| Wednesday, 13th June 2018, 9:53 am

വനിതാ കായികതാരങ്ങള്‍ തലയില്‍ സ്‌കാര്‍ഫ് ധരിക്കണമെന്ന് ഉത്തരവ്; ഇറാനിലെ ഏഷ്യന്‍ കപ്പില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യന്‍ ചെസ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ദല്‍ഹി: ഇറാനില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ചെസ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുന്നതായി ഇന്ത്യന്‍ വനിതാ ചെസ് താരം സൗമ്യ സ്വാമിനാഥന്‍. വനിതാ കായികതാരങ്ങള്‍ തലയില്‍ നിര്‍ബന്ധമായും സ്‌കാര്‍ഫ് ധരിക്കണമെന്ന ഉത്തരവിനെത്തുടര്‍ന്നാണ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്‍മാറുന്നതെന്ന് സൗമ്യ പറഞ്ഞു.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം മത്സരത്തില്‍നിന്ന് പിന്‍മാറുന്ന കാര്യം അറിയിച്ചത്.

” അടുത്ത മാസം മുതല്‍ നടക്കാനിരിക്കുന്ന ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുകയാണെന്ന് വിഷമത്തോടെ നിങ്ങളെ അറിയിക്കട്ടെ. തലയില്‍ സ്‌കാര്‍ഫ് ധരിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് അംഗീകരിക്കാനാവില്ല. ഇറാനിലെ ഈ നിയമം എന്റെ മനുഷ്യാവകാശത്തേയും ആവിഷ്‌കാര സ്വാതന്ത്ര്യത്തേയും ഹനിക്കുന്നതായാണ് അനുഭവപ്പെടുന്നത്. എന്റെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനായി ഇറാനിലേക്കുള്ള യാത്ര ഉപേക്ഷിക്കുകയാണ്.”

ALSO READ:  കോപ്പലാശാന്‍ ഇനി വംഗനാട്ടിലേക്ക്; സ്റ്റീവ് കോപ്പലിനെ എ.ടി.കെ പരിശീലകനാക്കുന്നു

മതപരമായ ഡ്രെസ്‌കോഡ് നിര്‍ബന്ധിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ കായികലോകത്ത് അംഗീകരിക്കാനാകില്ല. കായികതാരങ്ങളുടെ അവകാശങ്ങള്‍ക്ക് വിലകല്‍പ്പിക്കാതിരിക്കുന്നത് വിഷമകരമാണെന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു.

“രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കാനിറങ്ങുക എന്നത് എപ്പോഴും അഭിമാനം പകരുന്ന ഒന്നാണ്. വളരെ പ്രധാനപ്പെട്ട ഒരു ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറേണ്ടി വന്നതില്‍ വിഷമമുണ്ട്.”

2016 ല്‍ ഇന്ത്യന്‍ ഷൂട്ടിംഗ് താരമായ ഹീന സിദ്ധുവും സമാനകാരണങ്ങളുടെ പേരില്‍ ഇറാനില്‍ നടന്ന ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ബഹിഷ്‌കരിച്ചിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more