കൂട്ടത്തോല്‍വി; പെണ്‍പടക്കും രക്ഷയില്ല
Sports News
കൂട്ടത്തോല്‍വി; പെണ്‍പടക്കും രക്ഷയില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 28th December 2023, 10:22 pm

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വുമണ്‍സിന് തോല്‍വി. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യന്‍ പെണ്‍ പട തോല്‍വി വഴങ്ങിയത്.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് ആയിരുന്നു പെണ്‍പട സ്വന്തമാക്കിയത്.

മധ്യനിരയില്‍ ഇറങ്ങിയ ജെമിമ റോഡ്രിഗസ് 77 പന്തില്‍ നിന്നും 82 റണ്‍സ് നേടി മികച്ച പ്രകടനമായിരുന്നു ഇന്ത്യക്ക് വേണ്ടി കാഴ്ചവെച്ചത്. ഏഴു ബൗണ്ടറികള്‍ ആയിരുന്നു താരം അടിച്ചുകൂട്ടിയത്. ഓപ്പണര്‍ യാഷ്ടിക ഭാട്ടിയ 64 പന്തില്‍ ഏഴു ബൗണ്ടറികള്‍ അടക്കം 49 റണ്‍സ് സ്വന്തമാക്കിയിരുന്നു. ഇരുവര്‍ക്കും പുറമേ എട്ടാമതായി ഇറങ്ങിയ പൂജാ വസ്ത്രാകര്‍ 46 പന്തില്‍ രണ്ട് സിക്‌സറുകളും ഏഴ് ബൗണ്ടറികളും അടക്കം 62 റണ്‍സ് നേടി ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയന്‍ വുമണ്‍സിന്റെ ഓപ്പണര്‍ അലീസ ഹീലിയെ രേണുക സിങ് പൂജ്യത്തിനു പുറത്താക്കി മികച്ച തുടക്കം കുറിച്ചു. എന്നാല്‍ ഫോബ് ലിച്ച്ഫീല്‍ഡ് 89 പന്തില്‍ ഒരു സിക്‌സറും എട്ട് ബൗണ്ടറിയും അടക്കം 78 നേടിയപ്പോള്‍ ഇന്ത്യയുടെ ആത്മവിശ്വാസം കെടുകയായിരുന്നു.

തുടര്‍ന്ന് എല്ലിസ് പെറിയും 72 പന്തില്‍ രണ്ട് സിക്‌സറുകളും ഒമ്പത് ബൗണ്ടറുകളും നേടി 75 റണ്‍സ് സ്വന്തമാക്കി മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യന്‍ ബൗളിങ് നിര സമ്മര്‍ദത്തിലാവുകയായിരുന്നു. താലിയ മഗ്രാത് 55 പന്തില്‍ നിന്നും 11 ബൗണ്ടറികള്‍ സ്വന്തമാക്കി 68 റണ്‍സ് നേടിയപ്പോഴേക്കും ഇന്ത്യയുടെ തോല്‍വി അടുത്തു കഴിഞ്ഞു. ശേഷം 46.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് നേടി ഓസ്‌ട്രേലിയന്‍ വനിതകള്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ഇന്ന് കൂട്ട തോല്‍വിയുടെ ദിനമാണ്. ഒരു ഭാഗത്ത് പെണ്‍പട വീണപ്പോള്‍ അങ്ങ് സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യന്‍ പുരുഷന്മാര്‍ക്കും ആദ്യ ടെസ്റ്റില്‍ അടി തെറ്റി. ഇന്നിങ്‌സിലും 32 റണ്‍സിനുമാണ് ഇന്ത്യ സൗത്ത് സൗത്ത് ആഫ്രിക്കയില്‍ തലകുനിച്ചത്.

ആദ്യ ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്കെക്കെതിരെ ഇന്ത്യ 245 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക 408 റണ്‍സ് നേടി 163 റണ്‍സിന്റെ ലീഡ് സ്വന്തമാക്കുകയായിരുന്നു.

എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യക്ക് വെറും 131 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. വമ്പന്‍ ബാറ്റിങ് തകര്‍ച്ചയാണ് ഇന്ത്യയെ തോല്‍വിയില്‍ എത്തിച്ചത്. യശ്വസി ജയ്‌സ്വാള്‍ അഞ്ച് റണ്‍സിന് കടപുഴകിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് എട്ട് പന്ത് കളിച്ച് പൂജ്യം റണ്‍സിന് പുറത്തായി ഏറെ നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്‌സിലും രോഹിത് വെറും അഞ്ച് റണ്‍സിനാണ് പുറത്തായത്. സൗത്ത് ആഫ്രിക്കന്‍ ബൗളിങ്ങില്‍ നാന്ദ്രേ ബര്‍ഗര്‍ നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ കഗീസോ റബാദ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. വെറും ഏഴ് ഓവറില്‍ മാര്‍ക്കോ യാന്‍സണ്‍ മൂന്നു വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു.

Content Highlight: Indian women also lost