| Sunday, 3rd June 2018, 10:30 am

ഏഷ്യാ കപ്പ് വനിതാ ടി-20: വരവറിയിച്ച് ഇന്ത്യന്‍ വനിതകള്‍; മലേഷ്യയെ 27 റണ്‍സിന് പുറത്താക്കി ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം

സ്പോര്‍ട്സ് ഡെസ്‌ക്

ക്വാലാലംപൂര്‍: ഏഷ്യാ കപ്പ് വനിതാ ടി-20യില്‍ മലേഷ്യക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 142 റണ്‍സിനാണ് ആതിഥേയരെ ഇന്ത്യ തകര്‍ത്തുവിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് പിന്തുടര്‍ന്ന മലേഷ്യ 27 റണ്‍സിന് എല്ലാവരും പുറത്തായി.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ, മിതാലി രാജിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് 169 റണ്‍സ് പടുത്തുയര്‍ത്തിയത്. മിതാലി രാജ് 97 റണ്‍സുമായി പുറത്താകാതെ നിന്നു. 69 പന്തില്‍ 13 ബൗണ്ടറികളും ഒരു സിക്‌സുമടക്കമാണ് മിതാലി 97 റണ്‍സെടുത്തത്. മൂന്നാംവിക്കറ്റില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറുമായി ചേര്‍ന്ന് 86 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ മിതാലി ഇന്ത്യന്‍ ഇന്നിംഗ്‌സിന് അടിത്തറ പാകി.

ഹര്‍മന്‍ 32 റണ്‍സെടുത്ത് പുറത്തായി. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ മലേഷ്യന്‍ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. 13.4 ഓവറില്‍ 27 റണ്‍സിനാണ് മലേഷ്യ പുറത്തായത്. മലേഷ്യയുടെ ടോട്ടലില്‍ 21 റണ്‍സും നേടിയത് ക്യാപ്റ്റന്‍ വിനിഫ്രെഡ് ദുരൈസിംഗമാണ്.

ഇന്ത്യയ്ക്കായി പൂജ വസ്ത്രാക്കര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അനുജ പാട്ടീലും പൂനം യാദവും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

ശ്രീലങ്ക, പാകിസ്ഥാന്‍, തായ്‌ലാന്‍ഡ്, ബംഗ്ലാദേശ് ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന ടൂര്‍ണ്ണമെന്റില്‍ വലിയ മാര്‍ജിനിലുള്ള ഇന്നത്തെ വിജയം ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജ്ജമാകും.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more