| Friday, 25th June 2021, 8:38 pm

കൊവിഡ് ബാധിക്കുമെന്ന പേടിയില്‍ അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം; യു.കെയില്‍ ഇന്ത്യക്കാരിയായ യുവതി കുറ്റം സമ്മതിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: കൊവിഡ് ബാധിക്കുമെന്ന ഭയത്താല്‍ അഞ്ച് വയസ്സുള്ള മകളെ വീട്ടില്‍ വെച്ച് കുത്തിക്കൊന്ന കേസില്‍ യു.കെയില്‍ ഇന്ത്യന്‍ വംശജയായ
യുവതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 30നാണ് സുധ ശിവാനന്ദം എന്ന 36 കാരി മകള്‍ സയാഗിയെ തെക്കന്‍ ലണ്ടനിലെ തങ്ങളുടെ ഫ്ലാറ്റിലെ കിടപ്പുമുറിയില്‍ കുത്തിക്കൊന്നത്. 15 തവണ സുധ മകളെ കത്തി ഉപയോഗിച്ച് കുത്തി എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൊവിഡ് ബാധിച്ച് മരിക്കുമെന്ന് ഭയന്നാണ് തന്റെ അഞ്ച് വയസ്സുള്ള മകളെ വീട്ടില്‍ വെച്ച് കൊന്നതെന്ന് യുവതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം സുധ ശിവാനന്ദം ഒരു വര്‍ഷത്തോളം മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ശിവാനന്ദത്തിന്റെ ഭര്‍ത്താവ് പറഞ്ഞു. 2006 മുതല്‍ യു.കെയില്‍ സ്ഥിരതാമസക്കാരിയാണ് സുധ ശിവാനന്ദം.

അക്രമ ദിവസം ജോലിക്ക് പോകരുതെന്ന് ഭര്‍ത്താവിനോട് പറഞ്ഞ ശേഷമാണ് മകള്‍ സയാഗിയെ സുധ ശിവാനന്ദം കൊലപ്പെടുത്തിയത്. കട്ടിലില്‍ കിടന്ന സയാഗിയുടെ കഴുത്തിലും നെഞ്ചിലും അടിവയറ്റിലും നിരവധി തവണയാണ് സുധ കത്തി ഉപയോഗിച്ച് കുത്തിയത്. പിന്നെ തന്റെ അടിവയറ്റില്‍ സ്വയം കുത്തുകയുമായിരുന്നു,

പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശിവാനന്ദ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് രണ്ട് മാസത്തിലേറെ ചികിത്സ തേടിയിരുന്നു.

അതേസമയം, കൊവിഡ് മൂലമുണ്ടായ സാമൂഹിക ഒറ്റപ്പെടലും സമ്മര്‍ദ്ദവും കാരണമാണ് തന്റെ ഭാര്യ മകളെ കൊന്നതെന്ന് സുധയുടെ ഭര്‍ത്താവ് സുഗന്തന്‍ ശിവാനന്ദം കോടതിയില്‍ പറഞ്ഞു.

കൊലപാതകത്തിന് മുമ്പ് തന്റെ കുടുംബം സന്തോഷകരമായ ജീവിതമാണ് നയിച്ചിരുന്നതെന്നും ഭാര്യ സ്വബോധത്തിലായിരുന്നെങ്കില്‍ അവള്‍ക്ക് തങ്ങളുടെ മകളെ കൊല്ലാന്‍ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതി നിര്‍ദേശ പ്രകാരം മാനസികാരോഗ്യ നിയമത്തിലെ 37, 41 വകുപ്പുകള്‍ പ്രകാരം സുധ ശിവാനന്ദയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Indian woman admits stabbing minor daughter to death at home in UK

We use cookies to give you the best possible experience. Learn more