നെ പുരുഷന്മാരെ കടത്തി വെട്ടി റിയോയില്‍ വനിതകള്‍ ഇന്ത്യയുടെ മെഡല്‍ നേട്ടത്തില്‍ മേധാവിത്വം നേടിയാല്‍ അദ്ഭുതം കൂറേണ്ടതില്ല. സ്ത്രീ ശാക്തീകരണത്തിനും, പ്രാതിനിധ്യത്തിനും വേണ്ടി മുറവിളി കൂട്ടുന്ന കാലത്താണ് ഇത്തരമൊരു വലിയ സംഘം വനിതകള്‍ പ്രകടന മികവിനാല്‍ ഇന്ത്യന്‍ ടീമിലിടം പിടിച്ചിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.


rio spc fb

vibishറിയോ ടോക്ക്‌സ്‌|വിബീഷ് വിക്രം


പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സെപ്റ്റംബര്‍ പത്തൊമ്പതാം തീയ്യതി. സിഡ്‌നി കണ്‍വെന്‍ഷന്‍ എക്‌സിബിഷന്‍ സെന്ററില്‍ ഒളിമ്പിക്‌സ് വനിതാ ഭാരാദ്വോഹന മത്സരം പുരോഗമിക്കുകയാണ്. അഞ്ചാമത്തെ വെയിറ്റ് കാറ്റഗറിയായ 69 കിലോഗ്രാം മത്സരങ്ങളാണ് പുരോഗമിക്കുന്നത്. ഒളിമ്പിക്‌സില്‍ ആദ്യമായി ഉല്‍പ്പെടുത്തുന്ന വനിതാ ഭാരാദ്വോഹനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു താരവും മത്സര രംഗത്തുണ്ട്. ആന്ധ്രാപ്രേദേശിന്റെ ഉരുക്കു വനിതയെന്ന് അറിയപ്പെടുന്ന കര്‍ണ്ണം മല്ലേശ്വരി. മത്സരം അവസാനിച്ചപ്പോള്‍ മൊത്തം 240 കിലോഗ്രാം ഭാരം ഉയര്‍ത്തിയ ഇന്ത്യന്‍ താരം മെഡല്‍ പട്ടികയിലിടം പിടിച്ചു. ചൈനക്കും ഹംഗറിക്കും പിന്നിലായി ഇന്ത്യന്‍ താരത്തിന് മൂന്നാം സ്ഥാനം. ഒളിമ്പിക്‌സില്‍ വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി കര്‍ണ്ണം മല്ലേശ്വിരി ചരിത്രത്തിലിടം പിടിച്ചു. സമാനതകളില്ലാത്ത നേട്ടം.

km final

പിന്നീട് നടന്ന രണ്ട് ഒളിമ്പിക്‌സുകളിലും മെഡല്‍ പട്ടികയില്‍ ഇന്ത്യ ഇടം കണ്ടെത്തിയെങ്കിലും അതെല്ലാം പുരുഷ അത്‌ലറ്റുകളായിരുന്നു. വീണ്ടുമൊരു ഇന്ത്യന്‍ വനിതാ താരം ഒളിമ്പിക് മെഡല്‍ നേടുന്നത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സിലായിരുന്നു. രണ്ട് തവണ വെറും കയ്യോടെ മടങ്ങേണ്ടി വന്ന ഇന്ത്യന്‍ വനിതകള്‍ ലണ്ടനില്‍ നിന്ന് രണ്ട് വെങ്കല മെഡലുകളുമായാണ് മടങ്ങി പോന്നത്. ബാഡ്മിന്റണില്‍ സൈനാ നേവാളും ബോക്‌സിങ്ങില്‍ മേരി കോമും. രാജ്യത്ത് ഉശിരുള്ള പെണ്‍ പോരാളികളുമുണ്ടെന്ന് വിളിച്ച് പറയുന്ന നേട്ടം. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ വീണ്ടുമൊരു ഒളിമ്പിക്‌സിന് തിരി തെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഇത്തവണ റെക്കോര്‍ഡ് പ്രാതിനിധ്യവുമായാണ് ഇന്ത്യന്‍ ടീം വണ്ടി കയറുന്നത്. നടത്ത മത്സരം മുതല്‍ ഗുസ്തി മത്സരം വരെയുള്ള വ്യത്യസ്തമായ പതിനഞ്ചോളം കായിക ഇനങ്ങളിലായി മത്സരിക്കാനിറങ്ങുന്നത് 120 തിലധികം ഇന്ത്യന്‍ താരങ്ങള്‍. അതില്‍ പകുതിയോളം വനിതാ കായിക താരങ്ങളാണെന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത.

എണ്ണത്തില്‍ തുല്യര്‍

കഴിഞ്ഞ തവണ ലണ്ടനിലേക്ക് പോയ ടീമില്‍ പുരുഷന്മാര്‍ക്കായിരുന്നു ആധിപത്യം. ലണ്ടനില്‍ 83 അംഗ ഇന്ത്യന്‍ ടീമില്‍ 23 പേര് മാത്രമാണ് വനിതകളായി ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ അത് അമ്പതിലധികമായി ഉയര്‍ന്നിരിക്കുന്നു. ടീമിലെ സ്ത്രീ പുരുഷ അനുപാതം ഏകദേശം തുല്യമാണ്. അത് കൊണ്ട് തന്നെ പുരുഷന്മാരെ കടത്തി വെട്ടി റിയോയില്‍ വനിതകള്‍ ഇന്ത്യയുടെ മെഡല്‍ നേട്ടത്തില്‍ മേധാവിത്വം നേടിയാല്‍ അദ്ഭുതം കൂറേണ്ടതില്ല. സ്ത്രീ ശാക്തീകരണത്തിനും, പ്രാതിനിധ്യത്തിനും വേണ്ടി മുറവിളി കൂട്ടുന്ന കാലത്താണ് ഇത്തരമൊരു വലിയ സംഘം വനിതകള്‍ പ്രകടന മികവിനാല്‍ ഇന്ത്യന്‍ ടീമിലിടം പിടിച്ചിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. അതത് ഇനങ്ങളില്‍ നിശ്ചിത യോഗ്യതാ മാനദണഢങ്ങള്‍ മറികടക്കുന്നവര്‍ക്ക് മാത്രമാണ് ഒളിമ്പിക്‌സില്‍ മാാറ്റുരയ്ക്കാനാവുന്നത്. യോഗ്യതാ കടമ്പകള്‍ മറികടന്ന് വലിയൊരു പ്രതിനിധ്യം വനിതകളില്‍ നിന്നുണ്ടാവുന്നു എന്നത് ഇന്ത്യന്‍ കായിക മേഖലയെ സംബന്ധിച്ചടത്തോളം ശുഭ സൂചനയാണ്.

ioteam

ബേബി ജിസ്‌ന

വളരെയധികം വ്യത്യസ്ത സവിശേഷതകള്‍ ഒത്തു ചേരുന്ന ഒരു വനിതാ സംഘമാണ് ഇത്തവണ ഇന്ത്യയുടേത്. അതില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് വരുന്നവരുണ്ട്. വ്യത്യസ്തമാര്‍ന്ന ഇനങ്ങളില്‍ യോഗ്യത നേടിയവരുണ്ട്. അനുഭവസമ്പത്ത് ആവോളമുള്ളവരുണ്ട്. ആദ്യമായി അങ്കം കുറിക്കാന്‍ പോകുന്നവരുണ്ട്. ടീനേജിന്റെ പ്രസരിപ്പ് വിടാത്ത കുട്ടിതാരങ്ങളുണ്ട്. എല്ലാവര്‍ക്കും ഒരേ ലക്ഷ്യം മാത്രം. രാജ്യത്തിന്റെ അഭിമാനമുയര്‍ത്തുന്ന നേട്ടം സ്വന്തമാക്കുക.  ഒരു പക്ഷെ പതിനേഴ് കഴിഞ്ഞ മലയാളി അത്‌ലറ്റ് ജിസ്‌ന മാത്യുവാവും ടീമിലെ ബേബി. 4x 400 മീറ്റര്‍റിലേയിലാണ് ജിസ്‌നയടങ്ങുന്ന ടീം യോഗ്യത നേടിയിരിക്കുന്നത്. ഗോള്‍ഫില്‍ യോഗ്യത നേടിയ അദിതി അശോകിനും ടീനേജ് കഴിഞ്ഞിട്ടില്ല. പതിനെട്ട് വയസ്സ് മാത്രമേ ആയുള്ളൂ അദിതിക്ക്. ടേബിള്‍ ടെന്നീസില്‍ ഒരു കൈ നോക്കാനിറങ്ങുന്ന മൗമ ദാസായിരിക്കും വനിതകളില്‍ ഏറ്റവും പ്രായമുള്ള ആള്‍. എന്ന് പറയുമ്പോ മൗമയ്ക്ക് 40 കഴിഞ്ഞൈന്ന ധരിച്ചെങ്കില്‍ തെറ്റി. 32 വയസ്സേയുള്ളൂ . ടേബിള്‍ ടെന്നീസില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു താരം മാനിക ബത്രയ്ക്ക് പ്രായം 20. പ്രായം ചെറുതാണെങ്കിലും ആളു ചില്ലറക്കാരിയല്ല. ഇൗയിടെ നടന്ന പന്ത്രണ്ടാമത് ദക്ഷിണേഷ്യന്‍ ഗെയിംസില്‍ 3 സ്വര്‍ണ്ണവും ഒരു വെള്ളിയും നേടിയിട്ടുണ്ട് കക്ഷി. ഈയിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത് റിയോയില്‍ നിന്നും വെറും കയ്യോടെ മടങ്ങി വരാന്‍ ഇഷ്ടപ്പെടുന്നില്ല എ്ന്നാണ്. അഞ്ചാം വയസ്സില്‍ ടേബിള്‍ ടെന്നീസ് കളിച്ച താരം ഇത് പറയുമ്പോള്‍ ആ വാക്കുകളില്‍ അല്‍പ്പം പ്രതീക്ഷ വയ്ക്കാം.

manika batrafinal

തീര്‍ത്തും ദരിദ്രമായ സാഹചര്യങ്ങളില്‍ നിന്ന് സ്വപ്രയത്‌നത്താല്‍ ഉയര്‍ന്ന് വന്നൊരു താരവും ഇത്തവണ ഇന്ത്യന്‍ നിരയിലുണ്ട്. ഹോക്കിയില്‍ ടീമിലുള്ള 22 കാരി രേണുകാ യാദവ്. അച്ഛനുമമ്മയും അടുത്ത വീടുകളില്‍ സഹായത്തിന് പോകുമ്പോള്‍ അവരെ സഹായിക്കാനായി പാല്‍ക്കാരിയുടെ റോള്‍ ഏറ്റെടുത്തയാളാണ് രേണുക. ദാരിദ്രത്തെ തോല്‍പ്പിച്ച് കളിമികവ് കൊണ്ട്
റിയോ ടീമിലിടം പിടിച്ചിരിക്കുന്ന രേണുക. 36 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ വനിതാ ടീം ഇത്തവണ ഒളിമ്പിക് കളിക്കാന്‍ യോഗ്യത നേടിയിരിക്കുന്നത്.

ട്രാക്കില്‍ ക്ലിക്കാവോ?

അത്‌ലറ്റിക്‌സില്‍ എക്കാലത്തെയും വലിയ നിരയുമായാണ് ഇത്തവണ റിയോയിലേക്ക് യാത്ര തിരിക്കുന്നത്. അത്‌ലറ്റിക്‌സില്‍ ഇത് വരെ ഇന്ത്യക്ക് മെഡല്‍ നേടാന്‍ സാധിച്ചിട്ടില്ല. 400 മീറ്റര്‍ ഹാര്‍ഡില്‍സില്‍ സെക്കന്റിലെ നൂറിലൊരംശത്തിന് ലോസാഞ്ചല്‍സ് ഒളിമ്പിക്‌സില്‍ നമ്മുടെ സ്വന്തം പി.ടി ഉഷയ്ക്ക് മെഡല്‍ നഷ്ടമായതാണ് ഇപ്പോഴും ഇന്ത്യയുടെ വലിയ നേട്ടം. റിയോയില്‍ അതിനെ മറികടക്കുന്ന പ്രകടത്തോടെ മെഡല്‍നേടാന്‍ പുതിയ തലമുറക്ക് സാധിക്കുമോ?

ലോക താരങ്ങളുടെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ അമിത പ്രതീക്ഷ വച്ച് പുലര്‍ത്തുന്നത് പിന്നീട് നിരാശയ്ക്ക് വഴിവെച്ചേക്കാം. എങ്കിലും പലരും ദേശീയ റെക്കോര്‍ഡിന്റെ പകിട്ടുമായാണ് വണ്ടി കയറുന്നതെന്നത് ശുഭദായകമാണ്. 100, 200, 400, 800 മീറ്ററുകളില്‍ ഇന്ത്യയ്ക്ക ഇത്തവണ മത്സരമുണ്ട്. ഇതില്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ സെമിഫൈനല്‍ വരെ മുന്നേറിയ ഉഷയുടെ ശിഷ്യ ടിന്റു ലൂക്കയില്‍ നിന്നും രാജ്യം മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. സമീപകാല പ്രകടനങ്ങളും അതിന് ആക്കം കൂട്ടുന്നു. ഇത്തവണ ഒളിമ്പിക്‌സിന് ഇന്ത്യയില്‍ നിന്ന് ആദ്യം യോഗ്യത നേടിയ താരങ്ങളിലൊരാള്‍ ടിന്റുവായിരുന്നു. കഴിഞ്ഞ വര്‍ഷം ബീജിംഗില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനത്തോടെയാണ് ടിന്റു ഒളിമ്പിക്‌സ് ബര്‍ത്ത് ഉറപ്പിച്ചത്‌. വനിതകളുടെ 800 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് സ്വന്തം പേരിലുള്ള ടിന്റു ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന അത്‌ലറ്റിക് മീറ്റില്‍ സീസണിലെ മികച്ച പ്രകടനത്തോടെ വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു.

Tintu-luka

ഉഷയ്ക്ക് ശേഷം വനിതകളുടെ 100 മീറ്ററില്‍ ഒളിമ്പിക് .യോഗ്യത കരസ്ഥമാക്കുന്ന ആദ്യ താരമെന്ന ഖ്യാതിയുമായാണ് ദ്യുതി ചന്ദ് മത്സരിക്കാനിറങ്ങുന്നത്. 200 മീറ്ററില്‍ ഷര്‍ബാ നന്ദയും 400 മീറ്ററില്‍ അപ്രതീക്ഷിതമായി ദേശീയ റെക്കോര്‍ഡ് തകര്‍ത്ത പ്രകടനവുമായി യോഗ്യത നേടിയ ഹരിയാന താരം നിര്‍മല ഷെറോണും അത്‌ലറ്റിക് വനിതാ ടീമിലുണ്ട്. പതിനെട്ട് വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് റിയോയിലേക്ക്് ബര്‍ത്ത് ഉറപ്പാക്കിയ ഷോട്ട് പുട്ട താരം മന്‍പ്രീത് കൗറാണ് മറ്റൊരു മെഡല്‍ പ്രതീക്ഷ നല്‍കുന്ന അത്‌ലറ്റ്. കൗറിനൊപ്പം ഡിസ്‌കസ്സില്‍ സീനാ ആന്റിലും ചേരുമ്പോള്‍ ഫീല്‍ഡ് ഇനങ്ങളില്‍ ഇന്ത്യക്കായി ഇറങ്ങുന്ന വനിതകള്‍ രണ്ടായി. മാരത്തണില്‍ മലയാളിയായ ഒ.പി.ജയ്ഷയടക്കം മൂന്ന് താരങ്ങളും നടത്ത മതസരത്തില്‍ 2 പേരും മത്സരിക്കുന്നു.

ഗ്ലാമറസ് എസ് ത്രീ

വനിതാ ടീമിലെ ഗ്ലാമര്‍ താരങ്ങള്‍ ടെന്നീസില്‍ മത്സരിക്കുന്ന സാനിയ മിര്‍സയും ബാഡ്മിന്റണില്‍ മത്സരിക്കാനിറങ്ങുന്ന സൈന നെഹ് വാളും പി.വി.സിന്ധുവുമാണ്. വനിതാ ഡബ്ബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമായ സാനിയ റിയോയില്‍ രണ്ട് ഇനങ്ങളില്‍ മത്സരിക്കുന്നുണ്ട്. വനിതാ ഡബ്ബിള്‍സിലും, മിക്‌സഡ് ഡബ്ബിള്‍സിലും. വനിതാ ഡബ്ബിള്‍സില്‍ പ്രാര്‍ത്ഥനാ തോംബ്രയും മികസഡ് ഡബ്ബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയ്ക്കുമൊപ്പമാണ് സാനിയ മത്സരിക്കുന്നത്.

ലണ്ടന്‍ ഒളിമ്പികിസിലെ വെങ്കല മെഡല്‍ നേട്ടം, ഇത്തവണ സ്വര്‍ണ്ണമാക്കി മാറ്റാന്‍ ഉറച്ചാവും
ബാഡ് മിന്റണില്‍ സൈന ബാറ്റേന്തുന്നത്. മൂന്നാം ഒളിമ്പിക്‌സിനെത്തുന്ന സൈന ജൂണില്‍ സമാപിച്ച ആസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി മികച്ച ഫോമിലാണെന്നതും പ്രതീക്ഷകളെ സജീവമാക്കുന്നു. സൈനയെ കൂടാതെ സിന്ധു സിംഗിള്‍സിലും ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ സംഘ്യം വനിതാ ഡബ്ബിള്‍സിലും ഇന്ത്യക്കായി റിയോയിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ മത്സരിക്കാനിറങ്ങുന്നുണ്ട്.

ssfinal

ആദ്യത്തെ അതിഥി

മെഡല്‍ പ്രതീക്ഷയുള്ള മറ്റൊരു താരം ജിംനാസ്റ്റിക്‌സില്‍ യോഗ്യത നേടിയ ത്രിപുരയില്‍ നിന്നുള്ള 22 കാരി ദീപിക കര്‍മാക്കറാണ്. ഗ്ലാസ്‌കേയില്‍ നടന്ന ജിംനാസ്റ്റിക് ലോക ചാമ്പ്യന്‍ഷിപ്പില്‍ മൊത്തം 52.698 പോയന്റ് നേടി അഞ്ചാമതെത്തിയാണ് ദീപിക ഒളിമ്പിക്‌സ് സാധ്യത ഉറപ്പിച്ചത്. കുറച്ച് കൂടി മെച്ചപ്പെട്ട പ്രകടനം ആവര്‍ത്തിക്കാനായാല്‍ ആദ്യ ഒളിമ്പിക്‌സില്‍ തന്നെ മെഡല്‍ നേടാന്‍ കര്‍മാക്കര്‍ക്കാവും. സമാനമായ സ്ഥിതി വിശേഷമാഢണ് ഗോള്‍ഫിലും. ഗോള്‍ഫ് ആദ്യമായിട്ട ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകളുമായി ഗോള്‍ഫ് കോര്‍ട്ടില്‍ അദിതി അശോക് എന്ന പതിനെട്ടുകാരി ഉണ്ടാവും. ബോക്‌സിങ്ങില്‍ കഴിഞ്ഞ തവണത്തെ വെങ്കല മെഡല്‍ ജേതാവും 5 തവണ ലോക ചാമ്പ്യനായ മേരി കോമിന് യോഗ്യത നേടാന്‍ കഴിയാതെ പോയത് ഞട്ടിച്ചെങ്കിലും ഒരു കൈ നോക്കാന്‍ ഇത്തവണയും ഒരു വനിതയുണ്ട്. സരിതാ ദേവി.

അമ്പ് ലക്ഷ്യം കാണുമോ?

അമ്പെയ്ത്തില്‍ ദീപികാ കുമാരി, ബോംബെയിലാ ദേവി, ലക്ഷ്മീ റാണി മാഞ്ചി എന്നിവര്‍ ടീമിനത്തിലും വ്യക്തി ഗത ഇനത്തിലും ഇന്ത്യയുടെ പ്രതീക്ഷകളാണ്. പ്രത്യേകിച്ച് ദിപിക. കഴിഞ്ഞ തവണ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെങ്കിലും ഇത്തവണ മെച്ചപ്പെട്ട പ്രകടനം ആവര്‍ത്തിക്കാനാവുമെന്നാണ് ദീപികയുടെയും പ്രതീക്ഷ. വനിതകളുടെ റീകര്‍വ്വ് ഇനത്തില്‍ കഴിഞ്ഞ ലോക്കകപ്പില്‍ നിലവിലെ ലോകറെക്കോര്‍ഡിനൊപ്പമെത്തുന്ന പ്രകടനത്തോടെയാണ് ദീപിക റിയോ ബര്‍ത്ത് ഉറപ്പിച്ചത്.

deepika kumari final

 

ഉന്നം പിഴയ്ക്കല്ലേ…!

ഷൂട്ടിങ്ങില്‍ അപൂര്‍വ്വ ചന്ദേലയും അയോണികാ പോളും 10 മീറ്റര്‍ എയര്‍ റൈഫിളില്‍ മത്സരിക്കുന്നു. കഴിഞ്ഞ ഏപ്രിലില്‍ കൊറിയയില്‍ നടന്ന ഐ.എസ്.എസ്.എഫ് ലോകക്കപ്പില്‍ വെങ്കല മെഡല്‍ നേടിയാണ് എഞ്ചിനീയറിംഗില്‍ രണ്ടാം വര്‍ഷ എം.ഇ വിദ്യര്‍ത്ഥിയായ ചന്ദേല യോഗ്യത നേടിയത്. ന്യൂദല്‍ഹിയില്‍ വച്ച് നടന്ന ഏഷ്യാ ക്വാളിഫയിംഗ് റൗണ്ടില്‍ വെള്ളി നേടിയാണ് പോളിന്റെ റിയോ കുതിപ്പ്. മുന്‍ ലോക ഒന്നാം നമ്പര്‍ ഹീന സിന്ദു 10, 20 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ സ്വര്‍ണം നേടിയ സിന്ദുവും ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ്.

ആരാവും സുല്‍ത്താന?

ഗുസ്തിയില്‍ ഇത്തവണ റെക്കോര്‍ഡ് പ്രാതിനിധ്യമാണ്. മൂന്ന പേരാണ് യോഗ്യത നേടിയത്. 53 കിലോഗ്രാാം വനിതാ ഗുസ്തിയില്‍ ബബിതാ കുമാരി, 48 കിലോഗ്രാമില്‍ വിനേഷ് പോഗട്ട്, 58 കിലോഗ്രാമില്‍ സാക്ഷി മാലിക് എന്നിവര്‍. വെയ്റ്റ് ലിഫ്റ്റിംഗില്‍ 21 കാരിയായ മിരാഭായ് ചാനു കൂടി ആവുമ്പോ റിയോയിലെ ഇന്ത്യയുടെ പെണ്‍ പട പൂര്‍ണ്ണം. റെക്കോര്‍ഡ് പെണ്‍ പട മെഡല്‍ കൊയ്ത്തുമായി റിയോയില്‍ നിന്ന് മടങ്ങുമോ? പൊന്‍ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കുമോ ? കാത്തിരിക്കാം